ചുവടുകൾ പിഴയ്ക്കരുത്

ജിന്‍സി സന്തോഷ്‌

നല്ല കള്ളൻ ക്രൂശിലേറ്റത്തക്ക കുറ്റവാളിയായിരുന്നെങ്കിലും ഒരൊറ്റ വാക്കു കൊണ്ട് നീതികരിക്കപ്പെട്ടു, യൂദാസ് അപ്പസ്തോലന്മാർക്കൊപ്പം എണ്ണപ്പെട്ടവനായിരുന്നെങ്കിലും ഒറ്റ രാത്രി കൊണ്ട് അവന്റെ അദ്ധ്വാനമെല്ലാം വെറുതെയായി; സ്വർഗഭാഗ്യത്തിൽ നിന്ന് നരകത്തിന് അവകാശിയായിത്തീർന്നു, ഒരു കനൽച്ചൂടിൽ ജീവിതദൗത്യത്തിന്റെ താളം പിഴച്ച പത്രോസ് വെറുമൊരു ദാസിപ്പെണ്ണിന്റെ ചോദ്യങ്ങൾക്കു മുമ്പിൽ ദൈവപുത്രനെ തള്ളിപ്പറഞ്ഞവൻ, മൂന്ന് ആണ്ട് കൂടെ നടന്ന് പ്രാണനു തുല്യം സ്നേഹിച്ചിട്ടും തിരുരക്ത ശരീരങ്ങൾ പകുത്തു നൽകിയിട്ടും ഗുരു പ്രാണവേദനയിൽ രക്തം വിയർത്തു പ്രാർത്ഥിക്കുമ്പോൾ പോലും നിദ്രയുടെ ആലസ്യത്തിലേക്ക് വഴുതിവീണ ശിഷ്യർ….

അസൂയ നിറഞ്ഞ സാവൂളിന്റെയും ആസക്തി നിറഞ്ഞ ദാവീദിന്റെയും ദേവാലയം പണിത കൈകൾ കൊണ്ട് തന്നെ വിഗ്രഹാലയം പണിത സോളമന്റെയും ദൈവകൃപ ചോർന്ന വഴികളെ ദൈവാത്മാവ് വ്യക്തമായി വിശ്വാസികൾക്കു മുമ്പിൽ തുറന്നുകാട്ടുന്നു. അതിനാൽ ആരും സ്വന്തം നന്മകളെപ്രതി ഊറ്റം കൊള്ളാതിരിക്കട്ടെ. എന്തെന്നാൽ തന്നിൽ തന്നെ ആശ്രയം വയ്ക്കുന്നവൻ വീണുപോകും. “ആകയാൽ നിൽക്കുന്നു എന്നു കരുതുന്നവൻ വീഴാതിരിക്കാൻ സൂക്ഷിച്ചുകൊള്ളട്ടെ” (1 കോറി 10:12).

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.