ഏപ്രില്‍ 1: വി. കത്രീനാ (പാമാ)

മജോര്‍ക്കയിലെ ബലീറിക്ക് ദ്വീപില്‍ വഡേമുസ്സാ എന്ന കൊച്ചുഗ്രാമത്തിലാണ് കത്രീന പിറന്നത്. അവള്‍ക്ക് ഏഴു വയസ് മാത്രം പ്രായമായിരുന്നപ്പോള്‍ മാതാപിതാക്കള്‍ മരിച്ചു. അനാഥയായിത്തീര്‍ന്ന ആ ബാലികയുടെ സംരക്ഷണം പിതൃസ്ഥാനീയനായ ഒരാള്‍ ഏറ്റെടുത്തു. എന്നാല്‍, അയാള്‍ അവളെ വേണ്ടവണ്ണം സംരക്ഷിച്ചില്ല. മാത്രമല്ല ഏറ്റവും നീചമായ വീട്ടുപണികള്‍ക്ക് നിയോഗിക്കുകയും ചെയ്തു.

ഏകദേശം പതിനഞ്ചു വയസ് പ്രായമായപ്പോള്‍ അവള്‍ക്ക് വി. അന്തോനിയുടെയും വി. കത്രീനായുടെയും ദര്‍ശനങ്ങളുണ്ടായി. അതോടു കൂടി താന്‍ ആത്മീയജീവിതത്തിലേക്ക് വിളിക്കപ്പെടുന്നതായി അവള്‍ക്കു തോന്നി. തികച്ചും ദരിദ്രയായിരുന്ന ആ ബാലികയെ സ്വീകരിക്കാന്‍ വിവിധ മഠാധികാരികളില്‍ ആരും തന്നെ സന്നദ്ധത പ്രദര്‍ശിപ്പിച്ചില്ല. മുട്ടിയ വാതിലുകളൊന്നും അവള്‍ക്കായി തുറക്കപ്പെട്ടില്ല. അതിനാല്‍ ഈശ്വരഹിതം വ്യക്തമാകുന്നതിന് കാത്തിരിക്കുകയാണ്  വേണ്ടതെന്നു പറഞ്ഞ് അവളുടെ ആദ്ധ്യാത്മികപിതാവ് അവളെ പാമായിലെ ഒരു വീട്ടില്‍ പാര്‍പ്പിച്ചു.

അവിടെ അവള്‍ക്ക് എഴുത്തും വായനയും അഭ്യസിക്കാനും ആദ്ധ്യാത്മികാഭ്യാസങ്ങള്‍ വഴിയായി വിശുദ്ധിയുടെ മാര്‍ഗ്ഗത്തില്‍ മുന്നേറാനും സൗകര്യം ലഭിച്ചു. ഇരുപതു വയസ് പ്രായമായപ്പോള്‍ കത്രീനാ അഗസ്തീനിയന്‍ കന്യകാമഠത്തില്‍ പ്രവേശിച്ചു. മഠത്തില്‍ ചേര്‍ന്ന നാള്‍ മുതല്‍ അവള്‍ ഭക്തിയും വിനയവും സേവനസന്നദ്ധതയും കൊണ്ട് സകലരുടെയും സ്‌നേഹാദരങ്ങള്‍ക്കു പാത്രമായി. ആദ്യഘട്ടത്തില്‍ ആര്‍ക്കും അസാധാരണമായി യാതൊന്നും അവളില്‍ കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍, കുറേക്കാലം കഴിഞ്ഞതോടു കൂടി പല സവിശേഷതകളും അവളുടെ ജീവിതവ്യാപാരങ്ങളില്‍ പ്രകടമായിത്തുടങ്ങി.

പ്രതിവര്‍ഷം അലക്‌സാണ്ട്രിയായിലെ വി. കത്രീനായുടെ തിരുനാളിനു മുമ്പ് തുടര്‍ച്ചയായി ഏറെ സമയം വിശുദ്ധ കുര്‍ബാന സ്വീകരണത്തിനു ശേഷം അവള്‍ ആനന്ദമൂര്‍ച്ഛയില്‍ ലയിക്കുക പതിവായി. പ്രസ്തുത പ്രതിഭാസം ചിലപ്പോള്‍ ഒന്നോ, രണ്ടോ ആഴ്ചകളോളം ദീര്‍ഘിക്കും. ആ അവസരങ്ങളില്‍ അവള്‍ നിമീലിതനേത്രയായി, നിശ്ചേഷ്ടയായി വര്‍ത്തിക്കുക സാധാരണമായിരുന്നു. ഇടയ്ക്ക് ആരോടോ സംസാരിക്കുന്നതായും കണ്ടിരുന്നു. ആരെങ്കിലും അവളോട് എന്തെങ്കിലും ചോദിച്ചാല്‍ ചോദ്യങ്ങള്‍ക്ക് വളരെ യുക്തിപൂര്‍വ്വം മറുപടി പറയുകയും ചെയ്തിരുന്നു.

മറ്റ് അവസരങ്ങളില്‍ നാനാവിധമായ ആന്തരികപരീക്ഷണങ്ങള്‍ക്ക് അവള്‍ വിധേയയായിക്കൊണ്ടിരുന്നു. മനസിനെയും ശരീരത്തെയും തളര്‍ത്താന്‍ പോന്ന കഠിനപരീക്ഷണങ്ങളായിരുന്നു അവ. പ്രവചനവരം കൊണ്ട് അനുഗൃഹീതയായിരുന്ന കത്രീന ദൈവം മുന്‍കൂട്ടി വെളിപ്പെടുത്തിയതുപോലെ തന്നെ നാല്പത്തിയൊന്നാമത്തെ വയസില്‍ മരണമടഞ്ഞു. 1792-ല്‍ സഭ അവളെ വാഴ്ത്തപ്പെട്ടവളായും 1930-ല്‍ വിശുദ്ധയായും നാമകരണം ചെയ്തു.

വിചിന്തനം: ”ലോകബഹളങ്ങളില്‍ നിന്ന് ഇടയ്ക്കിടെ പിന്മാറി ദൈവത്തെയും നിന്റെ നിത്യരക്ഷയേയും പറ്റി ചിന്തിക്കുക.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.