ഏപ്രില്‍ 22: വി. എപ്പിപ്പോഡിയൂസ്, അലക്‌സാണ്ടര്‍

മതമര്‍ദ്ദകനായിരുന്ന മാര്‍ക്കസ് ഔറേലിയസിന്റെ കാലത്ത് ലിയോണ്‍സില്‍ രക്തസാക്ഷിത്വം വരിച്ച ക്രൈസ്തവരില്‍ പ്രമുഖരായിരുന്നു എപ്പിപ്പോഡിയൂസും അലക്‌സാണ്ടറും. അവര്‍ വി. പൊത്തീനൂസിന്റെയും കൂട്ടരുടെയും വധത്തെ തുടര്‍ന്ന് ലിയോണ്‍സില്‍ നിന്നും രഹസ്യമായി മറ്റൊരു നഗരത്തിലേയ്ക്കു‌ മാറി. ഒരു വിധവയുടെ വീട്ടിലാണ് അവര്‍ പാര്‍ത്തത്. അധികം താമസിയാതെ അവര്‍ അവിടെ നിന്നും പിടിക്കപ്പെട്ടു.

പ്രാദേശിക ഭരണാധികാരിയുടെ പക്കല്‍ തങ്ങള്‍ ക്രിസ്ത്യാനികളാണെന്നു മടികൂടാതെ എപ്പിപ്പോഡിയൂസും അലക്‌സാണ്ടറും ഏറ്റുപറഞ്ഞു. അതിഭീകരമായ മര്‍ദ്ദനങ്ങള്‍ ഏറ്റിട്ടും വിശ്വാസം ഉപേക്ഷിക്കാന്‍ അവര്‍ കൂട്ടാക്കാഞ്ഞതു കൊണ്ട് ഭരണാധികാരി അത്ഭുതപ്പെട്ടു. താരതമ്യേന പ്രായം കുറഞ്ഞ എപ്പിപ്പോഡിയൂസിന്റെ മനം മാറ്റുവാന്‍ ആദ്യം സമോപായം പരീക്ഷിച്ചുനോക്കി. എന്നാല്‍, അദ്ദേഹം അചഞ്ചലനായി നിലകൊണ്ടു. ഉടനെ ഭടന്മാര്‍ എപ്പിപ്പോഡിയൂസിന്റെ മുഖത്തടിച്ചു. ചുണ്ടുകളില്‍ നിന്നും രക്തം വാര്‍ന്നുവീണു. എന്നിട്ടും ക്രിസ്തുവിനെ തള്ളിപ്പറയാഞ്ഞതുകൊണ്ട് അദ്ദേഹത്തെ മര്‍ദ്ദനയന്ത്രത്തില്‍ കിടത്തി ശരീരം വലിച്ചുനീട്ടുകയും ഇരുമ്പുകൊളുത്തുകള്‍ കൊണ്ട് ഉരഃപാര്‍ശ്വങ്ങള്‍ കുത്തിക്കീറുകയും ചെയ്തു. ജനങ്ങളെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി ഭരണാധിപന്‍ അദ്ദേഹത്തെ ശിരച്ഛേദം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു.

രണ്ടു ദിവസം കഴിഞ്ഞ് അലക്‌സാണ്ടറും അധികാരിയുടെ മുമ്പില്‍ ഹാജരാക്കപ്പെട്ടു. ദേവവിഗ്രഹങ്ങളെ വണങ്ങാന്‍ വിസമ്മതിച്ചതുകൊണ്ട് ഭടന്മാര്‍ മാറിമാറി അദ്ദേഹത്തെ ചമ്മട്ടികൊണ്ടു പ്രഹരിച്ചു. മര്‍ദ്ദനയന്ത്രം ഉപയോഗിച്ച് കൈകാലുകള്‍ വലിച്ചുനീട്ടി. ഒടുവില്‍ കുരിശില്‍ തറച്ചുകൊല്ലാന്‍ അധികാരി വിധിച്ചു. പക്ഷേ, കീറിമുറിഞ്ഞ കൈകാലുകള്‍ കുരിശില്‍ ചേര്‍ത്ത് ആണിയടിക്കുന്നതിനിടയില്‍ അദ്ദേഹം മരണം പ്രാപിക്കുകയാണുണ്ടായത്.

വിചിന്തനം: ”ദൈവത്തിന്റെ തിരുവിഷ്ടം നിറവേറ്റല്‍ എല്ലാ നന്മകളുടെയും അടിസ്ഥാനമായിരിക്കുന്നതുപോലെ, സ്വയംസ്‌നേഹം എല്ലാ തിന്മകള്‍ക്കും അടിസ്ഥാനമാകുന്നു” – വി. ആന്‍സലേം.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.