ഉയിർപ്പും കാത്തൊരു ഉറക്കം

ജിന്‍സി സന്തോഷ്‌

നമ്മുടെ ശരീരത്തെക്കുറിച്ച് നമുക്ക് വ്യക്തമായ ഒരു ബോധ്യം നല്കുന്ന പ്രാർത്ഥനകളാണ് കത്തോലിക്കാ സഭയിലെ മൃതസംസ്കാര ശുശ്രൂഷയിലുള്ളത്. അതിൽ, സെമിത്തേരിയിൽ വച്ച് കല്ലറ/ കുഴി വെഞ്ചരിപ്പ് പ്രാർത്ഥന എല്ലാ ക്രൈസ്തവർക്കും ഒരു ധ്യാനവിഷയമാണ്.

വൈദികൻ കുഴി വെഞ്ചരിപ്പു പ്രാർത്ഥന ഇപ്രകാരം ചൊല്ലുന്നു: “മാമ്മോദീസായാൽ മുദ്രിതവും പരിശുദ്ധ കുർബാനയാൽ പരിപുഷ്ടവും വിശുദ്ധ തൈലത്താൽ അഭിഷിക്തവുമായ ഈ ശരീരത്തിന് കർത്താവിന്റെ രണ്ടാമത്തെ ആഗമനം വരെ വിശ്രമം കൊള്ളേണ്ട ഈ കബറിടം ആശീർവ്വദിക്കണമേ.”

എത്രമാത്രം പരിശുദ്ധിയോടെ ഓരോരുത്തരും തങ്ങളുടെ ശരീരത്തെ കാത്തുസൂക്ഷിക്കണം എന്ന വലിയ ഉത്തരവാദിത്ത്വം ഈ പ്രാർത്ഥന നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ മുദ്രിതമായതും പരിശുദ്ധ കുർബാന സ്വീകരണത്തിലൂടെ ക്രിസ്തുവിന്റെ തിരുശരീര-രക്തങ്ങളാൽ പരിപോഷിപ്പിക്കപ്പെട്ടതും കർത്താവിന്റെ രണ്ടാമത്തെ ആഗമനത്തിന്റെ കാഹളം മുഴങ്ങുമ്പോൾ നിത്യജീവിതത്തിനായി ഉയിർത്തെഴുന്നേൽക്കേണ്ടതുമായ ഈ ശരീരത്തെപ്രതി ക്രൈസ്തവർ അഭിമാനിക്കണം.

“ഭൂമിയിലെ പൊടിയില്‍ ഉറങ്ങുന്ന അനേകര്‍ ഉണരും; ചിലര്‍ നിത്യജീവനായും ചിലര്‍ ലജ്ജക്കും നിത്യനിന്ദക്കുമായും” (ദാനി. 12:2).

പഴയ നിയമത്തിൽ കല്ലും മണ്ണും കൊണ്ട് നിർമ്മിച്ച ദേവാലയം, പുതിയ നിയമഭാഷ്യത്തിൽ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യശരീരമാണ്. അത് കർത്താവ് വില കൊടുത്തു വാങ്ങിയതാണ്. “നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല. നിങ്ങൾ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്” (1 കോറി 6:20).

ദൈവാലയത്തെ വിശുദ്ധമായും ആദരവോടെയും കാണുന്ന നമ്മൾ സ്വന്തശരീരത്തെയും അതേ വിശുദ്ധിയിലും ആദരവിലും കാത്തുസൂക്ഷിക്കണം. ഉയർന്ന വില കൊടുത്തു വാങ്ങിയത് ഏറ്റവും ശ്രേഷ്ഠമായി സൂക്ഷിക്കേണ്ടത് ആവശ്യവുമാണ്. ദേവാലയത്തിന് നൽകുന്ന ആദരവ് ശരീരത്തിനും നൽകിയാൽ വിശുദ്ധി നിനക്ക് കൈയ്യെത്തും ദൂരത്താണ്.

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.