ഡിസംബര്‍ 05: സിയന്നായിലെ വാഴ്ത്തപ്പെട്ട പീറ്റര്‍

ഇറ്റലിയിലെ സിയന്ന എന്ന സ്ഥലത്ത് ഒരു തൊഴിലാളി കുടുംബത്തിലാണ് പീറ്റര്‍ ജനിച്ചത്. ചെറുപ്പം മുതലേ അദ്ദേഹത്തിന് പ്രാര്‍ത്ഥനയോട് ആഭിമുഖ്യമുണ്ടായിരുന്നു. പീറ്ററിന്റെ തൊഴില്‍ ചീപ്പ് നിര്‍മ്മാണമായിരുന്നു.

പരിഹാരജീവിതത്തോട് താല്‍പര്യം തോന്നിയ പീറ്റര്‍ ഫ്രാന്‍സിസ്‌ക്കന്‍ മൂന്നാം സഭയില്‍ ചേര്‍ന്നു. അദ്ദേഹം നിയമങ്ങള്‍ അസാധാരണമായ തീക്ഷ്ണതയോടെ അനുഷ്ഠിച്ചിരുന്നു. സായാഹ്നത്തില്‍ ഭാര്യയോടൊത്ത് ദീര്‍ഘനേരം പ്രാര്‍ത്ഥിച്ചിരുന്നു. മക്കളില്ലാതിരുന്നതിനാല്‍ ദരിദ്രരെയും രോഗികളെയും മക്കളായി സ്വീകരിച്ച് തങ്ങളുടെ സമ്പാദ്യം മുഴുവന്‍ അവരുമായി പങ്കുവച്ചു. ജോലിക്ക് വീഴ്ച വരുത്താതിരിക്കാന്‍ കൂടുതല്‍ സമയവും രാത്രിയിലാണ് അദ്ദേഹം പ്രാര്‍ത്ഥനയ്ക്കായി ചെലവഴിച്ചത്. പ്രാര്‍ത്ഥനയില്‍ ലയിച്ചിരുന്ന പീറ്ററിന് സ്വര്‍ഗ്ഗീയദര്‍ശനങ്ങള്‍ പലപ്പോഴും ലഭിച്ചിട്ടുണ്ട്.

ദൈവവുമായുള്ള ബന്ധം വര്‍ദ്ധിച്ചപ്പോള്‍ പീറ്റര്‍ ജനസമ്പര്‍ക്കം കുറച്ചു. അത്യാവശ്യത്തിനു മാത്രമാണ് സംസാരിച്ചിരുന്നത്. ഒരിക്കല്‍ അദ്ദേഹം ജീവിതകാലം മുഴുവന്‍ വന്നുപോയ പിഴകളും പാപങ്ങളും കുറിച്ചെടുത്ത് പരസ്യമായി വായിച്ചു. ഉടന്‍ തന്നെ സകലതും ദൈവം പൊറുത്തതിന്റെ സൂചനയായി എല്ലാം മായ്ക്കെപ്പട്ടതായി കണ്ടു.

മുതിര്‍ന്നവര്‍, വൈദികര്‍, സന്യസ്തര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ പീറ്റര്‍ സംസാരിച്ചിരുന്നുള്ളൂ. പീറ്ററിന്റെ ഉപദേശം തേടി അനേകര്‍ അദ്ദേഹത്തിന്റെ പക്കല്‍ വന്നിരുന്നു. പ്രാര്‍ത്ഥനയിലെ വിരസതയ്ക്കു പരിഹാരം തേടിയ ഒരു സന്യാസിയോട് പീറ്റര്‍ പറഞ്ഞത്, “പ്രാര്‍ത്ഥനാസമയം വെട്ടിച്ചുരുക്കരുത്. സ്വീകരിക്കുന്നതിനേക്കാള്‍ ലാഭകരം ക്ഷമയോടെ കാത്തിരിക്കുന്നതാണ്” എന്നായിരുന്നു.

അദ്ദേഹത്തിന്റെ മാതൃകയും ഉപദേശവും അനേകരെ ദൈവസന്നിധിയിലേയ്ക്ക് അടുപ്പിക്കുകയും നിരവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത പീറ്റര്‍ 1269-ല്‍ മരണമടഞ്ഞു.

വിചിന്തനം: നമ്മുടെ ഹൃദയത്തെ സമ്പൂര്‍ണ്ണമായി ദൈവത്തിനു സമര്‍പ്പിച്ചുകൊണ്ട് അതിനെ ഗാഢമായി അവിടുത്തോടു യോജിപ്പിക്കുന്നതിനേക്കാള്‍ പ്രിയങ്കരമായി യാതൊന്നും അവിടുത്തേക്കില്ല.

ഇതരവിശുദ്ധര്‍ : സാബാസ് (439-532)/ബാസ്സിലിസ്സാ (+780)/ ബാസ്സൂസ് (+290) നൈസിലെ മെത്രാന്‍/ക്രിസ്പിനാ (+304) രക്തസാക്ഷി/ കാവര്‍ഡാഫ് (ആറാം നൂറ്റാണ്ട്)/ ഫേമിനൂസ് (ആറാം നൂറ്റാണ്ട്) വെര്‍ദുമിലെ മെത്രാന്‍/ ജെര്‍ബോഡ് (+690) മെത്രാന്‍/നിക്കോളാസ്-ജറുസലേമിലെ ഫ്രാന്‍സീസ്‌ക്കന്‍ രക്തസാക്ഷി/ ജൂലിയസ് (+302)/ അനസ്റ്റാസിയൂസ് റോമന്‍ രക്തസാക്ഷി.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.