ഏപ്രില്‍ 27: വിശുദ്ധ സീത്ത

വേലക്കാരുടെയും ഭൃത്യന്മാരുടെയും മദ്ധ്യസ്ഥനായ വി. സീത്താ, ഇറ്റലിയിലെ ലൂക്കാ എന്ന സ്ഥലത്തിനടുത്തുള്ള മോണ്‍ സെഗ്രാഡി എന്ന ഗ്രാമത്തില്‍ 1218-ല്‍ ജനിച്ചു. സാധുക്കളായ തൊഴിലാളികളായിരുന്നു അവളുടെ മാതാപിതാക്കന്മാര്‍. എങ്കിലും പുണ്യസമ്പാദനത്തില്‍ ധനവാന്മാരായിരുന്ന മാതാപിതാക്കന്മാരുടെ മാതൃകാപരമായ ജീവിതമാവാം സീത്തായെ ബാല്യം മുതല്‍ തന്നെ ഭക്തജീവിതം നയിക്കുന്നതിന് പ്രേരിപ്പിച്ചത്.

സീത്ത, തന്റെ പന്ത്രണ്ടാമത്തെ വയസില്‍ ജന്മദേശത്തിനടുത്തുള്ള പഗാനോഡി എന്ന വ്യക്തിയുടെ ഭവനത്തില്‍ ദാസ്യവൃത്തി ചെയ്യാന്‍ ആരംഭിച്ചു. അവിടെ അവളെ കാത്തിരുന്നത് നിന്ദനങ്ങളും ക്ലേശങ്ങളും മാത്രമായിരുന്നു. എന്നാല്‍, തന്റെ ഗൃഹനാഥനും നായികയും ദൈവത്താല്‍ നിയുക്തരായ അധികാരികളാണെന്ന യാഥാര്‍ത്ഥ്യം ഗ്രഹിച്ചുകൊണ്ട്, സീത്ത എല്ലാ കാര്യങ്ങളിലും അവരെ പൂര്‍ണ്ണമായി അനുസരിക്കുകയാണ് ചെയ്തത്. അവളുടെ സൗമ്യത വെറും വ്യാജപ്രകടനമാണെന്നും അവള്‍ പ്രദര്‍ശിപ്പിക്കുന്ന ഉത്സാഹം അഹംഭാവത്തിന്റെ ഫലമാണെന്നും അവര്‍ വ്യാഖ്യാനിച്ചു. എന്നാല്‍ ഇതിലൊന്നും അല്പം പോലും നീരസം സീത്ത പ്രകടിപ്പിച്ചില്ല.

എന്നാല്‍, കാലക്രമത്തില്‍ ആ കുടുംബം സീത്തയുടെ വിശുദ്ധിയും ആത്മാര്‍ത്ഥതയും തിരിച്ചറിഞ്ഞു. അതോടുകൂടി സീത്തയില്‍ ഒളിഞ്ഞുകിടന്നിരുന്ന ഗുണഗണങ്ങള്‍ മറ്റ് ജോലിക്കാര്‍ക്കും ബോധ്യമായി. സീത്തയുടെ സ്വഭാവവൈശിഷ്ട്യവും വിശ്വസ്തതയും മനസ്സിലാക്കിയ യജമാനന്‍, അവളെ ഭവനസംബന്ധമായ സകല ചുമതലകളും ഏല്പിച്ചു. എന്നാല്‍, ഇതിലൊന്നും തെല്ലും അഹങ്കരിക്കാതെ തന്റെ കര്‍ത്തവ്യങ്ങള്‍ അവള്‍ സൗമ്യതയോടും വിശ്വസ്തതയോടും കൂടി ചെയ്തുവന്നു. ഈ ജോലികള്‍ക്കിടയിലും സീത്ത, ദൈവിക കാര്യങ്ങള്‍ക്ക് യാതൊരു മുടക്കവും വരുത്തിയിരുന്നില്ല. കൂട്ടുജോലിക്കാര്‍ ഉണരുന്നതിനു വളരെ മുമ്പുതന്നെ എഴുന്നേറ്റ് ദിവ്യബലിയില്‍ സംബന്ധിക്കുമായിരുന്നു. ദൈവസാന്നിധ്യചിന്ത സീത്തയുടെ ഹൃദയത്തില്‍ സദാ കൂടിക്കൊണ്ടിരുന്നു.

ദരിദ്രരോട് സീത്തയ്ക്കുണ്ടായിരുന്ന അനുകമ്പ വിവരിക്കാവുന്നതിനുമപ്പുറമാണ്. അവരെ സഹായിക്കുന്നതിനുള്ള സീത്തയുടെ അശ്രാന്തപരിശ്രമങ്ങള്‍ക്ക് പലപ്പോഴും അത്ഭുതങ്ങള്‍ വഴിയായി ദൈവം പ്രതിസമ്മാനം നല്കിയിരുന്നു. ഒരിക്കല്‍ കഠിനമായ ക്ഷാമം ബാധിച്ചിരുന്ന കാലത്ത് അവളുടെ യജമാനന്റെ പടിവാതില്‍ക്കല്‍ ഒരു നേരത്തെ ഭക്ഷണം യാചിച്ചുകൊണ്ട് പട്ടിണിപ്പാവങ്ങളായ കുറെയധികം പേര്‍ എത്തി. അവരെ വെറുംകൈയ്യോടെ തിരിച്ചയയ്ക്കാന്‍ സീത്തായുടെ മനസ്സനുവദിച്ചില്ല. സീത്ത, യജമാനന്റെ അനുവാദത്തിനു കാത്തുനില്‍ക്കാതെ ധാന്യപ്പുരയില്‍ നിന്ന് കുറെയധികം ധാന്യങ്ങള്‍ ആ പാവങ്ങള്‍ക്കു നല്കി. പക്ഷേ, പിന്നീട് യജമാനന്‍ ധാന്യപ്പുര പരിശോധിച്ചപ്പോള്‍ ധാന്യത്തിന്റെ അളവില്‍ യാതൊരു കുറവും കണ്ടില്ല. ഇത്തരത്തില്‍ ധാരാളം അത്ഭുതങ്ങള്‍ വിശുദ്ധയിലൂടെ ദൈവം പ്രവര്‍ത്തിച്ചിട്ടുള്ളതായി പറയപ്പെടുന്നു. ജീവിതകാലം മുഴുവന്‍ ദൈവസ്‌നേഹത്തെപ്രതി ചെലവഴിച്ച വിശുദ്ധ 1272 ഏപ്രില്‍ 27-ന് സ്വര്‍ഗ്ഗത്തിലേയ്ക്ക് പറന്നുയര്‍ന്നു.

വിചിന്തനം: ”വിശുദ്ധമായ മനഃസാക്ഷി നിനക്കുണ്ടെങ്കില്‍ ദൈവം തന്നെ നിന്നെ കാത്തുകൊള്ളും.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.