ഏപ്രില്‍ 15: വി. പീറ്റര്‍ ഗോണ്‍സാലേസ്

കടല്‍യാത്രക്കാരുടെ മദ്ധ്യസ്ഥനെന്ന് അറിയപ്പെടുന്ന വി. പീറ്റര്‍ ഗോണ്‍സാലേസ് 1190 -ല്‍ സ്‌പെയിനിലെ അസ്റ്റോര്‍ഗാ എന്ന സ്ഥലത്ത് ജാതനായി. അതിസമര്‍ത്ഥനും ബുദ്ധിമാനുമായിരുന്ന പീറ്റര്‍ ജന്മസ്ഥലമായ അസ്റ്റോര്‍ഗില്‍ യൗവനപ്രായത്തില്‍ തന്നെ പ്രധാനബോധകനായി നിയമിക്കപ്പെട്ടു.

തന്റെ സാമര്‍ത്ഥ്യം പ്രദര്‍ശിപ്പിക്കുക എന്ന ഒറ്റലക്ഷ്യം കൊണ്ടു മാത്രമാണു പീറ്റര്‍ ഈ ഉദ്യോഗം സ്വീകരിച്ചത്. അശ്വാരൂഢനായി ഉദ്യോഗസ്വീകരണത്തിനെത്തിയ പീറ്റര്‍ യാത്രാമദ്ധ്യേ കുതിരപ്പുറത്തുനിന്നു വീഴുകയും ശരീരമാകെ ചെളി പുരണ്ട് വികൃതരൂപനാവുകയും ചെയ്തു. അത് കണ്ടുനിന്ന ജനങ്ങള്‍ അദ്ദേഹത്തെ കളിയാക്കി ഉറക്കെ ചിരിച്ചു. പക്ഷേ, ആ വീഴ്ചയില്‍ നിന്ന് ഒരു പുതിയ മനുഷ്യനായാണ് അദ്ദേഹം എഴുന്നേറ്റത്. തന്റെ സ്വാര്‍ത്ഥതയേയും അഹങ്കാരത്തെയും ഉന്മൂലനം ചെയ്യുവാന്‍ പീറ്റര്‍ തീരുമാനിച്ചു.

പിന്നെ അധികം വൈകിയില്ല. പീറ്റര്‍, ഡോമിനിക്കന്‍ സഭയില്‍ പ്രവേശിച്ചു. പുണ്യത്തില്‍ അനുദിനം വളര്‍ന്ന വിശുദ്ധന്‍ എളിമയിലും പ്രായശ്ചിത്തത്തിലും ഉറച്ചുനിന്നു. അധികാരികളുടെ കല്പനയനുസരിച്ച് അദ്ദേഹം സുവിശേഷപ്രഘോഷണം ആരംഭിച്ചു. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ അനേകരെ ആകര്‍ഷിക്കുകയും സന്മാര്‍ഗജീവിതത്തിലേയ്ക്കു നയിക്കുകയും ചെയ്തു. ഏതു കഠിനപാപിയും കണ്ണുനീര്‍ ചിന്തി അദ്ദേഹത്തിന്റെ പാദത്തിങ്കല്‍ വീഴുമായിരുന്നു.

പീറ്ററിന്റെ ജീവിതവിശുദ്ധിയെപ്പറ്റി കേട്ടറിഞ്ഞ ഫെര്‍ഡിനന്റ് രണ്ടാമന്‍ രാജാവ് അദ്ദേഹത്തെ തന്റെ കൊട്ടാരത്തിലേയ്ക്കു ക്ഷണിച്ചു. ആശ്രമത്തിലേതുപോലെ എളിയജീവിതമാണ് അദ്ദേഹം കൊട്ടാരത്തിലും നയിച്ചത്. കൊട്ടാരത്തിലെത്തിയ വിശുദ്ധന്‍, തന്റെ പ്രസംഗത്തിലൂടെയും ജീവിതമാതൃകയിലൂടെയും രാജസന്നാഹങ്ങളെയും ഭടന്മാരെയും നവീകരിച്ചു. യുദ്ധത്തില്‍ വിജയം വരിക്കുമ്പോള്‍ തങ്ങളുടെ മോഹവികാരങ്ങളെ നിയന്ത്രിക്കണമെന്നും കവര്‍ച്ചകള്‍ നടത്തരുതെന്നും പിടികൂടുന്ന അടിമകളുടെ ജീവന്‍ സംരക്ഷിക്കണമെന്നും അദ്ദേഹം അവരെ ഉദ്‌ബോധിപ്പിച്ചു.

അവസരം കിട്ടുമ്പോഴെല്ലാം അദ്ദേഹം കൊട്ടാരം വിട്ട് ദരിദ്രരോടും കടല്‍ത്തീരത്തുള്ള കപ്പല്‍യാത്രക്കാരോടും സുവിശേഷം പ്രസംഗിച്ചിരുന്നു. ഇതിനായി അദ്ദേഹത്തിന് പലവിധ കഷ്ടപ്പാടുകള്‍ സഹിക്കേണ്ടിവന്നിട്ടുണ്ട്. കപ്പല്‍യാത്രക്കാര്‍ക്ക് ശരിയായ ആദ്ധ്യാത്മികജീവിതം നയിക്കുന്നതിനുള്ള സൗകര്യമില്ലായ്മയെ ഓര്‍ത്ത് അവരോട് വിശുദ്ധന് പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. അവരില്‍ ഏറ്റവും അജ്ഞനായവനെപ്പോലും ദൈവികകാര്യങ്ങള്‍ മനസിലാക്കി കൊടുക്കുന്നതിലുള്ള പ്രത്യേകവരം ദൈവം പീറ്ററിനു പ്രദാനം ചെയ്തിരുന്നു. വിശുദ്ധന്റെ ജീവിതത്തിലെ അന്ത്യകാലം ഇവര്‍ക്കുവേണ്ടിയാണു ചെലവഴിച്ചത്. 1246 ഏപ്രില്‍ 15-ാം തീയതി 56-ാമത്തെ വയസില്‍ വിശുദ്ധന്‍ മരണമടഞ്ഞു.

വിചിന്തനം: ‘അങ്ങയുടെ കരങ്ങളില്‍ നിന്നു നന്മയും തിന്മയും മാധുര്യവും കയ്പ്പും സന്തോഷങ്ങളും സങ്കടങ്ങളും സമചിത്തതയോടെ സ്വീകരിക്കുവാന്‍ ഞാന്‍ സന്നദ്ധനാണ്. എനിക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന സകലത്തിനും ഞാന്‍ അങ്ങേയ്ക്കു നന്ദി പറയുന്നു.’

ഫാ. ജെ. കൊച്ചുവീട്ടിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.