ഏപ്രില്‍ 13: വിശുദ്ധ ഹെര്‍മെനെജില്‍ഡ്

സത്യവിശ്വാസത്തിനുവേണ്ടി കിരീടവും ചെങ്കോലും ഉപേക്ഷിച്ച് രക്തസാക്ഷിത്വം വരിച്ച വിശുദ്ധനാണ് ഹെര്‍മെനെജില്‍ഡ്. സ്‌പെയിന്‍ രാജാവായിരുന്ന ലെവിജില്‍ഡിന്റെ പ്രഥമഭാര്യയിലെ പുത്രനായിരുന്നു ഹെര്‍മെനെജില്‍ഡ്. അദ്ദേഹവും രാജകുടുംബവും ആര്യന്‍ പാഷണ്ഡതയ്ക്ക് അനുകൂലമായിരുന്നു.

ഫ്രാന്‍സിലെ രാജാവിന്റെ പുത്രിയും തീക്ഷ്ണതയുള്ള കത്തോലിക്കാ വിശ്വാസിയുമായ ഒരു യുവതിയെയാണ് ഹെര്‍മെനെജില്‍ഡ് വിവാഹം കഴിച്ചത്. അവളുടെ പുണ്യമാതൃകളില്‍ ആകൃഷ്ടനായ ഹെര്‍മെനെജില്‍ഡ് അധികം താമസിക്കാതെ തന്നെ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. പുത്രന്റെ മതത്യാഗത്തെക്കുറിച്ച് കേട്ടറിഞ്ഞ രാജാവ് അത്യധികം കുപിതനായി. മാത്രമല്ല, പുത്രനില്‍ രാജ്യദ്രോഹകുറ്റം ചുമത്തി അദ്ദേഹത്തെ ബന്ധനസ്ഥനാക്കുന്നതിനായി സൈന്യസമേതം പുറപ്പെടുകയും ചെയ്തു.

സ്വയരക്ഷയ്ക്കായി വിശുദ്ധന്‍ സ്‌പെയിനിലെ കത്തോലിക്കരെ ഒപ്പം കൂട്ടി പോരാടിയെങ്കിലും വേണ്ടത്ര ശക്തി ഇല്ലാതിരുന്നതിനാല്‍ പോരാട്ടം നിഷ്ഫലമായി. അവസാനം, പിതാവില്‍ നിന്ന് മാപ്പ് ലഭിക്കുമെന്നുള്ള വാഗ്ദാനപ്രകാരം വിശുദ്ധന്‍ കീഴടങ്ങി. എന്നാല്‍, ഹെര്‍മെനെജില്‍ഡ് പിതാവിന്റെ കൊട്ടാരത്തില്‍ എത്തിയ ഉടനെ അദ്ദേഹത്തിനെ ഘനമേറിയ ഇരുമ്പുചങ്ങലകളാല്‍ ബന്ധിച്ച് ദുര്‍ഗന്ധം വമിക്കുന്ന ഒരു ഇരുട്ടറയില്‍ തള്ളി. കത്തോലിക്കാ വിശ്വാസം ഉപേക്ഷിക്കന്‍ തയ്യാറാകാതിരുന്ന വിശുദ്ധനെ നിരവധിയായ പീഡനങ്ങള്‍ക്ക് വിധേയനാക്കി. പക്ഷേ, യാതൊരു ഫലവുമുണ്ടായില്ല. രാജ്യത്തേക്കാളും അധികാരത്തേക്കാളും തനിക്ക് വലുത് കത്തോലിക്കാ വിശ്വാസമാണെന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു. അതോടെ അദ്ദേഹത്തിനെതിരെയുള്ള പീഡനങ്ങള്‍ക്ക് ശക്തിയാര്‍ജ്ജിച്ചു; അതനുസരിച്ച് വിശുദ്ധന്റെ വിശ്വാസവും.

ഒടുവില്‍ ഒരു ഉയിര്‍പ്പു തിരുനാള്‍ ദിവസം ഒരു ആര്യന്‍ മെത്രാന്‍ വിശുദ്ധന്റെ മുറിയില്‍ പ്രവേശിക്കുകയും തന്റെ കരങ്ങളില്‍ നിന്ന് കുര്‍ബാന സ്വീകരിക്കുന്നപക്ഷം രാജാവ് തെറ്റുകള്‍ ക്ഷമിച്ച് രാജ്യം തിരികെ കൊടുക്കുമെന്ന് വാക്ക് കൊടുക്കുകയും ചെയ്തു. ആര്യന്‍ മെത്രാന്റെ കൈയില്‍ നിന്ന് കുര്‍ബാന സ്വീകരിക്കുന്ന പക്ഷം കത്തോലിക്കാ വിശ്വാസം ഉപേക്ഷിച്ചു എന്നാണര്‍ത്ഥം. ഇത് മനസ്സിലാക്കിയ വിശുദ്ധന്‍ വെറുപ്പോടെ മെത്രാന്റെ വാഗ്ദാനത്തെ ഉപേക്ഷിച്ചുകൊണ്ട് സന്തോഷത്തോടെ മരണത്തിന് തയ്യാറായി. അധികം താമസിയാതെ തന്നെ ഒരു പടയാളിയെ അയച്ച് രാജാവ് തന്റെ പുത്രന്റെ ശിരസ്സ് ഛേദിച്ചു.

വിചിന്തനം: ‘ഐശ്വര്യത്തിലും അനര്‍ത്ഥത്തിലും ഒരു പോലെ ദൈവത്തിന് നന്ദി പറയുക. നിന്നെത്തന്നെ പൂര്‍ണ്ണമായി ദൈവത്തിനു സമര്‍പ്പിക്കുക.’

ഫാ. ജെ. കൊച്ചുവീട്ടിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.