ഡിസംബര്‍ 02: വി. ബിബിയാനാ

ഉത്തമ ക്രൈസ്തവ വിശ്വാസം നയിച്ച ദമ്പതികളായിരുന്നു റോമന്‍ യോദ്ധാവായ ഫ്‌ളാവിയനും സഫ്രോസായും. ഇവരുടെ മകളാണ് ബിബിയാന. മാതാപിതാക്കളുടെ മാതൃക ബിബിയാനായേയും സഹോദരിയേയും ക്രൈസ്തവ വിശ്വാസത്തില്‍ അടിയുറച്ചു നിറുത്തി.

ഈ കാലഘട്ടത്തില്‍ റോമാ ഭരിച്ചിരുന്നത് മതത്യാഗിയായ ജൂലിയന്‍ ചക്രവര്‍ത്തിയായിരുന്നു. അദ്ദേഹം റോമിലെ ഗവര്‍ണറായി അപോന്നിയാസൂസിനെ നിയമിച്ചു. ഉദ്യോഗം ഏറ്റെടുക്കാന്‍ വരും വഴി ഒരു അപകടത്തില്‍ അദ്ദേഹത്തിന്റെ ഒരു കണ്ണ് നഷ്ടപ്പെട്ടു. ഇത് ക്രിസ്ത്യാനികളുടെ മന്ത്രവാദം നിമിത്തമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. തല്‍ഫലമായി ക്രൈസ്തവ മതവിശ്വാസികളെ അദ്ദേഹം ക്രൂരമായി പീഡിപ്പിച്ചു.

അധികം വൈകാതെ ഫ്‌ളാവിനെയും കുടുംബത്തെയും പടയാളികള്‍ ഗവര്‍ണര്‍ക്കു മുന്നില്‍ ഹാജരാക്കി. ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാന്‍ കൂട്ടാക്കാത്തതിനാല്‍ ഫ്‌ളാവിയനെയും ഭാര്യയെയും നാടു കടത്തുകയും അവിടെ വച്ചു വധിക്കുകയും ചെയ്തു. കൂടാതെ, അവരുടെ വസ്തുവകകളെല്ലാം കണ്ടുകെട്ടുകയും ചെയ്തു. അതിനാല്‍ ഭീകരമായ ദാരിദ്ര്യത്തില്‍ കഴിയാന്‍ ബിബിയാനയും സഹോദരിയും നിര്‍ബന്ധിതരായി. ഇത് ഇവരുടെ വിശ്വാസത്തെ ക്ഷയിപ്പിക്കും എന്നായിരുന്നു ഗവര്‍ണര്‍ കരുതിയത്.

അഞ്ചു മാസങ്ങള്‍ക്കു ശേഷം ബിബിയാനായും സഹോദരിയും ഗവര്‍ണര്‍ക്കു മുന്നില്‍ ഹാജരാക്കപ്പെട്ടു. എന്നാല്‍ അവര്‍ തങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചുനിന്നു. ബിബിയാനായുടെ സഹോദരി ദെമെത്രിയാ തന്റെ വിശ്വാസം ഏറ്റുപറഞ്ഞ ശേഷം അവിടെ വീണു മരിച്ചു. ബിബിയാനായെ വിശ്വാസത്തില്‍ നിന്നും വ്യതിചലിപ്പിക്കുന്നതിനായി റുഫീനാ എന്ന ദുഷ്ടയായ സ്ത്രീക്ക് ഏല്പിച്ചുകൊടുത്തു. അവള്‍ പലവിധ പ്രലോഭനങ്ങളും മന്ത്രവാദങ്ങളും വഴി ബിബിയാനയെ വശീകരിച്ചു കൊണ്ടിരുന്നു. എന്നാല്‍ ഇതൊന്നും അവളെ തന്റെ വിശ്വാസത്തില്‍ നിന്നും വ്യതിചലിപ്പിക്കുന്നില്ലായെന്നു കണ്ടതോടെ അവര്‍ വിശുദ്ധയെ ക്രൂരമായി പീഡിപ്പിക്കുവാന്‍ ആരംഭിച്ചു. അവസാനം അധികാരിയുടെ കല്പനയനുസരിച്ച് ബിബിയാനയെ ഒരു തൂണില്‍ കെട്ടിയിട്ട് അടിച്ചു കൊന്നു. 363 -ലായിരുന്നു ബിബിയാനായുടെ രക്തസാക്ഷിത്വം.

വിചിന്തനം: നമ്മള്‍ എന്തായിരുന്നു എന്നത് അവിടുന്ന് മറക്കുന്നു. ഇപ്പോള്‍ നാം എന്താണ് എന്നതാണ് നിത്യസൗഭാഗ്യത്തിന് നമ്മെ അര്‍ഹരാക്കിത്തീര്‍ക്കുന്നത്.

ഇതരവിശുദ്ധര്‍ : ക്രോമാസിയൂസ് (+480) അക്വിലെയായിലെ മെത്രാന്‍/ എവുസേബിയൂസും കൂട്ടരും (254-259) റോമന്‍ രക്തസാക്ഷികള്‍/ പോണ്‍ഷിയാനും കൂട്ടരും (+259) രക്തസാക്ഷികള്‍/ വെറോണയിലെ ലൂപ്പസ്-വെറോണയിലെ മെത്രാന്‍/ ഇവാസിയൂസ് ബ്രേഷ്യായിലെ മെത്രാന്‍/ വാ. ഇവാന്‍ (1896-1973)

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.