ആഗസ്റ്റ് 16: വിശുദ്ധ റോക്കി

രോഗികളുടെ പ്രത്യേക മദ്ധ്യസ്ഥനെന്ന് അറിയപ്പെടുന്ന റോക്കി 1295-ല്‍ ഫ്രാന്‍സിലെ ലാംഗ്വഡോക്കില്‍ ജനിച്ചു. അദ്ദേഹം മോണ്‍ പെല്ലിയറിലെ ഗവര്‍ണറുടെ ഏക മകനായിരുന്നു. വിശുദ്ധന്‍ ജനിച്ചപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ശരീത്തില്‍ ചുവപ്പുനിറത്തിലുള്ള ഒരു കുരിശടയാളം കാണപ്പെട്ടിരുന്നു. തപശ്ചര്യകള്‍ അനുഷ്ഠിക്കുന്നതിലും സാധുക്കളായ രോഗികളെ പരിചരിക്കുന്നതിലും ബാല്യത്തില്‍ തന്നെ റോക്കി അതീവ താത്പര്യം പ്രകടിപ്പിച്ചിരുന്നു.

ഇരുപതാമത്തെ വയസില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട വിശുദ്ധന്‍, തനിക്കു ലഭിച്ച സ്വത്ത് മുഴുവന്‍ ദരിദ്രര്‍ക്കും രോഗികള്‍ക്കുമായി നല്കിയ ശേഷം ഒരു തീര്‍ത്ഥാടകന്റെ വേഷം ധരിച്ച് കാല്‍നടയായി റോമായിലേക്കു തിരിച്ചു. മാര്‍ഗ്ഗമദ്ധ്യേ ഒരു ഗ്രാമത്തില്‍ പ്ലേഗ് ബാധിച്ചിരിക്കുന്നതായി അദ്ദേഹം അറിയാനിടയായി. ഉടന്‍ തന്നെ റോക്കി അവിടേക്ക് പുറപ്പെടുകയും അവരെ തനിക്കാവുംവിധം ശുശ്രൂഷിക്കുകയും ചെയ്തു.

മൂന്നു വര്‍ഷത്തോളം അദ്ദേഹം ഇങ്ങനെ ഇറ്റലിയില്‍ താമസിച്ചു. നിരന്തരമായ അദ്ദേഹത്തിന്റെ ശുശ്രൂഷകളുടെ ഫലമായി പല ഗ്രാമങ്ങളും പ്ലേഗ് ബാധയില്‍ നിന്നു വിമുക്തമായി. പക്ഷേ തിരികെ പോരുമ്പോള്‍ അദ്ദേഹത്തെയും ഈ മാരകരോഗം ബാധിച്ചിരുന്നു. എന്നാല്‍, അനേകരെ ശുശ്രൂഷിച്ച റോക്കിയെ ശുശ്രൂഷിക്കാന്‍ ആരും തന്നെ തയ്യാറായില്ല. ഗ്രാമവാസികള്‍ അദ്ദേഹത്തെ അവിടെ നിന്ന് ബഹിഷ്‌കരിക്കുകയാണുണ്ടായത്.

എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട വിശുദ്ധന്‍ അവസാനം ഒരു വനത്തില്‍ അഭയം പ്രാപിച്ചു. ഒഴിഞ്ഞുകിടന്ന ഒരു ഗുഹയില്‍ ശയിച്ചിരുന്ന അദ്ദേഹം കഠിനമായ ദാഹത്താല്‍ പീഡിപ്പിക്കപ്പെട്ടു. സമീപത്തെങ്ങും ഒരു തുള്ളി ജലമില്ലാതെ വന്നതിനാല്‍ വിശുദ്ധന്‍ ദൈവസഹായം തേടി. ഉടന്‍ തന്നെ അദ്ദേഹം കിടന്നിരുന്നതിനടുത്തായി ഒരു നീരുറവ പ്രത്യക്ഷപ്പെടുകയും അതില്‍ നിന്ന് തൃപ്തി വരെ കുടിച്ച് തന്റെ ദാഹത്തിന് ശമനം വരുത്തുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ ഒരു നായയാണ് അദ്ദേഹത്തിനു വേണ്ട ഭക്ഷണം കൃത്യമായി എത്തിച്ചിരുന്നത്.

പതിയെ രോഗത്തില്‍ നിന്നു വിമുക്തനായ വിശുദ്ധന്‍ അധികം താമസിക്കാതെ സ്വദേശമായ മോണ്‍പെല്ലിയിലേക്കു തിരികെ വന്നു. പക്ഷേ അവിടെ പ്രവേശിച്ചയുടനെ ഒരു ചാരനാണെന്നു കരുതി വിശുദ്ധനെ പട്ടാളം ബന്ധിച്ച് കാരാഗൃഹത്തിലാക്കി. സകലരാലും പരിത്യക്തരായി അഞ്ചു കൊല്ലം അതിക്രൂരമായ ക്ലേശമദ്ധ്യേ അദ്ദേഹം ജീവിച്ചു. തന്റെ ഈലോകവാസം അവസാനിക്കാറായി എന്നു മനസിലാക്കിയ വിശുദ്ധന്‍, കുമ്പസാരിക്കുന്നതിനായി ഒരു വൈദികനെ ആവശ്യപ്പെട്ടു. ആ പുരോഹിതനിലൂടെയാണ് റോക്കിയുടെ വിശുദ്ധി പുറംലോകം അറിഞ്ഞത്.

1327-ല്‍ കാരാഗൃഹത്തില്‍ വച്ചു തന്നെ അദ്ദേഹത്തിന്റെ ആത്മാവ് ദൈവകരങ്ങളിലേക്ക് പറന്നുയര്‍ന്നു. വിശുദ്ധന്റെ മരണശേഷം മാത്രമാണ് അദ്ദേഹം ആരെന്ന് ലോകം തിരിച്ചറിഞ്ഞത്. മരണശേഷം വിശുദ്ധന്റെ മദ്ധ്യസ്ഥതയില്‍ ധാരാളം അത്ഭുതങ്ങള്‍ ദൈവം പ്രവര്‍ത്തിച്ചു. ഉര്‍ബന്‍ എട്ടാമന്‍ മാര്‍പാപ്പായാണ്  റോക്കിയെ വിശുദ്ധനായി പ്രഖ്യാപിച്ചത്.

വിശുദ്ധ ആര്‍മെല്‍ (ഏര്‍മെല്‍)

ബ്രിട്ടണില്‍ വളരെയധികം പ്രശസ്തിയാര്‍ജ്ജിച്ച ഒരു പുണ്യാത്മാവാണ് ആര്‍മെല്‍. അഗാധമായ ദൈവഭക്തിയും അദമ്യമായ ജ്ഞാനതൃഷ്ണയുമായിരുന്നു ആര്‍മെലിന്റെ സ്വഭാവ സവിശേഷതകള്‍. യൗവ്വനത്തില്‍ കാറന്‍മായെന്‍ എന്ന പേരോടു കൂടിയ ഒരു മഹാതാപസനോടൊത്താണ് അദ്ദേഹം വസിച്ചത്. പ്ലോര്‍മെലില്‍ അദ്ദേഹം സ്ഥാപിച്ച ആശ്രമത്തില്‍ വച്ച് വാര്‍ദ്ധക്യദശയില്‍ സമാധാനപൂര്‍വ്വം മരണമടഞ്ഞു.

വിചിന്തനം: ”ഇന്ദ്രീയനിഗ്രഹവും വികാരനിയന്ത്രണവും രക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്. ബാഹ്യവസ്തുക്കളില്‍ കുടുങ്ങിക്കിടക്കുന്ന ആത്മാവ് ദൈവത്തിനു യോഗ്യമല്ല. ദുരാശകള്‍ക്ക് അടിമപ്പെട്ട ആത്മാവിന് ദൈവത്തിനെ സംതൃപ്തിപ്പെടുത്താന്‍ യാതൊരു ആഗ്രഹവുമുണ്ടാകയില്ല.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.