ഏപ്രില്‍ 23: വിശുദ്ധ ഗീവര്‍ഗ്ഗീസ്

വി. ഗീവര്‍ഗ്ഗീസ് ക്രിസ്തുവര്‍ഷം 275-ല്‍ കപദോച്ചിയാ എന്ന സ്ഥലത്ത് ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. ഒരു കുലീനകുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന്റെ ബാല്യത്തില്‍ തന്നെ പിതാവ് മരണമടഞ്ഞു. പിതാവിന്റെ മരണശേഷം വിശുദ്ധന്‍ മാതാവിനോടു കൂടെ അവളുടെ ജന്മദേശമായ പാലസ്തീനായിലേയ്ക്കു പോയി. ചെറുപ്പം മുതലേ ഗീവര്‍ഗ്ഗീസിനെ ക്രൈസ്തവവിശ്വാസത്തില്‍ വളര്‍ത്തുവാന്‍ അദ്ദേഹത്തിന്റെ മാതാവ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ഗീവര്‍ഗ്ഗീസ് ഒരു യുവാവായതോടെ ഡയോക്ലീഷ്യന്റെ സൈന്യത്തില്‍ ചേര്‍ന്നു. വിശ്വസ്തനും സമര്‍ത്ഥനുമായിരുന്ന ഗീവര്‍ഗ്ഗീസില്‍ സംപ്രീതനായ ചക്രവര്‍ത്തി അദ്ദേഹത്തിന് ഉദ്യോഗക്കയറ്റം നല്കുകയും ഒടുവില്‍ അംഗരക്ഷകന്മാരില്‍ ഒരുവനായി നിയമിക്കുകയും ചെയ്തു. ഈ അവസരത്തിലും അദ്ദേഹം ഉത്തമ ക്രൈസ്തവജീവിതമാണ് നയിച്ചിരുന്നത്. എന്നാല്‍, മറ്റുള്ളവര്‍ അത് അതറിഞ്ഞിരുന്നില്ല എന്നുമാത്രം. ഈ കാലഘട്ടങ്ങളിലാണ് ഗീവര്‍ഗ്ഗീസ് അശ്വാരൂഢനായി ലിബിയയില്‍ കൂടി യാത്ര ചെയ്തതും പ്രസിദ്ധമായ സര്‍പ്പവധം നടത്തിയതും (ഈ സംഭവത്തെ ഒരു ഐതിഹ്യമായി മാത്രമാണ് പലരും പരിഗണിക്കുന്നത്).

ക്രിസ്തുമതത്തിന്റെ ബദ്ധവിരോധിയായിരുന്ന ഡയോക്ലീഷ്യന്‍, ഈ സന്ദര്‍ഭത്തിലാണ് ക്രിസ്ത്യാനികളെ ക്രൂരമായി പീഡിപ്പിക്കുവാനുള്ള ഒരു വിളംബരം പുറപ്പെടുവിച്ചത്. അതോടെ ക്രിസ്ത്യാനികള്‍ പലരും ഭയവിഹ്വലരായി ജീവരക്ഷാര്‍ത്ഥം ഓടിയൊളിച്ചു. എന്നാല്‍ ഗീവര്‍ഗ്ഗീസ്, താന്‍ ഒരു ക്രിസ്ത്യാനിയാണെന്നു പ്രസ്താവിക്കുകയും പ്രസ്തുത വിളംബരത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു. ഇതില്‍ കുപിതനായ ചക്രവര്‍ത്തി ഉടന്‍തന്നെ അദ്ദേഹത്തെ കാരാഗൃഹത്തിലടച്ചു.

ഗീവര്‍ഗ്ഗീസിനെ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന ചക്രവര്‍ത്തി, അദ്ദേഹത്തെക്കൊണ്ട് മതത്യാഗം ചെയ്യുന്നതിനായി പല മാര്‍ഗ്ഗങ്ങളും പ്രയോഗിച്ചു. എന്നാല്‍, ചക്രവര്‍ത്തിയുടെ സ്‌നേഹപൂര്‍ണ്ണമായ ഉപദേശത്തിനോ ഭീഷണിക്കോ അദ്ദേഹത്തെ തന്റെ തീരുമാനത്തില്‍ നിന്നും വ്യതിചലിപ്പിക്കുവാനായില്ല. തന്മൂലം, അദ്ദേഹത്തെ പലവിധ പീഡനങ്ങള്‍ക്കു വിധേയനാക്കാന്‍ ചക്രവര്‍ത്തി കല്പന കൊടുത്തു. എന്നാല്‍, പീഡനങ്ങളെല്ലാം അദ്ദേഹത്തിന്റെ വിശ്വാസത്തെ ആളിക്കത്തിച്ചതു മാത്രമേയുള്ളൂ. എല്ലാ മാര്‍ഗ്ഗങ്ങളും ഫലശൂന്യമായതോടെ ഗീവര്‍ഗ്ഗീസിനെ വധിക്കുവാന്‍ ഉത്തരവായി. എന്നാല്‍, അദ്ദേഹത്തെ വധിക്കുവാനുള്ള എല്ലാ ശ്രമങ്ങളും ദൈവം അത്ഭുതങ്ങള്‍ വഴി പരാജയപ്പെടുത്തി. ഇത് അനേകരുടെ മാനസാന്തരത്തിനു കാരണമായി.

ദേവന്മാരെ ആരാധിക്കുവാന്‍ ചക്രവര്‍ത്തി വീണ്ടും അദ്ദേഹത്തോട് ഉപദേശിച്ചു. അതിനായി അദ്ദേഹത്തെ ഒരു ദിവസം ക്ഷേത്രത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. എന്നാല്‍, അവിടെ പ്രവേശിച്ച വിശുദ്ധന്‍ വിഗ്രഹങ്ങള്‍ക്കുനേരെ കുരിശടയാളം വരയ്ക്കുകയും ഉടന്‍തന്നെ അവിടെയുണ്ടായിരുന്ന വിഗ്രഹങ്ങളെല്ലാം തകര്‍ന്ന് നിലംപതിക്കുകയും ചെയ്തു. പിന്നീട് അധികം താമസിക്കേണ്ടി വന്നില്ല. ചക്രവര്‍ത്തിയുടെ ആജ്ഞയനുസരിച്ച് ഗീവര്‍ഗ്ഗീസിന്റെ തല ഛേദിക്കപ്പെട്ടു.

വിചിന്തനം: ‘സുകൃതജീവിതം, മനുഷ്യനെ ദൈവസന്നിധിയില്‍ വിവേകവാനാക്കുന്നു. എല്ലാ കാര്യങ്ങളിലും സമര്‍ത്ഥനുമാക്കുന്നു.’

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.