ക്രിസ്തു വെളിച്ചം പകരുന്ന വിളക്കുകാലുകൾ

ജിന്‍സി സന്തോഷ്‌

ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക് കടന്നുവന്നവൾ തിരുവെഴുത്തുകളിലെ സമരിയാക്കാരി സ്ത്രീ. കുത്തഴിഞ്ഞ ജീവിതത്തിന്റെ ഇരുട്ടറയിൽ ആയിരുന്നെങ്കിലും അവളുടെ അന്തരാത്മാവ് പ്രകാശത്തിനു വേണ്ടി ദാഹിച്ചിരുന്നു. പ്രകാശത്തിനു വേണ്ടിയുള്ള പ്രാർത്ഥന സൂര്യന് കേൾക്കാതിരിക്കുവാനാവില്ല. അതുകൊണ്ടാണ് നട്ടുച്ച നേരത്തു തന്നെ നീതിസൂര്യനായ ക്രിസ്തു അവൾക്കായി കിണറ്റിൻകരയിൽ കാത്തിരുന്നത്‌.

പകൽവെളിച്ചത്തിൽ ‘കുടം’ അവൾക്ക് ഒരു മറയായിരുന്നു. അന്നൊരു ദിനം കിണറ്റിൻകരയിൽ അവൾ തന്റെ ഗുരുവിനെ – ക്രിസ്തുവിനെ കണ്ടുമുട്ടി. അവനുമായുള്ള സംവാദത്തിനൊടുവിൽ ജീവജലത്തിനു വേണ്ടിയുള്ള ദാഹം അവളിൽ തീക്ഷ്ണമായി. ചോദിക്കുന്നവന്റെ യോഗ്യത നോക്കാതെ തന്റെ കരുണയുടെ കിണറ്റിൽ നിന്ന് ജീവന്റെ ജലം നൽകാൻ ക്രിസ്തുവിന്
ഒരു ചോദ്യം കൂടി ചോദിക്കേണ്ടിയിരുന്നു.

“നിന്റെ ഭർത്താവിനെ കൂട്ടിക്കൊണ്ടു വരിക.”

അവന്റെ കാൽച്ചുവട്ടിൽ അവൾ തന്റെ അശുദ്ധിയുടെ കുടം ഉടച്ചു. സ്വാർത്ഥതാൽപര്യങ്ങളുടെ കുടം താഴെ വയ്ക്കാത്ത ഒരാൾക്ക് അപരനു മുന്നിൽ സുവിശേഷത്തിന്റെ വിളക്കുകാലായി മാറാൻ കഴിയുകയില്ല. അറിഞ്ഞവനെ പകർന്നു നൽകാനുള്ള ഒരു അടിയന്തിരഭാവം വന്നാൽ പിന്നെ മറ്റെല്ലാം മറക്കും.

പട്ടണവാസികളെ മുഴുവൻ ജീവന്റെ സുവിശേഷം അവർ അറിയിച്ചു. സമരിയാ ദേശത്തിന്റെ മാനസാന്തരത്തിന് അവൾ വഴിയൊരുക്കി. ഒരു പട്ടണത്തെ മുഴുവൻ തന്നിലേക്ക് അടുപ്പിക്കാൻ ഒരു വേശ്യയെ ദൈവത്തിന് ഉപയോഗിക്കാമെങ്കിൽ നമ്മെക്കുറിച്ചും ദൈവത്തിന് ഒരു പദ്ധതിയുണ്ട്. ലോകം വിലയിരുത്തുന്നതു പോലെയല്ല ദൈവം ഒരാളെ കാണുന്നത്. ദൈവത്തിനു വേണ്ടി തീക്ഷ്ണമായ ഒരു ആഗ്രഹം നിന്നിലുണ്ടായാൽ മതി. ഇരുളടഞ്ഞ ജീവിതവഴികളിൽ ക്രിസ്തുവെളിച്ചം പകരുന്ന വിളക്കുകാലുകളായി നമ്മെയും അവിടുന്ന് രൂപാന്തരപ്പെടുത്തും.

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.