ആഗസ്റ്റ് 18: വിശുദ്ധ ഹെലേനാ

യേശുക്രിസ്തുവിന്റെ കുരിശ് വീണ്ടെടുത്ത വി. ഹെലേന ഒരു ഇംഗ്ലീഷുകാരിയാണെന്ന് വിശ്വസിക്കപ്പെടുന്നു. ക്രിസ്തുമതത്തിന് പരസ്യമായ അംഗീകാരവും ആരാധനാസ്വാതന്ത്ര്യവും അനുവദിച്ച റോമാസാമ്രാജ്യത്തിലെ ആദ്യ ക്രൈസ്തവചക്രവര്‍ത്തിയായ കോണ്‍സ്റ്റന്റയിന്റെ മാതാവാണ് ഹെലേന.

എ.ഡി. 306-ലാണ് കോണ്‍സ്റ്റന്റയിന്‍ റോമാ ചക്രവര്‍ത്തിയായി സ്ഥാനമേല്‍ക്കുന്നത്. അതിനുശേഷം അദ്ദേഹം ആദ്യമായി ചെയ്ത പ്രവൃത്തി, തന്റെ മാതാവായ ഹെലേനയെ, ചക്രവര്‍ത്തിനീസ്ഥാനത്തേക്ക് ഉയര്‍ത്തി എന്നതാണ്. ഈ സന്ദര്‍ഭത്തിലാണ് ഹെലേനാ, താനൊരു ക്രൈസ്തവരാജ്ഞിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. ഈ നല്ല മാതാവിന്റെ ഉപദേശങ്ങളിലൂടെയാണ് കോണ്‍സ്റ്റന്റയിനും മാനസാന്തരപ്പെട്ടത്.

എ.ഡി. 312-ല്‍ കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിക്കെതിരായി മാക്‌സെന്‍സിയസ് യുദ്ധം പ്രഖ്യാപിച്ചു. സത്യദൈവത്തില്‍ ശരണപ്പെട്ടുകൊണ്ട് എണ്ണത്തില്‍ വളരെ കുറവായിരുന്ന തന്റെ സൈന്യവുമായി ചക്രവര്‍ത്തി യുദ്ധത്തിനു പുറപ്പെട്ടു. ഈ യാത്രയില്‍ അന്തരീക്ഷത്തില്‍ പ്രകാശമയമായ ഒരു കുരിശ് അദ്ദേഹത്തിനു പ്രത്യക്ഷപ്പെട്ടു. ‘ഈ അടയാളത്തില്‍ നീ വിജയിക്കും’ എന്ന് അതില്‍ ആലേഖനം ചെയ്തിരുന്നു. ചക്രവര്‍ത്തി ശത്രുക്കളെ നിശേഷം തോല്പിച്ചു. അന്നുമുതല്‍ അദ്ദേഹം ക്രിസ്തുമതത്തോട് അനുഭാവം പുലര്‍ത്തിത്തുടങ്ങി. അധികം താമസിക്കാതെ ക്രൈസ്തവരെ അംഗീകരിക്കുകയും അവര്‍ക്ക് പല വിശേഷാനുകൂല്യങ്ങള്‍ നല്കുകയും ചെയ്തു. മാത്രമല്ല, 325-ല്‍ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ വിളംബരത്തില്‍, തന്റെ പ്രജകളെല്ലാം ക്രിസ്തുമതം അവലംബിച്ചു കാണാന്‍ താന്‍ അഭിലഷിക്കുന്നുവെന്ന് അദ്ദേഹം പ്രസ്താവിക്കുകയും ‘തിരുസഭാ രക്ഷകന്‍’ എന്ന സ്ഥാനം സ്വയം ഏല്‍ക്കുകയും ചെയ്തു.

ഹെലേനാ രാജ്ഞി, തന്റെ ഉന്നതമായ പദവിയെ അവഗണിച്ചുകൊണ്ട് സാധാരണ ജനങ്ങളോടൊന്നിച്ച് ദേവാലയശുശ്രൂഷകളില്‍ സംബന്ധിക്കാന്‍ പ്രത്യേകം താല്പര്യപ്പെട്ടിരുന്നു. സമൃദ്ധമായ ഒരു ഖജനാവ് തന്റെ സ്വാധീനത്തിലുണ്ടായിരുന്നതിനാല്‍ ദൈവമഹത്വത്തിനും സാധുജനസംരക്ഷണത്തിനുംവേണ്ടി യഥേഷ്ടം പ്രവര്‍ത്തിക്കുന്നതിന് ഹെലേനായ്ക്ക് സാധിച്ചു. ഈ കാരുണ്യപ്രവൃത്തിയുടെ ഫലമായി ഹെലേന, അനാഥരുടെയും പീഡിതരുടെയും മാതാവ് എന്ന സ്ഥാനത്തിന് അര്‍ഹയായിത്തീര്‍ന്നു.

വി. ഹെലേനയുടെ ആഗ്രഹത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായാണ് ഈശോമിശിഹായുടെ കുരിശ് കണ്ടെടുക്കാനായത്. രാജ്ഞിയുടെ നേതൃത്വത്തില്‍ ഈ കാലഘട്ടങ്ങളില്‍ ധാരാളം ദേവാലയങ്ങള്‍ പണികഴിപ്പിക്കപ്പെട്ടു. സത്യദൈവത്തിനുവേണ്ടി ജീവിതകാലം മുഴുവന്‍ ചെലവഴിച്ച ഹെലേന, 328 ആഗസ്റ്റ് 15-ാം തീയതി നിത്യസമ്മാനത്തിനായി സ്വര്‍ഗത്തിലേക്കു വിളിക്കപ്പെട്ടു.

വിശുദ്ധ അഗാപ്പിറ്റസ്

ഔറേലിയന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് റോമിനു സമീപം പാലസ്തീനായില്‍ ഗവര്‍ണറായിരുന്ന അന്റിയോക്കാസ്, ക്രിസ്ത്യാനികളെ കഠിനമായി പീഡിപ്പിച്ചിരുന്നു. അന്ന് പതിനഞ്ചു വയസ്സുമാത്രം പ്രായമായിരുന്ന അഗാപ്പിറ്റസിനെ വിളിച്ചുവരുത്തി ക്രിസ്തീയവിശ്വാസം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അഗാപ്പിറ്റസ് ആ നിര്‍ദേശം തള്ളിക്കളഞ്ഞു. അതിനാല്‍ അയാള്‍ അഗാപ്പിറ്റസിനെ പീഡിപ്പിച്ചുകൊല്ലാന്‍ കല്പന പുറപ്പെടുവിച്ചു. പടയാളികള്‍ ആ ധീരബാലനെ ചമ്മട്ടികൊണ്ട് അടിക്കുകയും തടവില്‍ പാര്‍പ്പിക്കുകയും ഒടുവില്‍ ശിരസ്സ് ഛേദിക്കുകയും ചെയ്തു.

വിചിന്തനം: ”ദൈവഹിതത്തിനു പൂര്‍ണ്ണമായി കീഴടങ്ങിയാല്‍ പിന്നീട് യാതൊരു നഷ്ടവും സഹിക്കേണ്ടിവരികയില്ല.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.