ആത്മീയ ജീവിതത്തെ ശക്തിപ്പെടുത്തുന്ന നാലു ശീലങ്ങൾ

നമ്മുടെ ആത്മീയ ജീവിതം വളരുന്നതും ശക്തിപ്പെടുന്നതും നമ്മുടെ പ്രവർത്തികൾക്കനുസരിച്ചാണ്. ദൈവവുമായി ചേർന്ന് നിൽക്കണം എന്ന ആഗ്രഹം അതിനു ആവശ്യമായ ഘടകമാണ്. ഇനി ആത്മീയതയിൽ വളർന്നതുകൊണ്ടെന്താ പ്രയോജനം എന്ന് ചോദിക്കുന്നവർ ഉണ്ടാകാം. ജീവിതത്തിന്റെ പ്രതിസന്ധികളിൽ പിടിച്ചു നിൽക്കുവാൻ, പ്രതിസന്ധികളെ ശാന്തതയോടെ നേരിടുവാൻ ശക്തമായ ആത്മീയ ജീവിതം ഉള്ളവർക്ക് കഴിയും. ഇത്തരത്തിൽ നമ്മുടെ ജീവിതത്തെ ഏറെ സ്വാധീനിക്കുന്ന, ആത്മീയതയിൽ ശക്തിപെടുവാൻ നമ്മെ സഹായിക്കുന്ന നാലു ശീലങ്ങളെ പരിചയപ്പെടാം…

1. പ്രഭാതപ്രാർത്ഥന

അതിരാവിലെ എഴുന്നേറ്റ ഉടനെ ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് പ്രാർത്ഥിക്കുന്നത് നമ്മെ അന്നേദിവസം മുഴുവൻ ആത്മീയതയിൽ നിലനിൽക്കുന്നതിനു സഹായിക്കും. നമ്മുടെ മുന്നിലുള്ള ഈ ഒരു ദിവസം സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെ കുറിച്ച് നമുക്ക് അജ്ഞാതമാണെങ്കിലും അതെല്ലാം നമ്മുടെ നന്മയ്ക്കായി പരിണമിപ്പിച്ച ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് പ്രാർത്ഥിക്കാം. ഇത്തരത്തിൽ ഉള്ള പ്രാർത്ഥന ദിവസം മുഴുവൻ ദൈവം നമ്മുടെ പ്രവർത്തികളിൽ സഹായിക്കാനുണ്ട് എന്ന ആത്മവിശ്വാസം നിറയ്ക്കും.

2. 15 മിനിറ്റ് വ്യക്തിപരമായ പ്രാർത്ഥന

എന്തൊക്കെ തിരക്കുകൾ ഉണ്ടെങ്കിലും ഒരു പതിനഞ്ചു മിനിറ്റ് പ്രാർത്ഥനയ്ക്കായി മാറ്റി വയ്ക്കാം. കഴിയുന്നതും ഈ വ്യക്തിഗത പ്രാർത്ഥന ഏറ്റവും സ്വസ്ഥമായി ഇരിക്കുന്ന സമയത്ത് നടത്താം. നമ്മുടെ ഹൃദയത്തിന്റെ വേദനകളും ദുഖങ്ങളും പ്രതീക്ഷകളും ഒക്കെ ദൈവത്തോട് പങ്കുവയ്ക്കാം. നമ്മുടെ ഹൃദയം ദൈവത്തിനു മുന്നിൽ തുറക്കുന്ന സമയമായി ഇത് മാറണം. അപ്പോൾ നമ്മുടെ ജീവിതം ദൈവ കേന്ദ്രീകൃതമാകും. അനുദിന ജീവിതത്തിൽ ഈ ശീലം ഒഴിവാക്കാൻ പറ്റാത്തതായാൽ നാം ആത്‌മീയജീവിതത്തിൽ കൂടുതൽ ആഴപ്പെടും.

3. ആത്മീയമായ പുസ്തകങ്ങൾ വായിക്കാം

അനുദിന ജീവിതത്തിൽ നമ്മെ വിശ്വാസത്തിൽ ആഴപ്പെടുത്തുന്നതിനു വായനയ്ക്ക് പ്രാധാന്യം ഉണ്ട്. ആത്‌മീയമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പുസ്തകങ്ങൾ വായിക്കുവാൻ എല്ലാ ദിവസവും കുറച്ചു സമയം മാറ്റി വയ്ക്കാം. അല്ലെങ്കിൽ ദിവസവും വിശുദ്ധ ഗ്രന്ഥം വായിക്കുവാൻ കുറച്ചു സമയം കണ്ടെത്താം. അത് ദൈവാനുഗ്രഹത്തിൽ ഉറവിടമായി മാറും. മാത്രവുമല്ല ദൈവവുമായി കൂടുതൽ ചേർന്ന് നിൽക്കുവാനും യഥാർത്ഥ ആശ്വാസം ദൈവത്തിൽ കണ്ടെത്തുവാനും വിശുദ്ധ ഗ്രന്ഥ വായന സഹായിക്കും. വിശുദ്ധരുടെ ജീവിത കഥകൾ നമ്മെ വിശുദ്ധിയിൽ വളരുവാൻ സഹായിക്കും.

4. കിടക്കുന്നതിനു മുൻപ് വിശകലനം നടത്താം

ഉറങ്ങാൻ പോകുന്നതിനു മുൻപ് നമ്മുടെ മുന്നിൽ കടന്നു പോയ ദിവസത്തെ വിശകലനം ചെയ്യാം. അത് നമ്മുടെ ജീവിതത്തിലെ കുറവുകൾ കണ്ടെത്തുവാനും നന്മകളും അനുഗ്രഹങ്ങളും തിരിച്ചറിയുവാനും നമ്മെ സഹായിക്കും. ഒപ്പം മാറ്റങ്ങൾ കൊണ്ടുവരുവാനുള്ള തീരുമാനത്തിലേക്ക് രാത്രിയുള്ള വിശകലനം നമ്മെ നയിക്കും. ചിലതൊക്കെ ചെയ്തിരുന്നെങ്കിൽ ഈ ഒരു ദിവസം കൂടുതൽ മനോഹരം ആക്കാമായിരുന്നു എന്ന ചിന്ത നാളെ ഒരു ദിവസം ദൈവം നമുക്ക് അനുവദിക്കുകയാണെങ്കിൽ അതിനെ നല്ലതാക്കുവാൻ നമ്മെ സഹായിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.