അപൂർണ്ണതകളെ അനുഗ്രഹമാക്കാം

ജിന്‍സി സന്തോഷ്‌

ദൈവം പൂർത്തീകരിച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് ഓരോ മനുഷ്യജീവിതവും. ചിത്രം എന്നു പൂർത്തിയാകുമെന്നോ, എങ്ങനെ പൂർത്തിയാകുമെന്നോ ദൈവത്തിനല്ലാതെ മറ്റാർക്കും അറിയില്ല. ഓരോ മനുഷ്യന്റെയും വ്യക്തിത്വത്തെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾ തന്നെ ചില വശങ്ങൾ മാത്രം കണ്ട് മനുഷ്യനെ വിധിക്കുന്നവരാണ് നമ്മൾ. ഒരു വ്യക്തിയെ മാത്രമല്ല, സമൂഹത്തെയും സംഘടനകളെയും സഭയെയും സമർപ്പിതരെയും ഒക്കെ നമ്മൾ ഇങ്ങനെ അനുദിനം വിധിച്ചുകൊണ്ടിരിക്കുന്നു.

മഗ്ദലന മറിയത്തിലും സമറിയാക്കാരി സ്ത്രീയിലും ലോകം കണ്ടത് അവരിലെ വ്യഭിചാരാസക്തിയാണ്. എന്നാൽ ദൈവം അവരെ വിശുദ്ധികരിച്ച് ഉയർത്തി ദൈവരാജ്യപ്രഘോഷകരാക്കി. വിക്കനായ മോശയിലും, ആട്ടിടയനായ ദാവീദിലും, നിരക്ഷരരും മുക്കുവരും ചുങ്കക്കാരുമായ ക്രിസ്തുശിഷ്യരിലും, സഭയെ പീഡിപ്പിച്ച സാവൂളിലും, വിശുദ്ധരായിത്തീർന്ന ജോസഫ് കുപ്പർത്തീനോയിലും ജോൺ മരിയ വിയാനിയിലും… അങ്ങനെ വരികളിലൊതുക്കാൻ കഴിയാത്തത്ര മനുഷ്യജീവിതങ്ങളുടെ ജീവിതചിത്രം ദൈവം പൂർത്തിയാക്കിയത് ലോകത്തിന് എന്നും വിസ്മയമായിട്ടായിരുന്നു.

ചിലർ വളരെ പെട്ടെന്ന് പൂർണ്ണതയിലേക്ക് എത്തും. മറ്റു ചിലർ ജീവിതകാലം മുഴുവൻ അതിനു വേണ്ടി അദ്ധ്വാനിക്കേണ്ടി വരും. അതിനാൽ, അപരന്റെ വ്യക്തിത്വത്തെ അവനായിരിക്കുന്ന അവസ്ഥയിൽ അംഗീകരിക്കാനുള്ള മനോഭാവവും ഉൾക്കാഴ്ച്ചകളും നമുക്ക് സ്വന്തമാക്കാം. പൂർത്തിയാകാത്ത എന്നാൽ പൂർത്തീകരിക്കപ്പെടേണ്ട മനുഷ്യജീവിതങ്ങളെ വിധിക്കുന്നത് ദൈവത്തോടുള്ള വെല്ലുവിളിയാണ്. “വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത്” (മത്തായി 7:1).

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.