ആഗസ്റ്റ് 15: വിശുദ്ധ അലീപ്പിയസ്

വി. ആഗസ്തീനോസിന്റെ സമകാലികനും ശിഷ്യനുമായിരുന്നു അലീപ്പിയസ്. അദ്ദേഹം 360-നോടടുത്ത് ആഫ്രിക്കയിലെ തഗാസ്തിയില്‍ ജനിച്ചു. കായികവിനോദത്തോട് അതീവ താല്‍പര്യമുണ്ടായിരുന്ന അലീപ്പിയസ് ഒരു ദിവസം ആഗസ്തീനോസിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കാനിടയായി. ആഗസ്തീനോസ് തന്റെ പ്രസംഗത്തിനിടയില്‍ അവിചാരിതമായി കായിക-കലാപ്രകടനങ്ങളില്‍ അത്യാസക്തരായ വ്യക്തികളെക്കുറിച്ച് പരിഹാസപൂര്‍വ്വം പറയാനിടയായി. അലീപ്പിയസാകട്ടെ ആഗസ്തീനോസിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ലജ്ജിച്ച് തല താഴ്ത്തി. അതോടെ തന്റെ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുമെന്ന് ദൃഢമായി നിശ്ചയിക്കുകയും ചെയ്തു.

തുടര്‍ന്ന് നിയമം പഠിക്കാന്‍ റോമിലേക്കു പോയി. അവിടെ വച്ച് ഒരവസരത്തില്‍ കായിക-കലാപ്രകടനങ്ങള്‍ കാണാന്‍ അദ്ദേഹം നിര്‍ബന്ധിക്കപ്പെട്ടു. എന്നാല്‍ കണ്ണടച്ചാണ് അദ്ദേഹം പ്രദര്‍ശനശാലയില്‍ ഇരുന്നത്. ഇടയ്ക്ക് വലിയ ഒരു ശബ്ദം കേട്ടപ്പോള്‍ പെട്ടെന്ന് കണ്ണുതുറന്നു. അപ്പോള്‍ അവിടെ കണ്ട കാഴ്ച വളരെ ദുഃഖകരമായിരുന്നു. കായികാഭ്യാസികളില്‍ ഒരാള്‍ മുറിവേറ്റ് താഴെ വീണുകിടക്കുന്നു. മുറിവുകളില്‍ നിന്നും രക്തം ധാരധാരയായി പ്രവഹിക്കുന്നു. ഇതു കണ്ടപ്പോള്‍ അലീപ്പിയസ് സുബോധം നശിച്ചവനെപ്പോലെ രംഗവേദിയില്‍ ചാടിക്കയറി തറയില്‍ വീണുകിടന്ന മനുഷ്യന്റെ മുറിവുകളില്‍ വായ് ചേര്‍ത്ത് രക്തം വലിച്ചുകുടിച്ചു. അപ്പോള്‍ അലീപ്പിയസ് മിക്കവാറും വിഭ്രാന്തിയുടെ വക്കിലെത്തിയിരുന്നു. ഈ സംഭവത്തോടു കൂടി ഇത്തരം വിനോദങ്ങളില്‍ പൂര്‍വ്വാധികം തല്‍പരനായിത്തീര്‍ന്നു.

അങ്ങനെ കുറേനാള്‍ കഴിഞ്ഞപ്പോള്‍ തന്റെ സ്വഭാവത്തിലുണ്ടായ നിര്‍ഭാഗ്യകരമായ പരിണാമത്തെച്ചൊല്ലി വീണ്ടും ചിന്താകുലനായി. ഇത്തരം വീഴ്ചകളില്‍ നിന്നും വിമുക്തി പ്രാപിക്കാന്‍ ദൈവസഹായം എത്ര അനുപേക്ഷണീയമാണെന്ന് മനസിലാക്കുകയും ചെയ്തു. റോമിലെ നിയമപഠനം പൂര്‍ത്തിയായപ്പോള്‍ അലീപ്പിയസിന് നീതിന്യായ വകുപ്പില്‍ ഉദ്യോഗം ലഭിച്ചു. ഒരു ദിവസം ആഗസ്തീനോസ് റോമില്‍ വന്നപ്പോള്‍ വീണ്ടും അദ്ദേഹത്തെ കാണാന്‍ അവസരം ലഭിച്ചു. ഈ കൂടിക്കാഴ്ച അലീപ്പിയസിന്റെ ജീവിതത്തില്‍ നിര്‍ണ്ണായകമായ വഴിത്തിരിവിനു കാരണമായി.

വി. അംബ്രോസില്‍ നിന്ന് ജ്ഞാനസ്‌നാനം സ്വീകരിച്ചതിനു ശേഷം ആഫ്രിക്കയില്‍ തിരിച്ചെത്തി; തഗാസ്തിയിലെ ഭക്തരായ ഏതാനും ആളുകളോടൊത്ത് തപസിലും പ്രാര്‍ത്ഥനയിലും മുഴുകി മൂന്നു വര്‍ഷം വസിച്ചു. വൈകാതെ അദ്ദേഹം വൈദികനായി തിരഞ്ഞെടുക്കപ്പെട്ടു. 393-നോടടുത്ത് അലീപ്പിയസ് തഗാസ്തിയിലെ മെത്രാനായി. അതിനുശേഷം മരണം വരെ ക്രിസ്തുവിന്റെ സഭയെ വിശ്വസ്തമായി ശുശ്രൂഷിച്ചുകൊണ്ട് ആഗസ്തീനോസിന്റെ സഹായിയായി വര്‍ത്തിച്ചു. 429-നോടടുത്ത് അലീപ്പിയസ് നിര്യാതനായി.

വിശുദ്ധ തര്‍സീസിയൂസ്

ക്രിസ്തുവര്‍ഷം 258-ല്‍ റോമിലെ ചില പ്രഭുക്കളും സെനറ്റര്‍മാരും ക്രിസ്തുമതാനുയായികളായിത്തീര്‍ന്നു. ഇക്കാര്യം വലേരിയന്‍ ചക്രവര്‍ത്തിയെ കുപിതനാക്കി. ഈശോയുടെ അനുയായികള്‍ക്കെതിരെ ചക്രവര്‍ത്തി മതമര്‍ദ്ദനം ശക്തിപ്പെടുത്തി. അജപാലകരുമായി ബന്ധപ്പെടരുതെന്ന് നിഷ്‌ക്കര്‍ഷിച്ചു കൊണ്ട് അനേകം ക്രിസ്ത്യാനികളെ ജയിലിലടച്ചു.

അവരുടെ പക്കലേക്ക് ദിവ്യകാരുണ്യവുമായി പോകാന്‍ താന്‍ തയ്യാറാണെന്ന് റോമന്‍ സെനറ്ററുടെ മകനായ തര്‍സീസിയൂസ് സമ്മതിച്ചു. പ്രസിദ്ധമായ ആപ്പിയന്‍ തെരുവിലൂടെ ദിവ്യകാരുണ്യം കുപ്പായത്തിനുള്ളില്‍ സുരക്ഷിതമായി മറച്ചുവച്ചു കൊണ്ട് നടന്നുനീങ്ങുന്ന ബാലനെ കൂട്ടുകാര്‍ കണ്ടുമുട്ടി. തര്‍സീസിയുസിന്റെ പ്രത്യേക പെരുമാറ്റരീതിയില്‍ നിന്ന് അവന്‍ ഒളിച്ചുവച്ചിരുന്ന നിധിയെപ്പറ്റി കൂട്ടുകാരില്‍ ജിജ്ഞാസ വര്‍ദ്ധിച്ചു. ദിവ്യകാരുണ്യം അവഹേളിക്കപ്പെടുമെന്ന് അവന്‍ ഭയപ്പെട്ടു. കുപിതരായ കൂട്ടുകാര്‍ കളിവിനോദങ്ങള്‍ക്കായി അവനെ പ്രേരിപ്പിച്ചു. അവരുടെ ഇംഗിതത്തിനു വഴങ്ങാതിരുന്ന താര്‍സീസിയൂസിനെ അവര്‍ അധിക്ഷേപിക്കുകയും കൂടുതല്‍ ശല്യപ്പെടുത്തുകയും ചെയ്തു.

അവരുടെ ഭീഷണിക്ക് ഒരുതരത്തിലും വഴിപ്പെടുകയില്ലെന്നു മനസിലാക്കിയപ്പോള്‍ അവര്‍ കൂട്ടമായി തര്‍സീസിയൂസിനെ ആക്രമിക്കുകയും കല്ലെറിയുകയും ചെയ്തു. ദിവ്യകാരുണ്യം അവഹേളിക്കപ്പെടുന്നതിനേക്കാള്‍ താന്‍ മരിക്കുന്നതാണ് നല്ലതെന്ന് അവന്‍ ചിന്തിച്ചു. വി. കല്ലിസ്റ്റസിന്റെ സെമിത്തേരിയില്‍ തര്‍സീസിയൂസിന്റെ മൃതശരീരം സംസ്‌കരിക്കപ്പെട്ടു.

വി. ഡമാസസൂസ് മാര്‍പാപ്പ ”ദിവ്യകാരുണ്യത്തിന്റെ ബാല രക്തസാക്ഷി” എന്നാണ് തര്‍സീസിയൂസിനെ വിളിച്ചത്.

വിചിന്തനം: ”മാംസവും രക്തവും എന്നെ പരാജയപ്പെടുത്താനിടയാക്കരുതേ. അവ ജയിക്കാന്‍ അങ്ങ് അനുവദിക്കല്ലേ. ലോകവും അതിന്റെ ക്ഷണിക മാഹാത്മ്യവും എന്നെ വഞ്ചിക്കാതിരിക്കട്ടെ. പിശാചിന്റെ തന്ത്രങ്ങള്‍ എന്നെ തോല്‍പ്പിക്കാതിരിക്കട്ടെ.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.