ഏപ്രില്‍ 26: വിശുദ്ധ മര്‍സെല്ലീനൂസ്

റോമില്‍ ജനിച്ച ഇദ്ദേഹം 296 ജൂണ്‍ 30-ന് പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ കാലത്താണ് ഡയോക്ലിഷ്യന്‍ ചക്രവര്‍ത്തിയുടെ മതപീഡനം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയത്. ദേവാലയങ്ങളും വിശുദ്ധ ഗ്രന്ഥങ്ങള്‍ വരെയും നശിപ്പിക്കപ്പെട്ടു. അനേകം ക്രൈസ്തവര്‍ നിഷ്‌കരുണം വധിക്കപ്പെട്ടു. തെരുവീഥികളില്‍ ചോരപ്പുഴകള്‍ ഒഴുകി. അദ്ദേഹത്തിന്റെ ന്യായാധിപന്മാര്‍ മനഃസാക്ഷിയില്ലാതെ ക്രൈസ്തവരെ കൊലക്കളത്തിലേക്ക് അയച്ചുകൊണ്ടിരുന്നു. പക്ഷേ, ക്രൈസ്തവസമൂഹം ഇവയെ സമചിത്തതയോടെ നേരിട്ടു. മര്‍ദ്ദനങ്ങളും പീഡനങ്ങളും മൂര്‍ച്ഛിച്ച അവസരത്തില്‍ പാപ്പായെയും അവര്‍ കൊലപ്പെടുത്തി. പാപ്പായെ സംബന്ധിക്കുന്ന എല്ലാ ചരിത്രരേഖകളും അദ്ദേഹം രചിച്ച പുസ്തകങ്ങളും മറ്റ് പ്രമാണരേഖകളുമെല്ലാം ശത്രുക്കള്‍ അഗ്നിക്കിരയാക്കി.

ക്രൈസ്തവ പീഡനങ്ങളുടെ കാഠിന്യം കണ്ട പാപ്പാ ഒരവസരത്തില്‍ വിശ്വാസം ത്യജിച്ചുവെന്നും പെട്ടെന്നു തന്നെ മാനസാന്തരപ്പെട്ട് ആ തെറ്റിന് സ്വന്തം രക്തം കൊണ്ടു തന്നെ പരിഹാരം ചെയ്തുവെന്നുമാണ് പാരമ്പര്യം. എട്ടു വര്‍ഷത്തോളം അദ്ദേഹം സഭാഭരണം നടത്തി.

വിചിന്തനം: ”ആരാണ് നിനക്ക് അനുകൂലമെന്നും പ്രതികൂലമെന്നും നീ പരിഗണിക്കേണ്ടതില്ല. നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ദൈവം നിന്റെ കൂടെ ഉണ്ടായിരിക്കണമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുക.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.