ഏപ്രില്‍ 08: വി. അഗസ്റ്റിന്റെ വാഴ്ത്ത. ജൂലിയന്‍

ജൂലിയന്‍ ജനിച്ചുവളര്‍ന്നത് സ്‌പെയിനിലാണ്. സന്മാര്‍ഗ്ഗത്തിലും മതാനുഷ്ഠാനങ്ങളിലും സുശിക്ഷിതനായിരുന്ന ജൂലിയന്‍ വിശുദ്ധ കുര്‍ബാനയോട് അതീവഭക്തനായിരുന്നു. യുവാവായപ്പോള്‍ ഫ്രാന്‍സിസ്‌ക്കന്‍ സഭയില്‍ അംഗമായി ചേര്‍ന്നു. അസാധാരണമായ പരിത്യാഗകൃത്യങ്ങള്‍ അനുഷ്ഠിച്ചിരുന്നതിനാല്‍ ആരോഗ്യമില്ലാത്തവനായി പരിഗണിക്കപ്പെട്ടു. തന്നിമിത്തം നവസന്യാസത്തില്‍ നിന്നും പുറന്തള്ളി. എങ്കിലും, ചഞ്ചലചിത്തനാകാതെ സമീപത്തുള്ള മലമ്പ്രദേശത്ത് കുടില്‍ കെട്ടി ഏകാന്തവാസമാരംഭിച്ചു. അനുദിനം മറ്റ് ദരിദ്രരോടൊപ്പം ആശ്രമത്തിലെത്തി ഒരു നേരത്തെ ആഹാരം കഴിച്ചിരുന്നു.

ജൂലിയന്റെ സ്ഥിരോത്സാഹവും ആത്മാര്‍ത്ഥമായ പരസ്‌നേഹവും മനസ്സിലാക്കിയ സഭാധികാരികള്‍ തങ്ങളുടെ തെറ്റ് മനസ്സിലാക്കുകയും അദ്ദേഹത്തെ സഭയില്‍ വീണ്ടും സ്വീകരിക്കുകയും ചെയ്തു. കൂടുതല്‍ ശക്തമായി പ്രാര്‍ത്ഥിച്ചുകൊണ്ട് ആത്മരക്ഷയില്‍ തല്പരനായി ജൂലിയന്‍ ജീവിച്ചു. പരിശീലനം പൂര്‍ത്തിയാക്കി വ്രതമെടുത്തു.

അദ്ദേഹം ദിവ്യകാരുണ്യനാഥന്റെ അനുസരണവും ത്യാഗവും സ്വന്തമാക്കാന്‍ അഭിലഷിച്ചു. കഠിനമായ ഉപവാസം, ഇരുമ്പ് അരഞ്ഞാണത്തിന്റെ ഉപയോഗം എന്നിവയുണ്ടായിട്ടും ആരോഗ്യവാനായി കാണപ്പെട്ടത് വൈദ്യന്മാര്‍ക്ക് വിസ്മയമുളവാക്കി. രാത്രിയില്‍ ദിവ്യകാരുണ്യ സന്നിധിയില്‍ ദീര്‍ഘനേരം പ്രാര്‍ത്ഥിച്ചിരുന്നു. പലപ്പോഴും ദിവ്യദര്‍ശനത്താല്‍ അനുഗൃഹീതനായി. എങ്കിലും വിനയാന്വിതനായി ജീവിച്ചു. ഏറ്റം വലിയ പാപിയും അവഹേളനങ്ങള്‍ക്ക് അര്‍ഹനുമാണെന്ന് സ്വയം കരുതി. 1606 ഏപ്രില്‍ 8-ാം തീയതി അല്‍ക്കാലാ ആശ്രമത്തില്‍ വച്ച് നിര്യാതനായി. 1825-ല്‍ പന്ത്രണ്ടാം ലിയോ മാര്‍പാപ്പ, ജൂലിയാനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

വിചിന്തനം: സഹ്യവസ്തുക്കളുടെ മുമ്പില്‍ അടച്ചിടുന്നതും ആന്തരീക കാഴ്ചകള്‍ കാണാന്‍ തുറന്നുകിടക്കുന്നതുമായ കണ്ണുകള്‍ അനുഗ്രഹീതങ്ങളാകുന്നു.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.