ആഗസ്റ്റ് 26: വാഴ്ത്തപ്പെട്ട സെഫെറിന്‍ നമുങ്കുരാ (1886-1905)

1886-ല്‍ ആഗസ്റ്റ് മാസം 26-ാം തീയതി അര്‍ജന്റീനായിലെ ചിംപേയില്‍ സെഫെറിന്‍ ജനിച്ചു. മാനുവല്‍ റൊസാരിയോ ദമ്പതികളുടെ 12 മക്കളില്‍ എട്ടാമത്തവനായിരുന്നു സെഫെറിന്‍.

1898 സെപ്റ്റംബര്‍ 8-ാം തീയതി സെഫെറീന്‍, പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി. സുവിശേഷമൂല്യങ്ങളില്‍ അധിഷ്ഠിതമായ ജീവിതമായിരുന്നു സെഫെറിന്‍ നയിച്ചിരുന്നത്. എല്ലാവരെയും സ്വര്‍ഗത്തേയ്ക്കു നയിക്കുന്ന ഒരു വഴികാട്ടിയായി കൂട്ടുകാരുടെ ഇടയില്‍ അവന്‍ വര്‍ത്തിച്ചു. സന്തോഷചിത്തനായി കാണപ്പെട്ടിരുന്ന സെഫെറിന്‍ കണ്ണുകള്‍ കൊണ്ടാണ് ചിരിക്കുന്നതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

പഠനം പൂര്‍ത്തിയായപ്പോള്‍ വൈദികനാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് സലേഷ്യന്‍ സുപ്പീരിയര്‍, ‘വീഡ്മായിലേ’ സെമിനാരിയില്‍ ചേരാന്‍ അവന് സൗകര്യമുണ്ടാക്കിക്കൊടുത്തു. അവിടെ 1903 സെപ്റ്റംബറില്‍ കാരുണ്യമാതാവിന്റെ ബഹുമാനാര്‍ത്ഥം സെഫറിന്‍ ഒരു പ്രദക്ഷിണം സംഘടിപ്പിച്ചു. അടുത്ത ദിവസം ക്ഷയരോഗബാധയുടെ എല്ലാ ലക്ഷണങ്ങളും അവനില്‍ കാണപ്പെട്ടു. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അവന്‍ നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ട് ക്ഷമാപൂര്‍വം സമയം ചെലവഴിച്ചു.

ഇതിനിടയില്‍ സെമിനാരിയില്‍ ചേര്‍ത്ത സലേഷ്യന്‍ സുപ്പീരിയര്‍ മെത്രാപ്പോലീത്തായായി നിയമിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ റോമിലേയ്ക്കു പോകാന്‍ സെഫെറിന്‍ ക്ഷണിക്കപ്പെട്ടു. സാഹചര്യം മാറിയാല്‍ രോഗം മാറിയേക്കുമെന്ന് അദ്ദേഹം കരുതി. 1904-ല്‍ അവര്‍ ടൂറിനിലെത്തി. സെഫെറിന്‍ പഠനം തുടര്‍ന്നു. പക്ഷേ, ആരോഗ്യം മെച്ചപ്പെട്ടില്ല. ഈ കാലഘട്ടത്തില്‍ പല മണിക്കൂറുകളില്‍ ദിവ്യകാരുണ്യ സന്നിധിയില്‍ പ്രാര്‍ത്ഥനാലീനനായി കഴിയുന്ന സെഫെറിനിനെയാണ് മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിഞ്ഞത്. ഭക്തനായ ഈ സെമിനാരിക്കാരനെപ്പറ്റി പിന്നീട് സാക്ഷ്യപ്പെടുത്തിയത് ഇപ്രകാരമാണ്. ”അവന്റെ ഹൃദയം സ്വര്‍ണ്ണനിര്‍മ്മിതമായിരുന്നു. ആരിലും അത് തിന്മ കണ്ടിരുന്നില്ല. നാം മാതാക്കളെ സ്‌നേഹിക്കുന്നതു പോലെയാണ് അവന്‍ ദൈവത്തെ സ്‌നേഹിച്ചിരുന്നത്.”

മെത്രാപ്പോലീത്തായോടു കൂടി 10-ാം പീയൂസ് പാപ്പായെ സന്ദര്‍ശിക്കാനുള്ള ഭാഗ്യം 1904 സെപ്റ്റംബര്‍  27-ാം തീയതി സെഫെറിനു കിട്ടി. 1905 മാര്‍ച്ചോടു കൂടി അവന്റെ ആരോഗ്യസ്ഥിതി വളരെ മോശമായി. 1905 മെയ് 11-ാം തീയതി സെഫെറിന്‍ സ്വര്‍ഗത്തിലേയ്ക്കു യാത്രയായി. 2007 ജൂലൈ 6-ാം തീയതി ബനഡിക്ട് 16-ാമന്‍ പാപ്പാ സെഫെറിനിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ ചേര്‍ത്തു.

സെഫറിനൂസ് പാപ്പാ

വിക്ടര്‍ മാര്‍പാപ്പായുടെ പിന്‍ഗാമിയായി 202-ല്‍ തിരഞ്ഞെടുക്കപ്പെട്ട സെഫറിനൂസ് പാപ്പായുടെ ജനനം റോമിലായിരുന്നു. 17 കൊല്ലം സഭയെ നയിച്ച പാപ്പായുടെ കാലത്ത് മതമര്‍ദ്ദനം അതിന്റെ എല്ലാവിധ ഭീകരതയോടും കൂടി അരങ്ങ് വാണിരുന്നു. ഈ അവസരങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് വലിയ ആശ്വാസമായിരുന്നു പാപ്പാ. പാഷ്ണ്ഡതക്കെതിരെ ശക്തമായി പോരാടിയ പാപ്പ, 219-ല്‍ മരണമടഞ്ഞു.

വിചിന്തനം: ”നിന്റെ വികാരങ്ങളെ നീ വിശ്വസിക്കരുത്. ഇപ്പോഴത്തെ വികാരം എന്തു തന്നെയായലും വേഗം വേറൊന്നായി മാറിപ്പോകും.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.