ആഗസ്റ്റ് 28: വി. അഗസ്റ്റിന്‍

ദൈവശാസ്ത്രജ്ഞന്മാരുടെ ദൈവശാസ്ത്രജ്ഞനെന്നും വേദപാരംഗതരുടെ വേദപാരംഗതനെന്നും അറിയപ്പെടുന്ന വി. അഗസ്റ്റിന്‍ ആഫ്രിക്കയിലെ തഗാസ്‌തെ എന്ന പട്ടണത്തില്‍ 354-ലാണ് ജനിച്ചത്. വിശുദ്ധന്റെ പിതാവ് ഒരു അക്രൈസ്തവനും മാതാവ്, വി. മോനിക്കാ ഒരു ഉത്തമ ക്രിസ്തുമത വിശ്വാസിയുമായിരുന്നു.

ഭക്തയായ മോനിക്കാ അഗസ്റ്റിനെ ചെറുപ്പം മുതല്‌ക്കേ വിശുദ്ധിയിലും ദൈവസ്‌നേഹത്തിലും വളര്‍ത്തുവാന്‍ ആവുന്നതു ശ്രമിച്ചു. പക്ഷേ, നിഷ്‌കളങ്കതയുടെ കാലമെന്നു പറയപ്പെടുന്ന കുട്ടിക്കാലത്തു തന്നെ ദൈവേഷ്ടത്തിനു വിരുദ്ധമായവ പ്രവര്‍ത്തിക്കുന്നതിലാണ് അഗസ്റ്റിന്‍ ശ്രദ്ധിച്ചത്. അഗസ്റ്റിന് പതിമൂന്നു വയസായപ്പോള്‍ ഉപരിപഠനാര്‍ത്ഥം മദാവുര എന്ന സ്ഥലത്തേക്കയക്കപ്പെട്ടു. അതിബുദ്ധിമാനായിരുന്ന അദ്ദേഹത്തിന് വെറും പതിനേഴു വയസുള്ളപ്പോള്‍ കത്തേജിലെ വിദ്യാമന്ദിരത്തില്‍ പ്രവേശനം ലഭിച്ചു.

ഏതാണ്ട് ഈ കാലഘട്ടത്തിലാണ് അദ്ദേഹത്തിന്റെ പിതാവ് ക്രൈസ്തവ വിശ്വാസിയായതും മരണമടഞ്ഞതും. ഇതോടെ അഗസ്റ്റിന്റെ ഭാവിയെപ്പറ്റിയുള്ള മോനിക്കായുടെ ഉത്കണ് വര്‍ദ്ധിച്ചു. കാരണം, അവളുടെ മറ്റു രണ്ടു മക്കളും തങ്ങളുടെ സുകൃതിയായ മാതാവിന്റെ പാത പിന്തുടരുന്നുണ്ടായിരുന്നെങ്കിലും അഗസ്റ്റിന്‍ സന്മാര്‍ഗത്തില്‍ നിന്ന് വളരെയധികം വ്യതിചലിച്ചാണു നടന്നിരുന്നത്. അധികം താമസിക്കാതെ അഗസ്റ്റിന്‍ ഏറ്റം പരിതാപകരമായ നിലയിലേയ്ക്ക് അധഃപതിച്ചു. അശുദ്ധപാപങ്ങളില്‍ മുഴുകിയ അദ്ദേഹത്തിന് വിവാഹം കഴിക്കാതെ ഒരു കുട്ടിയും ജനിച്ചു. പിന്നീടുള്ള ഒമ്പതു വര്‍ഷം അഗസ്റ്റിന്‍ മാനിക്കേയന്‍ പാഷണ്ഡത പ്രചരിപ്പിക്കുവാന്‍ പരിശ്രമിച്ചുകൊണ്ടിരുന്നു.

ഒരു അദ്ധ്യാപകനായി ജോലി നോക്കിയിരുന്ന അദ്ദേഹം ഈ അവസരത്തില്‍ ശ്രേയസ്‌കരമായ ഒരു ജീവിതം ആഗ്രഹിച്ച് റോമിലേയ്ക്കു പോകാന്‍ തീരുമാനിച്ചു. അവിടെ വച്ചാണ് അദ്ദേഹം വി. അംബ്രോസിനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ പ്രസംഗവും മോനിക്കായുടെ നിരന്തര പ്രാര്‍ത്ഥനയും അഗസ്റ്റിന്റെ മനസിനെ പിടിച്ചുകുലുക്കി. ഒരിക്കല്‍ അസ്വസ്ഥനായി ഒരു പൂന്തോട്ടത്തിലിരുന്ന അദ്ദേഹത്തോട് എവിടെ നിന്നോ വന്ന ഒരു സ്വരം പറഞ്ഞു: “എടുത്തു വായിക്കുക, എടുത്തു വായിക്കുക.” ഉടന്‍തന്നെ അദ്ദേഹം തന്റെ അടുത്തിരുന്ന വേദപുസ്തകം തുറന്നു വായിച്ചു. “രാത്രി അവസാനച്ചു. പകല്‍ സമീപിക്കാറായി…” (റോമ. 13:12-14) അതോടെ അഗസ്റ്റിന്റെ മാനസാന്തരം പൂര്‍ത്തിയായി.

387-ലെ ഉയിര്‍പ്പു തിരുനാളില്‍ അഗസ്റ്റിന്‍ വി. അംബ്രോസില്‍ നിന്ന് ജ്ഞാനസ്‌നാനം സ്വീകരിച്ചു. 390-ല്‍ അദ്ദേഹം വൈദികനായി. 395-ല്‍ അഗസ്റ്റിന്‍ ഹിപ്പോ രൂപതയുടെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. ഈ പരിപാവനമായ പദവി സ്വീകരിക്കുവാന്‍ ആദ്യം വിശുദ്ധന്‍ ധൈര്യപ്പെട്ടില്ല. എന്നാല്‍ ഹിപ്പോനിവാസികളുടെ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം അവസാനം സമ്മതിക്കുകയാണുണ്ടായത്.

ഏറെ സമയവും ഗ്രന്ഥരചനയ്ക്കായി ഉപയോഗിച്ച അഗസ്റ്റിന്‍, ഏകദേശം 103-ഓളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. കത്തോലിക്കാ തത്വങ്ങളോട് എതിര്‍ത്ത പാഷണ്ഡശക്തികളോട് ഇത്രയേറെ ധീരമായി പോരാടിയ മറ്റൊരാള്‍ തിരുസഭയിലുണ്ടാവില്ലാ എന്നാണ് അഗസ്റ്റിെക്കുറിച്ച് പൊതുവേ പറയപ്പെടുന്നത്. അഗസ്റ്റിന്‍ രചിച്ചിട്ടുള്ള ദൈവശാസ്ത്രപരവും ആദ്ധ്യാത്മികവുമായ കൃതികള്‍ തിരുസഭാമാതാവിന്റെ സാഹിത്യഭണ്ഡാരത്തില്‍ അമൂല്യനിക്ഷേപങ്ങളായി ഇന്നും പരിശോഭിക്കുന്നു.

430 ആഗസ്റ്റ് 28-ാം തീയതി ഇഹലോകവാസം വെടിഞ്ഞ് നിത്യസമ്മാനത്തിനായി സ്വര്‍ഗത്തിലേയ്ക്കു യാത്രയായി.

എഡ്മണ്ട് ആരോസ്മിത്ത്

എഡ്മണ്ട് 1585-ല്‍ സെയിന്റ് ഹെലേനാ ദ്വീപിനു സമീപമുള്ള ഹേഡോക്കില്‍ ജനിച്ചു. പിതാവ് മരിച്ചതിനുശേഷം എഡ്മണ്ടിനെ ഒരു വൃദ്ധവൈദികനാണു വളര്‍ത്തിയത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1605 ഡിസംബറില്‍ എഡ്മണ്ട് വൈദിക വിദ്യാഭ്യാസത്തിനുവേണ്ടി നാടുവിട്ട് ദുവായിലേയ്ക്കു പോയി. ഇടയ്ക്ക് അനാരോഗ്യം നിമിത്തം പഠനം മുടങ്ങിയതുകൊണ്ട് 1612-നു ശേഷമാണ് പൗരോഹിത്യം സ്വീകരിച്ചത്. 1613-ല്‍ ലങ്കാഷയറിലേയ്ക്കു നിയോഗിക്കപ്പെട്ടു. പത്തുവര്‍ഷം അവിടെ മിഷ്യന്‍ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി.

പിന്നീട് അദേഹം ജസ്വീറ്റ് സഭയില്‍ അംഗമായി ചേരുകയും വര്‍ദ്ധിതോന്മേഷത്തോടുകൂടി പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്തു. 1628-ല്‍ ലങ്കാസ്റ്ററില്‍ വച്ച് അദ്ദേഹം വിചാരണയ്ക്കു വിധേയനായി. ക്രിസ്തീയപുരോഹിതന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ട് പ്രോട്ടസ്റ്റന്റ് പക്ഷക്കാരെ കത്തോലിക്കാ വിശ്വാസത്തിലേയ്ക്ക് ആനയിക്കുവാന്‍ ശ്രമിച്ചുവെന്ന കുറ്റമാണ് അധികാരികള്‍ അദ്ദേഹത്തിന്റെമേല്‍ ആരോപിച്ചത്. തുടര്‍ന്ന് എഡ്മണ്ടിനെ മജിസ്‌ട്രേറ്റ് മരണത്തിനു വിധിച്ചു.

വിചിന്തനം: “കര്‍ത്താവേ അങ്ങേയ്ക്കായി എന്നെ സൃഷ്ടിച്ചു. അങ്ങില്‍ സമാശ്വസിക്കുന്നതുവരെ എന്റെ ഹൃദയം അസ്വസ്ഥമായിരിക്കും.”

ഇതരവിശുദ്ധര്‍: മോസ്സസ്സ് (എത്യോപ്പന്‍) (330-405) ആഫ്രിക്ക മധ്യസ്ഥന്‍/ വിവിയന്‍ (+460) ബിഷപ്പ്/ ഗോര്‍മാന്‍ (+965) ബിഷപ്പ് / പെലാജിയൂസ് (270-283) രക്തസാക്ഷി/ ഹെര്‍മസ് (+120) മാര്‍മി റോണ്‍സ്/ അലക്‌സാണ്ടര്‍ ബിഷപ്പ്(+340)/ ഫോര്‍ട്ടുനാത്തൂസ് (+309) രക്തസാക്ഷി/ ഫെക്കുന്തിയൂസ് ബിഷപ്പ്/ ജൂലിയന്‍(+304)രക്തസാക്ഷി/ റംവാള്‍ഡ് (+650).

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.