ഉണക്കവടി കൊണ്ട് ഉലകത്തെ ഉടമ്പടിയിൽ ഉറപ്പിച്ചവൻ

ജിന്‍സി സന്തോഷ്‌

ഫിലിസ്ത്യ മല്ലൻ ഗോലിയാത്തിനെ വധിച്ച് യുദ്ധം ജയിക്കാൻ ആട്ടിടയ ബാലനായ ദാവീദിനെ ദൈവം നിയോഗിക്കുമ്പോൾ അവന്റെ കൈയ്യിലുണ്ടായിരുന്നത് വെറും അഞ്ച് കല്ലുകളും ഒരു കവിണയും മാത്രമായിരുന്നു. പട്ടിണി മൂലം ജീവിതം വഴിമുട്ടി ആത്മഹത്യയ്ക്കൊരുങ്ങിയ വിധവയുടെ അടുത്തേയ്ക്ക് ഏലീശ്വാ പ്രവാചകൻ ദൈവത്താൽ അയയ്ക്കപ്പെടുമ്പോൾ, രക്ഷ സാധ്യമാക്കാൻ വിധവയോട് ഏലീശ്വ ചോദിച്ചു, നിന്റെ കൈയ്യിൽ എന്തുണ്ട്?

അവള്‍ പറഞ്ഞു: “നിന്റെ ദൈവമായ കര്‍ത്താവാണേ, എന്റെ കൈയില്‍ അപ്പമില്ല. ആകെയുള്ളത്‌ കലത്തില്‍ ഒരു പിടി മാവും ഭരണിയില്‍ അല്‍പം എണ്ണയുമാണ്‌” (1 രാജാ. 17:12). കൈയ്യിലുള്ളതിനെ ദൈവം ആശീർവ്വദിച്ച് അനുഗ്രഹിച്ചു. പിന്നീട് ഭരണിയിലെ എണ്ണ വറ്റിയില്ല. കലത്തിലെ മാവ് തീർന്നതുമില്ല. അയ്യായിരത്തിലധികം വരുന്ന പുരുഷാരത്തിന്റെ വിശപ്പടക്കാൻ ശിഷ്യർ ആവശ്യപ്പെട്ടപ്പോഴും ക്രിസ്തു ചോദിച്ചത് “നിങ്ങളുടെ കൈയ്യിൽ എന്തുണ്ട് ” എന്നാണ്. അവരുടെ കൈയ്യിലുണ്ടായിരുന്ന അഞ്ച് അപ്പവും രണ്ടു മീനും കൊണ്ടാണ് അവൻ അവർക്ക് സമൃദ്ധമായ ഭക്ഷണമൊരുക്കിയത്.

ഇസ്രായേൽ ജനതയുടെ രക്ഷാകര ചരിത്രത്തിനു ചുക്കാൻ പിടിക്കാൻ വിക്കനും കൊലപാതകിയും ആടിനെ മേയിച്ചു നടന്നിരുന്നവനുമായ മോശയെ കർത്താവ് നിയോഗിക്കുമ്പോൾ തന്റെ ബലഹീനതകളെയും അയോഗ്യതകളെയും ഏറ്റുപറഞ്ഞ മോശയോട് ദൈവം ആവശ്യപ്പെട്ടത് അവന്റെ കൈയ്യിലിരുന്ന ഉണക്കവടിയാണ്. ദൈവശുശ്രൂഷയ്ക്കായ് സ്വർഗം ഒരുവനെ തിരഞ്ഞെടുക്കുമ്പോൾ, ദൗത്യനിർവഹണത്തിനായി പുറമേ നിന്ന് ഒന്നും ആർജ്ജിച്ചെടുക്കുവാൻ ദൈവം ആവശ്യപ്പെടുന്നില്ല. ശത്രുവിനെതിരെ വാളെടുക്കാൻ ദൈവം പറഞ്ഞില്ല; വടിയെടുക്കാനാണ് പറഞ്ഞത്. ആ വടി നിന്റെ ജീവിതസഹനങ്ങളാകാം, പരിത്യാഗ പ്രവൃത്തികളാകാം, ഒന്നുമല്ലങ്കിൽ വിശുദ്ധിക്കു വേണ്ടിയുള്ള ആഗ്രഹമാകാം. നിനക്കുള്ളത് പൂർണ്ണ സമർപ്പണം നടത്തുക.

നിന്റെ കൈയ്യിലുള്ളത് ഉണക്കവടിയാണെങ്കിലും ആ വടി കൊണ്ട് ഒരു മഹാസാഗരത്തെ രണ്ടായി തിരിക്കാൻ കഴിവുള്ളവനാണ് നിന്റെ ദൈവം. ആ വടി കൊണ്ട് ജീവിതമരുഭൂമിയിലെ പ്രതിസന്ധിയുടെ പാറയിൽ നിന്നും ആശ്വാസത്തിന്റെ, പ്രത്യാശയുടെ തെളിനീരൊഴുക്കുന്നവനാണ് നിന്റെ ദൈവം.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.