ഡിസംബര്‍ 04: വി. ജോണ്‍ ഡമഷീന്‍

പൗരസ്ത്യ സഭാപിതാക്കന്മാരില്‍ അവസാനത്തെ ആളാണ് ജോണ്‍ ഡമഷീന്‍. അദ്ദേഹം സിറിയയിലെ ദമാസ്‌ക്കസില്‍ 676 -ല്‍ ജനിച്ചു. പിതാവ് സിറിയന്‍ കാലിഫിന്റെ ധനകാര്യ നിര്‍വ്വാഹകനായിരുന്നു. പിതാവിന്റെ മരണശേഷം ജോണ്‍ ദമാസ്‌ക്കസിലെ മുഖ്യ കൗണ്‍സിലറായി.

730 -ല്‍ ജോണ്‍, ജറുസലേമിനു സമീപമുള്ള വി. സബാസിന്റെ സന്യാസാശ്രമത്തില്‍ ചേര്‍ന്നു. ജറുസലേം പാത്രീയര്‍ക്കീസില്‍ നിന്ന് അദ്ദേഹം പട്ടം സ്വീകരിച്ചു. ഒരു ദൈവശാസ്ത്രജ്ഞനായി പരിഗണിക്കത്തക്കവിധം നിരവധി ഈടുറ്റ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. ശത്രുക്കള്‍ തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമായി, മന്ത്രിയായിരുന്ന ജോണിന്റെ വലതുകരം കാലിഫ് വെട്ടി തെരുവിന്റെ മധ്യേ കഴുമരത്തില്‍ കെട്ടിത്തൂക്കിയിട്ടു. രാജാനുമതിയോടു കൂടി ജോണ്‍ ആ കൈയ്യും കൊണ്ട് ദൈവമാതാവിന്റെ ദൈവാലയത്തിലെത്തി ദിവ്യകാരുണ്യ സന്നിധിയില്‍ പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനാനന്തരം മുറിഞ്ഞ കൈ ചേര്‍ത്തുപിടിച്ചപ്പോള്‍ അത്ഭുതകരമായി ഒട്ടിച്ചേര്‍ന്ന് സുഖം പ്രാപിച്ചതായി പറയപ്പെടുന്നു.

അത്ഭുതവാര്‍ത്ത അറിഞ്ഞ കാലിഫ്, ഫാ. ജോണിനെ വിളിച്ച് മാപ്പ് അപേക്ഷിക്കുകയും എന്തെങ്കിലും ആനുകൂല്യമായി ചോദിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. മന്ത്രിസ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്നു മാത്രമാണ് അദ്ദേഹം ആവശ്യപ്പെട്ടത്‌.

“അറിവിന്റെ ഉറവിടം” എന്നുള്ളതാണ് ജോണിന്റെ സുപ്രധാന കൃതി. 749 -ല്‍ അദ്ദേഹം നിര്യാതനായി.

വിചിന്തനം: ഏതെങ്കിലും തെറ്റില്‍ വീണാല്‍ എളിമയും ക്ഷമയും അഭ്യസിക്കുക. സ്‌നേഹത്തോടും ശരണത്തോടും കൂടെ വേഗം ദൈവത്തിലേയ്ക്ക് പിന്തിരിയുക.

ഇതരവിശുദ്ധര്‍ : അഡാ (ഏഴാം നൂറ്റാണ്ട്) അന്നോ (1010-1075) കൊളോണിലെ മെത്രാന്‍/ബെര്‍ടോവാറാ (+614)/ അലക്‌സാണ്ട്രിയായിലെ ക്ലമന്റ് (150-217)/ ഫ്രാന്‍സീസ് ഗാല്‍വെസ് (+1623) ജപ്പാനിലെ രക്തസാക്ഷി/ ഓസ്മുന്ത് (+1099) മെലിറ്റീയൂസ് (+295) പോന്ദൂസിലെ മെത്രാന്‍/ ജിയോവാനി (1873-1954)/ ഫെലിക്‌സ് (+492) ബോളോഞ്ഞോയിലെ മെത്രാന്‍

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.