ഏപ്രില്‍ 12: വിശുദ്ധ ജൂലിയസ് ഒന്നാമന്‍

ജൂലിയസ് ഒന്നാമന്‍ പാപ്പാ ജനിച്ചത് റോമിലാണ്. 337 ഫെബ്രുവരി 6-ന് പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടു. ജനുവരി 6-ന് ആഘോഷിക്കുന്ന ‘ദന്ഹ’ (രാക്കുളി) തിരുനാളും ക്രിസ്തുമസും ഒന്നിച്ച് ആചരിക്കുന്ന പൗരസ്ത്യസഭയിലെ പതിവ് മാറ്റി, ക്രിസ്തുമസ് ഡിസംബര്‍ 25-നു തന്നെ ആഘോഷിക്കണമെന്ന് ഉത്തരവിട്ടു. ‘പരിശുദ്ധ സിംഹാസന’ത്തിന്റെ ഗ്രന്ഥശാലയുടെ സ്ഥാപകന്‍ ഇദ്ദേഹമാണെന്ന് കരുതപ്പെടുന്നു. കാരണം, എല്ലാ ഔദ്യോഗികരേഖകളും ഭദ്രമായി സൂക്ഷിക്കണമെന്ന് നിഷ്‌കര്‍ഷിച്ചത് പാപ്പായാണ്.

പാപ്പാ പണ്ഡിതനും വാഗ്മിയും ഭരണതന്ത്രജഞനുമായിരുന്നു. യഥാര്‍ത്ഥവിശ്വാസം സംരക്ഷിക്കുന്നതില്‍ അദ്ദേഹം അതീവജാഗ്രത പുലര്‍ത്തി. പാഷണ്ഡതകള്‍ പലതും വിശ്വാസികളെ വഴിതെറ്റിക്കുന്ന കാലമായിരുന്നു അന്ന്. സത്യത്തിനെതിരായി രംഗത്തുവന്ന ദൈവശാസ്ത്രജ്ഞന്മാരുടെ ആകര്‍ഷകമായ വാക്‌ധോരിണിയില്‍ പലരും വീണു. ഈ കാലഘട്ടത്തില്‍ അയോഗ്യരായ പലരും മെത്രാന്‍ സ്ഥാനത്തേയ്ക്ക് കയറിപ്പറ്റി. കാരണം, ഒരു രൂപതയിലെ ജനങ്ങളാണ് അവിടുത്തെ മെത്രാനെ തിരഞ്ഞെടുക്കുക.

ഈ തിരഞ്ഞെടുപ്പ്, തത്വത്തില്‍ നല്ലതാണെന്ന് തോന്നിയാലും ഫലത്തില്‍ അപകടം നിറഞ്ഞതായിരുന്നു. സ്വാര്‍ത്ഥമോഹികളും അധികാരക്കൊതിയരുമായ ഇത്തരക്കാര്‍ സത്യവിശ്വാസത്തെയും ക്രമചട്ടങ്ങളേയും തങ്ങളുടെ മോഹങ്ങള്‍ക്കിണങ്ങിയവിധം വിശ്വാസസത്യത്തെയും വ്യാഖ്യാനിച്ചുപോന്നു.

ചക്രവര്‍ത്തി, തന്റെ അജ്ഞത മൂലം ആര്യനിസത്തോട് ആനുകൂല്യം പ്രകടിപ്പിച്ചപ്പോള്‍ ഇവര്‍ അദ്ദേഹത്തെ അനുകൂലിച്ചു നിന്നു. അങ്ങനെ കോണ്‍സ്റ്റാന്റിനോപ്പിള്‍ ആര്യനിസത്തിന്റെ പിടിയിലമര്‍ന്നു. എന്നാല്‍, റോം യഥാര്‍ത്ഥ വിശ്വാസത്തില്‍ ഉറച്ചുനിന്നു. സത്യവിശ്വാസത്തില്‍ വീഴ്ചവരുത്തുവാന്‍ മാര്‍പാപ്പായും അനുകൂലിച്ചില്ല. ഈ സന്ദര്‍ഭത്തില്‍ സാമൂഹികക്രമങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും കടുംപിടുത്തമുണ്ടാക്കാതെ സത്യവിശ്വാസങ്ങളെ കര്‍ക്കശമായി മുറുകെപ്പിടിച്ചു.

കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ മരണശേഷം അദ്ദേഹത്തിന്റെ സാമ്രാജ്യം മക്കളുടെ കരങ്ങളിലായി. അവരില്‍ കോണ്‍സ്റ്റാന്‍സ്, പിതാവിനെപ്പോലെ മാര്‍പാപ്പായോടും കത്തോലിക്കാ വിശ്വാസസംഹിതകളോടും കൂറുപുലര്‍ത്തി. 350-ല്‍ കോണ്‍സ്റ്റാന്‍സ് ഒരു യുദ്ധത്തില്‍ കൊല്ലപ്പെട്ടു. അതോടെ അദ്ദേഹത്തിന്റെ സഹോദരനായ കോണ്‍സ്റ്റന്റീനസിന്റെ കരങ്ങളില്‍ സാമ്രാജ്യം വന്നുചേര്‍ന്നു.

പുതിയ ചക്രവര്‍ത്തി ആര്യനിസത്തിന്റെ സംരക്ഷകനായിരുന്നു. അദ്ദേഹം റോമിലെ പാപ്പായെ അവഗണനയോടെയാണ് കണ്ടത്. ചക്രവര്‍ത്തിയുടെ എല്ലാ കുതന്ത്രങ്ങളെയും പാപ്പാ എതിര്‍ത്തു. 352-ല്‍ ജൂലിയസ് ഒന്നാമന്‍ പാപ്പാ കാലം ചെയ്തു.

വിചിന്തനം: ‘ഈ ജീവിതത്തില്‍ നീ ഒരിക്കലും സുരക്ഷിതനല്ല. ജീവിച്ചിരിക്കുന്നിടത്തോളം കാലം ആദ്ധ്യാത്മിക ആയുധങ്ങള്‍ നിനക്ക് ആവശ്യമാണ്.’

ഫാ. ജെ. കൊച്ചുവീട്ടിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.