ഏപ്രില്‍ 25: വി. മര്‍ക്കോസ് സുവിശേഷകന്‍

വി. മര്‍ക്കോസ്, അഹറോന്‍ ഗോത്രത്തില്‍പെട്ട ഒരു യഹൂദനായിരുന്നു എന്നാണ് വിശ്വസിക്കുന്നത്. ക്രിസ്തുവിന്റെ ഉത്ഥാനശേഷം അപ്പസ്‌തോല തലവനായ വി. പത്രോസാണ് മര്‍ക്കോസിനെ നിത്യസഭയിലേക്ക് സ്വീകരിച്ചത്. പിന്നീട് പത്രോസിന്റെ പല യാത്രകളിലും മര്‍ക്കോസ് അദ്ദേഹത്തെ അനുഗമിച്ചിരുന്നു. പത്രോസ്, തന്റെ പ്രഥമ ലേഖനത്തില്‍ മര്‍ക്കോസിനെ ‘പുത്രന്‍’ എന്നാണ് സംബോധന ചെയ്തിരിക്കുന്നത് (1 പത്രോസ് 5:15). ഒരിക്കല്‍ പത്രോസ് കാരാഗൃഹത്തില്‍ നിന്ന് രക്ഷപെട്ടതിനു ശേഷം അഭയം തേടിയത് മര്‍ക്കോസിന്റെ ഭവനത്തിലായിരുന്നു (നട. 12:12).

ക്രിസ്തുവിനെ ഗത്‌സമെനില്‍ വച്ച് പടയാളികള്‍ ബന്ധിച്ചപ്പോള്‍, അവിടുത്തെ അനുഗമിച്ചു എന്നു പറയപ്പെടുന്ന യുവാവ് വി. മര്‍ക്കോസാണെന്നാണ് വിശ്വസിക്കപ്പെടുന്നത് (മര്‍ക്കോ. 14:51-52). പത്രോസിന്റെ പ്രസംഗങ്ങള്‍ രേഖപ്പെടുത്തണമെന്ന റോമായിലെ ജനങ്ങളുടെ ആഗ്രഹമനുസരിച്ചാണ് വിശുദ്ധന്‍ തന്റെ സുവിശേഷം എഴുതിയത്. പത്രോസിന്റെ സ്വഭാവരീതിയെ വ്യക്തമാക്കുന്ന ഈ സുവിശേഷം ‘പത്രോസിന്റെ സുവിശേഷം’ എന്നും നാമകരണം ചെയ്തിരുന്നു. വി. പത്രോസിന്റെ മേല്‍നോട്ടത്തിലും അനുവാദത്തോടും കൂടിയാണ് ഈ കൃത്യം മര്‍ക്കോസ് നിര്‍വ്വഹിച്ചത്.

അലക്‌സാണ്ട്രിയായില്‍ സഭ സ്ഥാപിക്കുക എന്ന ദൗത്യമാണ് പത്രോസ് മര്‍ക്കോസിനെ ഏല്പിച്ചത്. പത്രോസിനാല്‍ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ട വിശുദ്ധന്‍ തന്റെ ദൗത്യം തീക്ഷ്ണതയോടെ നിര്‍വ്വഹിച്ചു. അവിടെ ആദ്യത്തെ ക്രൈസ്തവ വിദ്യാലയം വിശുദ്ധനാല്‍ സ്ഥാപിതമായി. സുപ്രസിദ്ധമായിത്തീര്‍ന്ന ഈ സ്ഥാപനം അനേകം മെത്രാന്മാരെയും സഭാപിതാക്കന്മാരെയും തിരുസഭക്ക് പ്രദാനം ചെയ്തു. മര്‍ക്കോസ് തന്റെ പ്രവര്‍ത്തനങ്ങളിലൂടെ അനേകരെ കത്തോലിക്കാ സഭയിലേക്ക് ആനയിച്ചുകൊണ്ടിരുന്നു; അതനുസരിച്ച് ശത്രുക്കളുടെ എണ്ണവും പെരുകി.

അവിടെ വച്ച് വിജാതീയര്‍ വിശുദ്ധനെ പിടികൂടുകയും കയറുകളാല്‍ ബന്ധിച്ച് പാറകള്‍ക്കു മീതെ കൂടി വലിച്ചിഴക്കുകയും ഒരു കാരാഗൃഹത്തില്‍ പാര്‍പ്പിക്കുകയും ചെയ്തു. പലവിധ പീഡനങ്ങള്‍ക്കൊടുവില്‍ അവര്‍ വിശുദ്ധനെ വധിച്ചു.

വിചിന്തനം: ”യേശുക്രിസ്തുവിനെ നമുക്ക് ബഹുമാനിക്കണമെന്നുണ്ടെങ്കില്‍ അവിടുത്തെ അറിയുകയും സ്‌നേഹിക്കുകയും സകല ക്രിസ്തീയപുണ്യങ്ങളും അഭ്യസിക്കുകയും വേണം.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.