നല്ല നാളേക്കു വേണ്ടി നന്മകളെ നാവിലേറ്റുക

ജിന്‍സി സന്തോഷ്‌

സക്കേവൂസ് എന്ന ചുങ്കക്കാരനിൽ ലോകം ഒരു പിടിച്ചുപറിക്കാരനെ കണ്ടപ്പോൾ ക്രിസ്തു അവനിൽ ഒരു ദാനശീലനെ കണ്ടു. പാപിനിയായ മറിയം മഗ്ദലനയിൽ ലോകം അശുദ്ധി മാത്രം കണ്ടപ്പോൾ ക്രിസ്തു, വിശുദ്ധിക്കു വേണ്ടി ദാഹിക്കുന്ന അവളിലെ ഹൃദയം കണ്ടു. സമറായക്കാരി സ്ത്രീയിൽ ലോകം ഒരു ദുർനടപ്പുകാരിയെ കണ്ടപ്പോൾ ക്രിസ്തു അവളിൽ തീക്ഷ്ണമതിയായ ഒരു സുവിശേഷകയെ കണ്ടു.

സഹജരിൽ നന്മ കാണാനുള്ള ഒരു കണ്ണും അത് ഏറ്റുപറയാനൊരു നാവും നിനക്കുണ്ടോ? നീ അത് ചെയ്യുന്നുവെങ്കിൽ തീർച്ചയായും നീ ഭൂമിയിലെ സമാധാനസ്ഥാപകനാണ്. തനിക്കൊപ്പമോ തന്നേക്കാളും ഉയരത്തിലോ ആരെയും വളരാൻ അനുവദിക്കാത്ത ഒരു മാനസികഭാവം നിന്നിലുണ്ടോ? ഓർക്കുക, നിന്റെ ആത്മീയജീവിതം പെരുന്തച്ചന്റെ ഉളി പോലെ മൂർച്ചയേറിയതാണ്.

ഈ സങ്കുചിത ചിന്ത നിങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതികളെ തകിടം മറിക്കും. കാരണം വളർത്താൻ മനസ്സില്ലാത്തവൻ വളരാനും കഴിയാത്തവനാണ്. പ്രപഞ്ചത്തെ മുഴുവൻ സൃഷ്ടിച്ച ദൈവം തന്റെ സൃഷ്ടികർമ്മത്തിനു ശേഷം സൃഷ്ടികളെ നോക്കി കണ്ടിട്ട് നടത്തിയ വിലയിരുത്തൽ “എല്ലാം നന്നായിരിക്കുന്നു” എന്നാണ്. ജീവിതവഴികളിൽ ചുറ്റുപാടുകളെ നോക്കി, സഹജീവിതങ്ങളെ നോക്കി, സ്വജീവിതത്തെ നോക്കി എല്ലാം നന്നായിരിക്കുന്നു, എല്ലാം ശരിയാവും, ഞാൻ/ നീ അനുഗ്രഹിക്കപ്പെടും എന്നൊക്കെ ഹൃദയപൂർവ്വം പറയാൻ, നന്മകളെ നാവിലേറ്റാൻ പഠിച്ചാൽ നിന്റെ ‘നാളെ’കൾ നന്മകളാൽ സമൃദ്ധമാകും.

“ഏതൊരുവനും സ്വന്തം നന്മ കാംക്ഷിക്കാതെ അയല്‍ക്കാരന്റെ നന്മ കാംക്ഷിക്കട്ടെ” (1 കോറി 10:24).

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.