ആഗസ്റ്റ് 31: വിശുദ്ധ അയ്ദാന്‍

634-ല്‍ നോര്‍ത്തംബ്രിയായിലെ രാജാവായി വാഴ്ചയേറ്റ വി. ഓസ്വാള്‍ഡ്, തന്റെ രാജ്യത്തിലെ വിഗ്രഹാരാധകരുടെ മാനസാന്തരത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ ഒരാളെ കൊടുക്കണമെന്ന് അയോണായിലെ സന്യാസിമാരോട് ആവശ്യപ്പെട്ടു. അതനുസരിച്ച് അയോണായില്‍ നിന്നും വന്ന സന്യാസിയാണ് അയ്ദാന്‍.

അയര്‍ലണ്ടില്‍ ജനിക്കുകയും വി. സെനന്റെ കീഴില്‍ ആദ്ധ്യാത്മിക പരിശീലനം നേടിയതിനുശേഷം അയോണായിലെ സന്യാസ സഭയില്‍ അംഗത്വം വരിക്കുകയും ചെയ്തു എന്നതൊഴികെ അയ്ദാന്റെ പൂര്‍വ്വകാലത്തെ സംബന്ധിച്ച് മറ്റൊന്നും അറിയാനായിട്ടില്ല.

ഓസ്വാള്‍ഡ് അയ്ദാനെ സ്വീകരിച്ച് ലിന്‍ഡിസ്ഫാന്‍ രൂപത കേന്ദ്രമാക്കി നാട്ടിലുടനീളം പ്രേഷിതപ്രവര്‍ത്തനങ്ങള്‍ സമാരംഭിക്കുവാന്‍ ചുമതലപ്പെടുത്തി. ഭക്തി, വിനയം, സഹിഷ്ണുത മുതലായ വിശിഷ്ടഗുണങ്ങളാല്‍ ധന്യനായിരുന്നതുകൊണ്ട് ക്ലേശകരമായ തന്റെ പ്രേഷിതയത്നങ്ങളിലെല്ലാം അയ്ദാന്‍ പ്രശസ്തമായ നേട്ടങ്ങള്‍ കൈവരുത്തി.

സ്‌നേഹം, ജീവകാരുണ്യം എന്നീ അതിവിശിഷ്ട ക്രൈസ്തവധര്‍മ്മങ്ങള്‍ക്ക് സ്വജീവിതം തന്നെ ഉത്തമ മാതൃകയാക്കിത്തീര്‍ത്ത അയ്ദാന്‍, വിഗ്രഹാരാധകരായ ജനങ്ങളുള്‍പ്പെടെ സകലര്‍ക്കും പ്രിയങ്കരനും അനുകരണീയനുമായിത്തീര്‍ന്നു. അന്ത്യം വരെ ലിന്‍ഡിസ്ഫാണ്‍ ദ്വീപ് തന്നെയായിരുന്നു അയ്ദാന്റെ പ്രവര്‍ത്തനകേന്ദ്രം. നാടിന്റെ മുഖച്ഛായ തന്നെ മാറ്റിയെടുക്കുവാന്‍ പോന്ന ആദ്ധ്യാത്മികശക്തിയുടെ പ്രഭവസ്ഥാനമായിത്തീര്‍ന്നതുകൊണ്ട് ആ ദ്വീപ് ഇംഗ്ലീഷ് അയോണാ എന്നു വിശേഷിപ്പിക്കപ്പെടുകയുണ്ടായി.

കാലോചിതമായ വിദ്യാഭ്യാസം വഴിയായിട്ടാണ് അധഃസ്ഥിതര്‍ക്കും അടിമകള്‍ക്കും അയ്ദാന്‍ വിമോചനത്തിന്റെ സന്ദേശം നല്‍കിയത്. ആശ്രമങ്ങളിലും വിദ്യാലയങ്ങളിലും അവരുടെ കുട്ടികളെ ധാരാളമായി ചേര്‍ത്ത് വിദ്യ അഭ്യസിപ്പിച്ചു. ഉദാരമനസ്‌കരില്‍ നിന്ന് തനിക്ക് കിട്ടിക്കൊണ്ടിരുന്ന ദാനധര്‍മ്മങ്ങള്‍ മുഴുവന്‍ ആ കുട്ടികളുടെ ജീവിതാവശ്യങ്ങള്‍ക്കുവേണ്ടി ചെലവാക്കി. വി. ഓസ്വാള്‍ഡ് രാജാവ് അയ്ദാനു നല്കിയ സഹായസഹകരണങ്ങള്‍ പ്രസ്തുത പദ്ധതികളുടെ വിജയപ്രദമായ നിര്‍വ്വഹണത്തിന് ഏറെ സഹായകമായി തീര്‍ന്നു. അവിടെ വച്ച് അദ്ദേഹം 651-ല്‍ മരണമടഞ്ഞു.

വിചിന്തനം: ”ഈ നിമിഷം എനിക്ക് ഏറ്റവും യോജിച്ച കാര്യം ഇതാണ് എന്ന ഭാവത്തോടെ വേണം ദൈവം അനുവദിച്ച പ്രതിബന്ധങ്ങളെ ജീവിതത്തിലേയ്ക്കു സ്വാഗതം ചെയ്യാന്‍.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.