ആഗസ്റ്റ് 11: അസ്സീസിയിലെ വിശുദ്ധ ക്ലാര (1194-1253)

അസ്സീസിയിലെ കുലീന യോദ്ധാവായിരുന്ന ഫവറോനെയുടെയും ഭാര്യ ഓര്‍ത്തലോനായുടെയും മകളായി ജനുവരി 20-ാം തീയതിയാണ് ക്ലാര ജനിച്ചത്. ശാരീരസൗന്ദര്യം, മനോജ്ഞമായ വ്യക്തിത്വം, സവിശേഷമായ ബുദ്ധിസാമര്‍ത്ഥ്യം എന്നിവയുടെ ഉടമയായിരുന്നു ക്ലാര. ക്ലാരക്ക് 15 വയസായപ്പോള്‍ മുതല്‍ നിരവധി പേര്‍ വിവാഹാലോചനയുമായി വന്നു. എന്നാല്‍, ദിവ്യകാരുണ്യഭക്തിയും പ്രാര്‍ത്ഥനാരൂപിയും പ്രായശ്ചിത്ത ചൈതന്യവും പുലര്‍ത്തിയിരുന്ന ക്ലാര ഈശോയെ ആത്മീയമണവാളനായി വരിച്ചുകഴിഞ്ഞിരുന്നു.

1212-ലെ നോമ്പുകാലത്ത് അസ്സീസി കത്തീഡ്രലില്‍ വി. ഫ്രാന്‍സിസ്, ലോകവിരക്തിയെയും പരിഹാരമനോഭാവത്തെയും കുറിച്ച് പ്രസംഗിച്ചത് ക്ലാരയെ സ്പര്‍ശിച്ചു. ഓശാന ഞായറാഴ്ച മനോഹരമായി ഉടുത്തൊരുങ്ങി ക്ലാര ദൈവാലയത്തില്‍ പോയി തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു. അന്നു രാത്രി പ്രായമായ ഒരു സ്ത്രീയോടൊപ്പം ക്ലാര രഹസ്യമായി പോര്‍സ്യങ്കുളാ ദൈവാലയത്തിലേക്കു പോയി. വി. ഫ്രാന്‍സിസും സഹോദരന്മാരും, കത്തിച്ച തിരികളുമായി അവളെ സ്വീകരിച്ചു. അവളുടെ അലങ്കാരവസ്ത്രങ്ങളെല്ലാം മാറ്റിവച്ച് പ്രായശ്ചിത്ത വസ്ത്രങ്ങളണിഞ്ഞു. ഫ്രാന്‍സിസ്, അവളുടെ മുടി വെട്ടിമാറ്റുകയും സാധാരണ ശിരോവസ്ത്രം, പരുപരുത്ത ഉടുപ്പ്, ചരട് എന്നിവ നല്കി ഒരു ബനഡിക്ടന്‍ മഠത്തില്‍ താമസിപ്പിക്കുകയും ചെയ്തു.

താമസിയാതെ അനുജത്തി ആഗ്നസും ക്ലാരയുടെ കൂടെച്ചേര്‍ന്നു. ഫ്രാന്‍സിസ് ഇവര്‍ക്കും പിന്നാലെ വന്നവര്‍ക്കും വേണ്ടി സാന്‍ഡമിയാനോയില്‍ ഭവനമൊരുക്കി. അങ്ങനെ ഫ്രാന്‍സിസ്‌ക്കന്‍ രണ്ടാം സഭയ്ക്ക് ആരംഭം കുറിച്ചു. വളരെ വേഗം സഭ വളര്‍ന്നു. 1215-ല്‍ ക്ലാര മഠാധിപയായി.

28 വര്‍ഷത്തോളം രോഗിണിയായിക്കഴിഞ്ഞ ക്ലാരയുടെ ഭക്ഷണം വിശുദ്ധ കുര്‍ബാന മാത്രമായിരുന്നു. അന്ത്യം ആസന്നമായെന്നറിഞ്ഞ ക്ലാര, അന്ത്യകൂദാശകള്‍ ഭക്തിപൂര്‍വ്വം സ്വീകരിച്ചു. 1253 ആഗസ്റ്റ് 11-ന് ക്ലാര നിത്യാനന്ദത്തില്‍ പ്രവേശിച്ചു. 1255-ല്‍ നാലാം അലക്‌സാണ്ടര്‍ മാര്‍പാപ്പ ക്ലാരയെ വിശുദ്ധയായി പ്രഖ്യാപിച്ചു.

വിശുദ്ധ അട്രാക്റ്റാ 

അട്രാക്റ്റായുടെ ജീവിതകാലം സംബന്ധിച്ച് കൃത്യമായ സ്ഥിതീകരണമില്ല. ആറാം ശതകത്തില്‍ ജീവിച്ചിരുന്ന വി. പാട്രിക്കാണ് അവള്‍ക്ക് സന്യാസവസ്ത്രം നല്കിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ട് അട്രാക്റ്റായുടെ കാലം ആറാം ശതകം തന്നെയാണെന്ന് വിശ്വസിക്കുന്നു.

അയര്‍ലണ്ടിലെ ഒരു കുലീനകുടുംബത്തില്‍ ജനിച്ച അട്രാക്റ്റാ സന്യാസിനിയാകാന്‍ അഭിലഷിച്ചുവെങ്കിലും പിതാവ് അനുവാദം നല്കിയില്ല. തന്മൂലം അവള്‍ കൂളവിന്‍ എന്ന സ്ഥലത്തേക്ക് ഒളിച്ചോടിപ്പോവുകയും വി. പാട്രിക്കില്‍ നിന്നും സന്യാസവസ്ത്രം സ്വീകരിക്കുകയുമാണ് ചെയ്തത്. പിന്നീട് ലഫ്ഗാരായില്‍ താമസിച്ചുകൊണ്ട് അശരണരായ യാത്രക്കാര്‍ക്കു വേണ്ടി ഒരു അഭയകേന്ദ്രം നടത്തി. 1539 വരെ ആ അഭയകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതായി കാണുന്നു. അനന്തരം അവള്‍ റോസ്‌കോമണില്‍ തന്റെ ഒരു ബന്ധുവായ വി. കോണലിന്റെ താമസസ്ഥലത്തിനു സമീപം ഒരു ഏകാന്തവസതിയില്‍ പാര്‍ക്കാന്‍ തീര്‍ച്ചയാക്കി. എന്നാല്‍ വി. കോണല്‍ വിസമ്മതിച്ചതുകൊണ്ട് ആ ഉദ്ദേശ്യം നിറവേറിയില്ല.

ഒരവസരത്തില്‍ കുറേ ആക്രമണകാരികള്‍ കൊണാച്ചിലെ രാജാവിന്റെ പിടിയില്‍ നിന്നും രക്ഷപെട്ട് ഓടിപ്പോവുകയായിരുന്നു. അട്രാക്ക്റ്റാക്ക് അവരോട് അനുകമ്പ തോന്നി. അവള്‍ ലഫ്ഗാരായിലെ വലിയ തടാകത്തിലെ ജലം രണ്ടായി പകുത്ത് അവര്‍ക്ക് രക്ഷാമാര്‍ഗ്ഗം തുറന്നുകൊടുത്തുവെന്ന് പറയപ്പെടുന്നു. മറ്റൊരവസരത്തില്‍ വനത്തില്‍ നിന്നും കൃഷ്ണമൃഗങ്ങളെ കൂട്ടിക്കൊണ്ടു വന്ന് സ്വന്തം തലമുടി കൊണ്ടു ബന്ധിച്ച് കൊണാച്ചിലെ രാജാവിന് കോട്ട പണിയാനുള്ള തടി വലിപ്പിച്ചതായി പറയപ്പെടുന്നു. കോട്ടപണിയില്‍ പങ്കെടുക്കാന്‍ രാജാവ് നിര്‍ബന്ധിച്ചപ്പോഴാണത്രേ അവള്‍ ഇങ്ങനെ പ്രവര്‍ത്തിച്ചത്. അട്രാക്റ്റായുടെ സ്മരണ അയര്‍ലണ്ടിലുടനീളം ഭക്തജനങ്ങള്‍ ഇന്നും ആചരിച്ചുപോരുന്നു.

വിശുദ്ധ അന്ന (സൂസന്ന)

അന്ന ശിശുവായിരുന്നപ്പോള്‍ തന്നെ പിതാവ് മരിച്ചു. അതോടു കൂടി വമ്പിച്ച പിതൃസ്വത്തിന് മാതാവും പുത്രിയും മാത്രമായി അവകാശികള്‍. ഈശ്വരഭക്തയായിരുന്ന മാതാവ് മകളെ ശ്രദ്ധാപൂര്‍വ്വം വളര്‍ത്തി. ആത്മപരിശുദ്ധിയും ശരീരലാവണ്യവും ഒത്തുചേര്‍ന്നിരുന്നതുകൊണ്ട് അന്നയെ വിവാഹം ചെയ്യാന്‍ പലരും ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍, അവള്‍ വിവാഹത്തിനു വിസമ്മതിക്കുകയാണ് ചെയ്തത്. മാസിഡോനിയായിലെ ചക്രവര്‍ത്തിയുടെ ശുപാര്‍ശയോടു കൂടി ഉന്നയിക്കപ്പെട്ട ഒരു വിവാഹാഭ്യര്‍ത്ഥന അവള്‍ നിരാകരിച്ചപ്പോള്‍ ചക്രവര്‍ത്തി കോപാകുലനായി. തന്മൂലം അവള്‍ക്ക് ഒട്ടേറെ പീഡകള്‍ സഹിക്കേണ്ടി വന്നു.

കന്യകാവ്രതനിഷ്ഠയോടു കൂടി ജീവിച്ച അന്ന, ഇരുപത്തിയെട്ടാമത്തെ വയസില്‍ സ്വത്തെല്ലാം അഗതികള്‍ക്ക് ദാനം ചെയ്തതിനു ശേഷം എപ്പീരൂസിലേക്ക് പലായനം ചെയ്തു. അവിടെ അമ്പതു വര്‍ഷം ഏകാന്തജീവിതം നയിച്ചു.

വിചിന്തനം: ”യഥാര്‍ത്ഥ സമാധാനം അഗ്രഹിക്കുന്നുണ്ടെങ്കില്‍, ദൈവത്തിന്റെ നീതിക്കനുസൃതമായോ, മനുഷ്യന്റെ അനീതിയാലോ വന്നുചേരുന്ന അനര്‍ത്ഥങ്ങളെ ക്ഷമയോടെ സഹിക്കണം.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.