ആഗസ്റ്റ് 27: വി. മോനിക്കാ

തിരുസഭയിലെ മഹാനായ വേദപാരംഗതന്‍ എന്നറിയപ്പെടുന്ന വി. അഗസ്റ്റിന്റെ മാതാവാണ് വി. മോനിക്ക. ആഫ്രിക്കയിലെ കാര്‍ത്തേജില്‍ 332-ലാണ് മോനിക്കാ ജനിച്ചത്. ക്രൈസ്തവവിശ്വാസത്തില്‍ വളര്‍ത്തപ്പെട്ട മോനിക്കാ ചെറുപ്പത്തില്‍ തന്നെ ചെറിയ ആശാനിഗ്രഹങ്ങള്‍ വഴി സുകൃതങ്ങള്‍ അഭ്യസിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

മോനിക്കായ്ക്ക് പ്രായപൂര്‍ത്തിയായ ഉടന്‍ മാതാപിതാക്കന്മാര്‍ വിശുദ്ധയെ സ്ഥലത്തെ സമ്പന്നനായ പാട്രീഷ്യയസിന് വിവാഹം ചെയ്തുകൊടുത്തു. അദ്ദേഹം നീതിനിഷ്ഠനായിരുന്നെങ്കിലും മുന്‍കോപിയും വിജാതീയനുമായിരുന്നു. അതിനാല്‍ മോനിക്കായ്ക്ക് വളരെയേറെ കഷ്ടതകള്‍ സഹിക്കേണ്ടതായി വന്നിട്ടുണ്ട്. എന്നാല്‍, അതിലുമധികം വിഷമതകള്‍ മോനിക്കായ്ക്ക് നേരിടേണ്ടിവന്നത്, അസൂയാലുവും അനാവശ്യകാര്യങ്ങളില്‍ ഇടപെടുന്നവളുമായ തന്റെ ഭര്‍തൃമാതാവില്‍ നിന്നായിരുന്നു. എങ്കിലും ഈ വിഷമതകളെല്ലാം സൗമ്യതയോടെ അവള്‍ തരണം ചെയ്തു.

വിജാതീയനും കോപിഷ്ഠനുമായ തന്റെ ഭര്‍ത്താവിനെ ദൈവത്തിങ്കലേയ്ക്ക് ആനയിക്കുകയെന്ന ലക്ഷ്യത്തോടെ അവള്‍ പരിശ്രമിക്കുവാന്‍ തുടങ്ങി. മോനിക്കായുടെ നിരന്തരമായ പ്രാര്‍ത്ഥനയും ക്ഷമയും വഴി 370-ല്‍ പട്രീഷിയസ് ജ്ഞാനസ്‌നാനം സ്വീകരിച്ചു; അടുത്തവര്‍ഷം അദ്ദേഹം മരിക്കുകയും ചെയ്തു. അവരുടെ ദാമ്പത്യത്തില്‍ മൂന്നു മക്കളെയാണ് ദൈവം നല്‍കിയത്. അതില്‍ മൂത്ത ആളാണ് അഗസ്റ്റിന്‍.

തന്റെ മക്കളെ ക്രൈസ്തവ വിശ്വാസത്തിലും വിശുദ്ധിയിലും വളര്‍ത്തുവാന്‍ മോനിക്കാ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതിബുദ്ധിമാനായ തന്റെ മൂത്തപുത്രന്‍ അഗസ്റ്റിന്‍, ഒരു ക്രൈസ്തവ വിശ്വാസിയും മഹാപണ്ഡിനായിത്തീരണമെന്ന് ന്യായമായും അവള്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, പതിനേഴാമത്തെ വയസില്‍ കാര്‍ത്തേജില്‍ വിദ്യാഭ്യാസത്തിനായി പോയ അഗസ്റ്റിന്‍ മാനിക്കേയന്‍ പാഷണ്ഡതകളില്‍ ആകൃഷ്ടനാവുകയും വിഷയാസക്തികള്‍ക്ക് വിധേയനാവുകയും ചെയ്തു.

അന്നുമുതല്‍ അഗസ്റ്റിന്റെ മാനസാന്തരം വരെ മോനിക്കായുടെ കണ്ണീര്‍ തോര്‍ന്നിട്ടില്ല. പല വൈദികരും മെത്രാന്മാരും അദ്ദേഹത്തെ ഉപദേശിച്ചു. പക്ഷേ, അതൊന്നും അഗസ്റ്റിനെ ലേശവും കുലുക്കിയില്ല. മകനെയോര്‍ത്ത് വിലപിച്ചിരുന്ന മോനിക്കായോട് ഒരു മെത്രാന്‍ ഒരിക്കല്‍ ഇപ്രകാരം പറഞ്ഞു: ”നീ ചെയ്യുന്നതുപോലെ തുടരുക. ഇത്രയേറെ കണ്ണീരിന്റെ മകന്‍ നശിക്കുക അസാദ്ധ്യമാണ്.”

അഗസ്റ്റിന്റെ മാനസാന്തരത്തിനുവേണ്ടിയുള്ള മോനിക്കായുടെ ദീര്‍ഘകാലത്തെ അനുസ്യൂതമായ പ്രാര്‍ത്ഥനകളും കഷ്ടതകളും അവസാനം ദൈവം കൈക്കൊണ്ടു. തന്റെ തെറ്റുകള്‍ മനസിലാക്കി പശ്ചാത്തപിച്ചു മാനസാന്തരപ്പെട്ട അഗസ്റ്റിന്‍, ജ്ഞാനസ്‌നാനം സ്വീകരിക്കുകയും പിന്നീട് മെത്രാനായി അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു. അഗസ്റ്റിന്‍ തന്റെ ആത്മകഥയില്‍ പ്രിയമാതാവിനെക്കുറിച്ച് ഇപ്രകാരം എഴുതിയിരിക്കുന്നു: ”ഇതര മാതാക്കള്‍ തങ്ങളുടെ സന്താനങ്ങളുടെ മൃതശരീരങ്ങള്‍ കണ്ടു കണ്ണുനീര്‍ പൊഴിക്കുന്നതിലധികമായി എന്റെ തെറ്റുകള്‍ കണ്ട് അമ്മ വിലപിച്ചിരുന്നു.”

അഗസ്റ്റിനൊപ്പം ആഫ്രിക്കയിലേയ്ക്കു പോകാനൊരുങ്ങിയിരുന്ന വിശുദ്ധ, ഓസ്റ്റിയായില്‍ വച്ച് രോഗബാധിതയാവുകയും അല്പനാളുകള്‍ക്കുള്ളില്‍ മരണമടയുകയും ചെയ്തു. വിശുദ്ധ മരിക്കുന്നതിനുമുമ്പ് മക്കളോട് ഇങ്ങനെ പറഞ്ഞിരുന്നു: ”എന്റെ മൃതശരീരം നിങ്ങള്‍ക്കിഷ്ടമുള്ളിടത്ത് സംസ്‌കരിച്ചുകൊള്ളുക. പക്ഷേ, നിങ്ങള്‍ എവിടെ ആയിരുന്നാലും ബലിപീഠത്തില്‍ എന്നെയും അനുസ്മരിക്കുവിന്‍.”

വി. കേസറിയൂസ്

കേസറിയൂസ് 470-ല്‍ ഗോളിലെ ചാലണ്‍ പ്രവിശ്യയില്‍ ജനിച്ചു. ഉത്തമവിദ്യാഭ്യാസം നേടിയ അദ്ദേഹം പതിനെട്ടാമത്തെ വയസ്സില്‍ സഭാസേവനത്തിനായി സ്വയം സമര്‍പ്പിച്ചു. ലേറിന്‍സിലെ ഒരു സന്യാസാശ്രമമാണ് അദ്ദേഹം തന്റെ പ്രവര്‍ത്തനരംഗമായി തിരഞ്ഞെടുത്ത്. ആദ്യം അവിടത്തെ ഭണ്ഡാരകാര്യ വിചാരകനായി ജോലി ചെയ്തു. പിന്നീട് കേസറിയൂസ് ഗോളിലെ മെത്രാനായി അഭിഷിക്തനായി. അപ്പോള്‍ അദ്ദേഹത്തിന് 38 വയസു പ്രായമായിരുന്നു.

വിചിന്തനം: ”ദൈവശുശ്രൂഷയിലും ആത്മാര്‍ത്ഥതയിലുമുള്ള നമ്മുടെ ഹൃദയത്തിന്റെ അസ്ഥിരത മാറ്റണമെങ്കില്‍, നമ്മെ വിശ്വസിച്ച് പൂര്‍ണ്ണമായി ദൈവത്തില്‍ ശരണം വയ്ക്കുക.”

ഇതരവിശുദ്ധര്‍: അന്തൂസ – രക്തസാക്ഷി/ ഈഥറിയൂസ് (+602) ബിഷപ്പ്/ഗബ്ഹാര്‍ഡ് (949-995)/ലിസറിയൂസ് (+548)ബിഷപ്പ്/ മാര്‍ഗരറ്റ് (1325-1395)/നാര്‍നൂസ് (+345) ബിഷപ്പ്/ പോമോന്‍ (+450) മരുഭൂമിയിലെ പിതാവ്/ ഹോണോറാത്തൂസ് (303) രക്തസാക്ഷി/ പാവിയായിലെ ജോണ്‍ (+813) ബിഷപ്പ് മാല്‍റൂബിയൂസ് രക്തസാക്ഷി/ റൂഫൂസ് (+215) രക്തസാക്ഷി/ ഫാനറിയൂസ്- ഡെക്കുമാന്‍ (+706).

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.