
കത്തോലിക്കാ സഭയുടെ അഭിമാനസ്തംഭമായി പന്ത്രണ്ടാം ദശാബ്ദത്തില്‍ പ്രശോഭിച്ചിരുന്ന വി. ബര്‍ണാര്‍ദ്, ഡീജോണിനടുത്തുള്ള ബര്‍ഗന്റി എന്ന സ്ഥലത്ത് 1091-ല്‍ ജനിച്ചു. ഒരു പ്രഭുകുടുംബത്തില്‍ ജനിച്ച ബര്‍ണാര്‍ദ് ചെറുപ്പം മുതലേ ഭക്തകാര്യങ്ങളില്‍ തല്പരനായിരുന്നു.
ബര്‍ണാര്‍ദ് ചെറുപ്രായത്തില്‍ തന്നെ ഏകാന്തതയെ ഇഷ്ടപ്പെട്ടിരുന്നു. ധ്യാനപരവും ഭക്തിനിരതവും വിനയാന്വിതവുമായ ഒരു ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. ക്രിസ്തുവിനെ അനുകരിച്ച് ദരിദ്രമായ ഒരു ജീവിതം നയിക്കുന്നതിന് അവന് അതിയായി ആഗ്രഹിച്ചു. അദ്ദേഹത്തിനു ലഭിച്ചിരുന്ന പണമെല്ലാം ദരിദ്രര്‍ക്കു കൊടുക്കാനാണ് അദ്ദേഹം താല്പര്യപ്പെട്ടത്. അതിസമര്‍ഥനായ വിദ്യാർഥിയായിരുന്ന ബര്‍ണാര്‍ദ്, അതിഗഹനങ്ങളായ വിഷയങ്ങളെപ്പോലും നിഷ്പ്രയാസം ഗ്രഹിക്കുകയും ഹൃദിസ്ഥമാക്കുകയും ചെയ്തിരുന്നു.
അന്നത്തെ നിലയിലെ ഉന്നതമായ വിദ്യാഭ്യാസം നേടിയിരുന്ന ബെര്‍ണാര്‍ദ്, തന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ സൈറ്റോ ആശ്രമത്തില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു. അദ്ദേഹത്തിനെ ആ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന് അദ്ദേഹത്തിന്റെ സഹോദരന്മാര് പല ശ്രമങ്ങളും നടത്തി. പക്ഷേ, അവസാനം അദ്ദേഹത്തെ അനുകരിച്ച് സഹോദരങ്ങളും സന്യാസാശ്രമത്തില്‍ പ്രവേശിച്ചു.
മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം ക്ലെയര്വോയിന്, ഒരാശ്രമം സ്ഥാപിക്കുന്നതിനായി ബെര്‍ണാര്‍ദിനെ അങ്ങോട്ടേക്കയച്ചു. ആ ആശ്രമത്തിന്റെ ആബട്ടായി തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധന് 37 വര്‍ഷത്തോളം ആ ജോലിയില്‍ തുടര്‍ന്നു. ഈ കാലഘട്ടങ്ങളില്‍ പല രാജ്യങ്ങളിലായി ഏകദേശം 136-ഓളം ആശ്രമങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ഇവിടെയെല്ലാം ബെനഡിക്ടിന്റെ, കര്‍ക്കശമായ നിയമസംഹിത അദ്ദേഹം നടപ്പിലാക്കി. അതിനാലാണ് വിശുദ്ധനെ ബെനഡിക്ടന്‍ സഭയുടെ ദ്വിതീയസ്ഥാപകന് എന്നു വിളിക്കുന്നത്.
വിവിധ ജോലികളില്‍ സദാ വ്യാപൃതനായിരുന്ന അദ്ദേഹം, തനിക്കായി അനുവദിച്ചിരുന്ന ദുര്‍ലഭമായ വിശ്രമവാസരങ്ങളില്പോലും കിടക്കയ്ക്കായി ഒരു പലകയും തലയണയുടെ സ്ഥാനത്ത് ഒരു മരക്കഷണവും മാത്രമാണ് ഉപയോഗിച്ചിരുന്നത്. സന്യാസ സഭയുടെ നിയമങ്ങള്‍ ആവശ്യപ്പെടുന്നതില്‍ കൂടുതല്‍ കര്‍ക്കശമായ ദാരിദ്ര്യവ്രതം അദ്ദേഹം പാലിച്ചുപോന്നിരുന്നു. പഞ്ചേന്ദ്രിയങ്ങളുടെ സ്വാഭാവികശക്തിപോലും ക്ഷയിച്ചുപോകത്തക്കവിധം അത്ര ഉഗ്രമായ തപക്രിയകളാണ് അദ്ദേഹം അനുഷ്ഠിച്ചിരുന്നത്.
വി. ബെര്‍ണാര്‍ദിന്റെ ജീവിതവിശുദ്ധി അനേകരെ അദ്ദേഹത്തിലേക്കാകര്‍ഷിച്ചു. പ്രഭുക്കന്മാര്, വാഗ്മികള്‍, തത്വശാസ്ത്രജ്ഞന്മാര് എന്നിങ്ങനെ വിവിധ ജീവിതാന്തസ്സില്പ്പെട്ട പലരും സന്യാസജീവിതം അഭിലഷിച്ചുവരുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു. “നിങ്ങള്‍ ഈ ഭവനത്തില്‍ വസിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നിങ്ങളുടെ ശരീരം പുറത്ത് ഉപേക്ഷിച്ചിട്ടുപോരണം. ആത്മാക്കള്‍ക്കു മാത്രമേ ഇവിടെ പ്രവേശനമുള്ളൂ” എന്നാണ് സന്യാസാര്ഥികളോട് അദ്ദേഹം പറഞ്ഞിരുന്നത്.
മാര്‍പാപ്പായുടെ ഉപദേഷ്ടാവ്, ദൈവമാതൃകാഭക്തന്, വാഗ്മി, രണ്ടാം കുരിശുയുദ്ധം സജ്ജമാക്കിയവന്‍, വിശുദ്ധഗ്രന്ഥ പണ്ഡിതന് എന്നീ നിലകളിലെല്ലാം പ്രശോഭിച്ചിരുന്ന ബെര്‍ണാര്‍ദ് 1153 ആഗസ്റ്റ് 20-ാം തീയതി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.
വി. ഓസ്വിന്
ദയറായിലെ രാജാവായിരുന്നു ഓസ്വിന്. ഓസ്വിന് ധര്‍മ്മപഥത്തില്‍ നിന്നും അണുപോലും വ്യതിചലിക്കാതിരുന്നതുകൊണ്ട് നാട്ടില്‍ നീതിയും സമാധാനവും പുലര്‍ന്നു. സര്‍വഥാ സൗഭാഗ്യപൂര്‍ണ്ണമായിരുന്നു ആ കാലഘട്ടം.
എന്നാല്‍, ബര്ണീഷ്യായിലെ രാജാവും ഓസ്വിന്റെ അടുത്ത ബന്ധുവുമായിരുന്ന ഓസ്വി അധികാരമോഹം പൂണ്ട് ദയറാ വെട്ടിപ്പിടിക്കാന്‍ തീര്‍ച്ചയാക്കി. ഓസ്വിനുമായി യുദ്ധം പ്രഖ്യാപിച്ചു. പുണ്യചരിതനായ ഓസ്വിനാകട്ടെ, ഹിംസയും രക്തച്ചൊരിച്ചിലും ഒഴിവാക്കുന്നതിനുവേണ്ടി തന്റെ പടയാളികളെയെല്ലാം പിരിച്ചുവിട്ടു. ഏറ്റവും വിശ്വസ്തരായ ഏതാനും അനുചരന്മാരോടുകൂടി യോര്ക്ഷയറിനോടു ചേര്‍ന്ന ഒരു വിജനഭൂമിയിലേക്കു പിന്‍വാങ്ങി. ഓസ്വി, ഓസ്വിനെ കണ്ടുപിടിച്ച് കൊല്ലാന്‍ കെണിയൊരുക്കി. തല്‍ഫലമായി ഓസ്വിന് കൊല ചെയ്യപ്പെട്ടു.
വിചിന്തനം: ”ക്രൂശിതനായവനെ സനേഹിക്കുന്നവര്‍ സഹനത്തെയും നിന്ദയെയും സ്നേഹിക്കുന്നു.”
ഫാ. ജെ. കൊച്ചുവീട്ടില്‍