ഏപ്രില്‍ 14: വിശുദ്ധ ബെനെസെറ്റ്

പാലം പണിക്കാരുടെ മദ്ധ്യസ്ഥനായി വണങ്ങപ്പെടുന്ന വി. ബെനെസെറ്റ് ഫ്രാന്‍സിലെ സാവോയ്‌യിലുള്ള ഹെര്‍മില്ലോണില്‍ 1163-ല്‍ ജനിച്ചതായി കരുതപ്പെടുന്നു. അമ്മയുടെ ആടുകളെ മേയ്ക്കുകയായിരുന്നു കുട്ടിക്കാലത്തെ തൊഴില്‍.

മധ്യകാലഘട്ടങ്ങളിലെ ഒരു ജീവകാരുണ്യപ്രവര്‍ത്തനമായിരുന്നു പാലം പണി. അവിഗ്നോണില്‍ കല്ലു കൊണ്ടുള്ള ഒരുപാലം പണിയണമെന്ന് മൂന്നു തവണ ബെനെസെറ്റിന് സ്വപ്നത്തില്‍ ദര്‍ശനമുണ്ടായി. കുത്തൊഴുക്കു മൂലം ഇവിടെ നടന്നിട്ടുള്ള പാലം പണി യത്‌നങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. വലിപ്പം കുറഞ്ഞ ശരീരപ്രകൃതിക്കാരനായിരുന്നു ബെനെസെറ്റ്. പാലം പണിയുടെ സാങ്കേതികവശങ്ങള്‍ അദ്ദേഹത്തിന് അജ്ഞാതവുമായിരുന്നു; പണവും ഉണ്ടായിരുന്നില്ല. എന്നിട്ടും ബെനെസെറ്റ് സ്ഥലത്തെ മെത്രാനെ കണ്ട് പാലം പണിക്ക് അനുമതി തേടി. ചില അത്ഭുതങ്ങള്‍ കാട്ടിയാണ് പാലം പണിയാനുള്ള അനുമതി നേടിയതെന്ന് വിശ്വസിക്കപ്പെടുന്നു.

1177-ല്‍ പാലം പണി ആരംഭിച്ചു. ഏഴു വര്‍ഷത്തേക്ക് അതിന്റെ ചുമതലകള്‍ക്ക് നേതൃത്വം നല്കി. പ്രധാന തടസങ്ങളെല്ലാം നീങ്ങി. പണി സുഗമമായപ്പോള്‍ ബെനെസെറ്റ് അന്തരിച്ചു. നാലു വര്‍ഷം കൂടി കഴിഞ്ഞാണ് പാലം പണി പൂര്‍ത്തിയായത്. അത്ഭുതക്കാരനായ പാലം പണിക്കാരനെ അവര്‍ പാലത്തില്‍ തന്നെ സംസ്‌കരിച്ചു. അവിടെ തീര്‍ത്ഥാടനകേന്ദ്രമായി. അത്ഭുതങ്ങള്‍ ധാരാളമായി സംഭവിച്ചു. അതുകൊണ്ട് നഗരപിതാക്കന്മാര്‍ അവിടെ ഒരു ചാപ്പലുണ്ടാക്കി. അതിനുള്ളില്‍ 500 വര്‍ഷം മൃതദേഹം സൂക്ഷിച്ചു.

1669-ല്‍ പാലത്തിന്റെ ഒരു ഭാഗം ദുര്‍ബലമായി. ചാപ്പല്‍ സ്ഥിതിചെയ്തിരുന്നിടം ഇടിഞ്ഞു വെള്ളത്തില്‍ വീണു. എന്നാല്‍ ശവപ്പെട്ടി വീണ്ടെടുക്കാനായി. പിറ്റേ വര്‍ഷം അത് തുറന്നപ്പോള്‍ മൃതദേഹം അഴുകാത്ത നിലയില്‍ കാണപ്പെട്ടു. ശവപ്പെട്ടിയുടെ ഉരുക്കുതകിടുകള്‍ തുരുമ്പിച്ചിരുന്നു. 1674-ല്‍ സെലസ്റ്റിന്‍ പള്ളിയിലേക്ക് മൃതദേഹം മാറ്റുമ്പോഴും ശരീരത്തിന് തകരാറൊന്നും ഉണ്ടായിരുന്നില്ല.

1789-ലെ ഫ്രഞ്ച് വിപ്ലവകാലം വരെ പള്ളിയും തിരുശേഷിപ്പും ഭദ്രമായി സൂക്ഷിക്കപ്പെട്ടിരുന്നു. ഒരു സംഘം വിപ്ലവകാരികള്‍ 1789-ല്‍ പള്ളി പിടിച്ചെടുത്ത് ശരീരം നശിപ്പിച്ചു. ഏതാനും ഭാഗം മാത്രം അവശേഷിച്ചു. വി. ബെനെസെറ്റിന്റേതെന്നു കരുതപ്പെട്ട ഇവ വിശുദ്ധന്റെ യഥാര്‍ത്ഥ തിരുശേഷിപ്പുകളാണെന്ന് 1854-ല്‍ സഭ അംഗീകരിച്ചു. അവിഗ്നോണ്‍ നഗരത്തിന്റെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥന്‍ കൂടിയാണ് വി. ബെനെസെറ്റ്.

വിചിന്തനം: “സ്വന്തം ഇഷ്ടത്തേക്കാള്‍ അധികമായി അന്യരുടെ ഇഷ്ടം നിര്‍വ്വഹിക്കാന്‍ ഇച്ഛിക്കുക. സദാ താഴ്ന്ന സ്ഥാനം സ്വീകരിക്കുക. എല്ലാ കാര്യങ്ങളിലും ദൈവേഷ്ടം നിറവേറ്റാന്‍ വേണ്ട അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുക.”

ഫാ. ജെ. കൊച്ചുവീട്ടിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.