ജൂണ്‍ 05: വി. ബോനിഫസ്

ജര്‍മ്മനിയുടെ അപ്പസ്‌തോലന്‍ എന്നറിയപ്പെടുന്ന വി. ബോനിഫസ് 680-ല്‍ ജനിച്ചു. കുലീനജാതനായിരുന്ന അദ്ദേഹത്തിന് അന്നത്തെ നിലയിലെ ഉന്നതമായ വിദ്യാഭ്യാസം ലഭിച്ചിരുന്നു. വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. അധ്യാപനത്തില്‍ വിജയവും പ്രശസ്തിയും നേടിയെങ്കിലും അതൊന്നും ബോനിഫസിനെ സംതൃപ്തനാക്കിയില്ല. ബാല്യത്തില്‍ തന്നെ സന്യാസജീവിതത്തില്‍ ആകൃഷ്ടനായിരുന്ന ബോനിഫസ്, തന്റെ ആഗ്രഹം സാധ്യമാക്കാന്‍ തന്നെ തീരുമാനിച്ചു.

സന്യാസാശ്രമത്തില്‍ ചേര്‍ന്ന അദ്ദേഹം, തന്റെ മുപ്പതാമത്തെ വയസില്‍ വൈദികനായി. രക്ഷയുടെ മാര്‍ഗ്ഗം കാണാതെ അലഞ്ഞുതിരിയുന്ന അനേകര്‍ക്ക് സത്യമാര്‍ഗം തുറന്നുകൊടുക്കുക, ക്രിസ്തുവിന്റെ സുവിശേഷം അവരോട് പ്രസംഗിക്കുക, വിശ്വാസ സത്യങ്ങള്‍ അവരെ പഠിപ്പിക്കുക ഇതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നവും ജീവിതവും.

716-ല്‍ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം ഫ്രീസ്ലണ്ടിലേക്കു യാത്ര തിരിച്ചു. അല്പകാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം തിരികെ ഇംഗ്ലണ്ടിലെത്തിയ അദ്ദേഹം ഉടന്‍തന്നെ മാര്‍പാപ്പായുടെ അനുവാദത്തോടെ ജര്‍മ്മനിയിലേയ്ക്കു പുറപ്പെട്ടു. അവിടെ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ അനേകായിരങ്ങളെ സത്യവിശ്വാസത്തിലേയ്ക്കു നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഏതാണ്ട് ഈ കാലഘട്ടത്തില്‍ തന്നെ, സുവിശേഷപ്രവര്‍ത്തനങ്ങള്‍ക്ക് പറ്റിയ അവസരം എന്ന് തോന്നിയതിനാല്‍ അദ്ദേഹം വീണ്ടും ഫ്രിസ്‌ലണ്ടിലേയ്ക്കു പോയി.

ഇത്തവണ അദ്ദേഹത്തിന്റെ പ്രയത്‌നങ്ങള്‍ ഫലം കണ്ടു. പതിമൂന്ന് വര്‍ഷത്തോളം അദ്ദേഹം അവിടുത്തെ ആര്‍ച്ചുബിഷപ്പിനോടൊപ്പം പ്രേഷിതവൃത്തിയില്‍ ഏര്‍പ്പെട്ടു. അതിനുശേഷം ജര്‍മ്മനിയിലെത്തിയ ബോനിഫസ് ഉടന്‍തന്നെ റോമിലേയ്ക്കും വിളിക്കെപ്പെട്ടു.

ബോനിഫസിന്റെ ജീവിതപരിശുദ്ധി തിരിച്ചറിഞ്ഞ മാര്‍പാപ്പ, അദ്ദേഹത്തെ മെത്രാന്‍ സ്ഥാനത്തേക്കുയര്‍ത്തി. സഭാധികാരികളുടെയും രാഷ്ട്രീയാധികാരികളുടെയും പിന്തുണയോടെ വീണ്ടും ജര്‍മ്മനിയിലെത്തിയ ബോനിഫസ്, ജര്‍മ്മന്‍ ജനതയുടെ അന്ധവിശ്വാസം തുടച്ചുനീക്കുവാന്‍ തന്നെ തീരുമാനിച്ചു. അവര്‍ ദേവന്മാരുടെ വാസസ്ഥലമെന്നു കരുതി ആരാധിച്ചിരുന്ന തോര്‍സിലെ ഓക്കുവൃക്ഷത്തെ അദ്ദേഹം വെട്ടിമാറ്റുകയും ആ വൃക്ഷത്തിന്റെ തടിയുപയോഗിച്ച് ഒരു ദൈവാലയം നിര്‍മ്മിക്കുകയും ചെയ്തു. അതോടെ അന്ധവിശ്വാസം ഒരു പരിധിവരെ അവസാനിച്ചു.

731-ല്‍ ഗ്രിഗറി മൂന്നാമന്‍ പാപ്പാ, അദ്ദേഹത്തെ ജര്‍മ്മനിയുടെ മെത്രാപ്പോലീത്തായായി നിയമിച്ചു. ജര്‍മ്മനിയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇംഗ്ലണ്ടില്‍ നിന്നുള്ള വൈദികരുടെ സഹായവും അദ്ദേഹം ഉപയോഗിച്ചിരുന്നു.

വാര്‍ദ്ധക്യത്തിലെത്തിയതോടെ രൂപതാഭരണത്തില്‍ നിന്ന് വിരമിച്ച ബോനിഫസ്, വിശ്രമിക്കാന്‍ ഒരുക്കമായിരുന്നില്ല. അദ്ദേഹം മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ തന്റെ സഹപ്രവര്‍ത്തകരായിരുന്നവരെയും കൂട്ടി ഫ്രീസ്‌ലണ്ടിലേക്കു പോയി. അവിടെവച്ച് അദ്ദേഹവും ഒപ്പമുണ്ടായിരുന്ന അമ്പത്തിരണ്ട് പേരും രക്തസാക്ഷിത്വം വരിച്ചു.

വിചിന്തനം: ”മാലാഖമാര്‍ പാപം ചെയ്തപ്പോള്‍ ദൈവം അവരെ എന്നന്നേക്കുമായി പുറംതള്ളി. എന്നാല്‍ മനുഷ്യന്‍ പാപം ചെയ്തപ്പോള്‍ അവിടുന്ന് കാരുണ്യപൂര്‍വ്വം നമുക്കായി സ്വര്‍ഗ്ഗവാതില്‍ തുറന്നിട്ടു.”

ഇതര വിശുദ്ധര്‍: അഡലാര്‍ (735) / ഫ്രിറ്റ്‌സലറിലെ ഫെലിക്‌സ് (+790) ബനഡിക്റ്റന്‍ സന്യാസി / മാര്‍സ്യന്‍ – ഈജിപ്തിലെ രക്തസാക്ഷി / വാക്കാര്‍ (+755) ബെനഡിക്റ്റന്‍ സന്യാസി / സാക്റ്റിയൂസ് (+851) രക്തസാക്ഷി / ലൂക്ക് ലോണ്‍ (+1840) / ഡെറോത്തെയൂസ് (565-620).

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.