
ഫ്രാന്‍സിലെ പോയിസി എന്ന സ്ഥലത്താണ് 1215-ല്‍ വി. ളൂയി ജനിച്ചത്. അന്ന് ഫ്രാന്‍സ് ഭരിച്ചിരുന്ന ളൂയി എട്ടാമന്റെ മകനായിരുന്നു ളൂയി. അദ്ദേഹത്തിന് പന്ത്രണ്ടു വയസുള്ളപ്പോള്‍ പിതാവ് മരണമടഞ്ഞു. പിതാവിന്റെ മരണത്തോടെ രാജ്യാവകാശിയായിത്തീര്ന്ന ളൂയിക്ക് പ്രായപൂര്‍ത്തിയാകാതിരുന്നതിനാല്‍ അദ്ദേഹത്തിന്റെ അമ്മ ബ്ളാഞ്ചിയ രാജ്യഭരണം ഏറ്റെടുത്തു.
സുകൃതിനിയും ധര്മ്മനിരതയുമായിരുന്ന രാജ്ഞി, തന്റെ മകന് ഭക്തിയോടും വിവേകത്തോടും നീതിയോടും കൂടി രാജ്യഭരണം നിര്‍വ്വഹിക്കുന്നതിനാവശ്യമായ ഉപദേശങ്ങള്‍ നല്‍കിയിരുന്നു. അവള് മകനോടു പറഞ്ഞിരുന്നു, ”ഒരമ്മയ്ക്ക് കഴിവുള്ളിടത്തോളം ഞാന്‍ നിന്നെ സ്നേഹിക്കുന്നു. എന്നാല്‍ നീ ഒരു ചാവുദോഷം ചെയ്തു കാണുന്നതിനേക്കാള്‍ എന്റെ മുമ്പാകെ നീ മരിച്ചു കിടക്കുന്നതു കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.”
തന്റെ 21-ാമത്തെ വയസില്‍ ളൂയി രാജ്യഭരണം നേരിട്ടേറ്റെടുത്തു. ദൈവമഹത്വത്തിനായി പ്രയത്നിക്കണമെന്നുള്ളതായിരുന്നു യുവരാജാവിന്റെ ജീവിതോദ്ദേശം. രാജ്യഭരണ സംബന്ധമായ ജോലിത്തിരക്കുകള്‍ അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനാജീവിതത്തെ തെല്ലും ബാധിച്ചില്ല. പ്രതിദിനം പ്രാര്‍ത്ഥനയ്ക്കായി വളരെയധികം സമയം ചെലവഴിച്ചിരുന്ന ളൂയി കാനോനജപങ്ങള് ചൊല്ലുന്നതിലും ഏറ്റവും കുറഞ്ഞത് രണ്ടു കുര്ബാനയിലെങ്കിലും പങ്കെടുക്കുന്നതിലും മുടക്കം വരുത്തിയിരുന്നില്ല.
ഒരു രാജാവെന്ന നിലയില്‍ വിശുദ്ധന് സകലവിധ സൗഭാഗ്യങ്ങളോടു കൂടി ജീവിക്കാമായിരുന്നിട്ടും ദൈവസന്നിധിയില്‍ തപശ്ചര്യകള്‍ക്കുള്ള പ്രാധാന്യത്തെ മനസിലാക്കിയ രാജാവ് പലപ്പോഴും ഉപവാസം അനുഷ്ഠിച്ചിരുന്നു. മാത്രമല്ല, രാജോചിതമായ പട്ടുവസ്ത്രങ്ങള്ക്കുള്ളില് പരുപരുത്ത ഒരു രോമക്കുപ്പായവും അദ്ദേഹം ധരിച്ചിരുന്നു. രാജ്യത്തുള്ള ദരിദ്രരെയും നിരാധരരേയും സംരക്ഷിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ദരിദ്രരെ സമ്പന്നര്‍ ദ്രോഹിക്കാതിരിക്കാന് വേണ്ടുന്ന നിയമങ്ങള്‍ അദ്ദേഹം പ്രാബല്യത്തില്‍ വരുത്തി. അമിതപലിശയും ദൈവദൂഷണവും നിയമവിരുദ്ധമാക്കി.
ക്രിസ്തുമത വിദ്വേഷികളുടെ സ്വാധീനത്തിലായിരുന്ന വിശുദ്ധ സ്ഥലങ്ങള്‍ വീണ്ടെടുക്കുന്നതിനായി 1248-ല്‍ തന്റെ സൈന്യവുമായി അദ്ദേഹം ഈജിപ്തിലേയ്ക്കു പുറപ്പെട്ടു. ആദ്യം പ്രശസ്തമായ ചില വിജയങ്ങള്‍ അദ്ദേഹം നേടിയെങ്കിലും അവസാനം പിന്മാറേണ്ടതായി വന്നു. മാത്രമല്ല, അദ്ദേഹം കുറെക്കാലം കാരാഗൃഹവസം അനുഭവിക്കുകയും ചെയ്തു. 1270-ല്‍ കുരിശുയുദ്ധത്തിനു പുറപ്പെട്ട വിശുദ്ധന് ട്യൂണിസ് എന്ന സ്ഥലത്തു വച്ച് കഠിനമായ പനി ബാധിച്ച് മരണമടഞ്ഞു. ”കര്‍ത്താവേ, അങ്ങയുടെ തൃക്കരങ്ങളില്‍ ഞാനെന്റെ ആത്മാവിനെ സമര്‍പ്പിക്കുന്നു.” ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍.
വിശുദ്ധ എബ്ബാ
നോര്‍ത്തംബ്രിയായിലെ രാജാവായിരുന്ന വി. ഒസ്വാള്‍ഡിന്റെ സഹോദരിയാണ് എബ്ബാ. സ്കോട്ലണ്ടിലെ ഒരു രാജകുമാരനെ അവള്‍ക്കു വരനായി ബന്ധുക്കള്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ അവള് വിവാഹാലോചനകള്‍ തള്ളിക്കളയുകയും ലിന്‍ഡിസ്ഫാണിലെ വി. ഫിനാനില് നിന്നും സന്യാസവസ്ത്രം സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഡെര്വെന്റില് താന്‍ തന്നെ പണിയിച്ച ഒരു മഠത്തില്‍ കുറേക്കാലം പാര്‍ത്തു. അനന്തരം കോള്ഡിങ്ങാമില് സന്യാസികള്‍ക്കും സന്യാസിനികള്‍ക്കും വേണ്ടി വലിയ ഒരു ആശ്രമം സ്ഥാപിച്ച് അങ്ങോട്ടു താമസം മാറ്റി.
വിചിന്തനം: ”എല്ലാ ദിവസവും നമ്മുടെ ആഗ്രഹങ്ങളെ ഗ്രഹിക്കുക. എന്നാല്‍ ദുര്‍മ്മോഹങ്ങളെ പരാജയപ്പെടുത്താന്‍ കഴിയും.”
ഫാ. ജെ. കൊച്ചുവീട്ടില്‍