ശിഷ്യത്വത്തിന്റെ ഉൾവഴികളിലേക്ക്

ജിന്‍സി സന്തോഷ്‌

ക്രിസ്തുവിന്റെ ശിഷ്യത്വം ആഗ്രഹിച്ച് തന്റെ പുത്രധർമ്മം നിറവേറ്റാൻ, പിതാവിനെ സംസ്കരിക്കാൻ അനുവാദം ചോദിക്കുന്ന യുവാവിനെ ലൂക്കാ സുവിശേഷകൻ നമുക്ക് പരിചയപ്പെടുത്തുന്നുണ്ട് (ലൂക്കാ 9).

ക്രിസ്തുവിന്റെ സുവിശേഷം നിനക്കു മുമ്പിൽ വയ്ക്കുന്ന വെല്ലുവിളി സ്വീകരിക്കുക അത്ര എളുപ്പമല്ല. പൂർണ്ണമനസ്സോടും പൂർണ്ണഹൃദയത്തോടും സർവ്വശക്തിയോടും കൂടി ദൈവത്തെ സ്നേഹിക്കുന്നുവെന്നു പറയുന്നവൻ ഉറ്റവരെ മറന്നും ഉടയവനെ പിഞ്ചെല്ലണം. തന്റെ തിടുക്കമാർന്ന ശിഷ്യത്വത്തിന് ക്രിസ്തുവിന്റെ മുമ്പിൽ ആ യുവാവ് പരാജയപ്പെട്ടു. വിശുദ്ധി എന്നാൽ കല്പനകൾ പാലിക്കുക എന്നു മാത്രം തെറ്റിദ്ധരിച്ചവർക്ക് പറ്റിയ അബദ്ധമാണിത്. ദൈവഹിതം നിറവേറ്റാൻ ആഗ്രഹത്തിനൊത്ത ആവേശം മാത്രം പോരാ. അനുതാപത്തിനൊത്ത ആത്മസമർപ്പണം കൂടി ആവശ്യമാണ്. ലോകത്തിന്റെ നശ്വരതകളെ സ്നേഹിക്കുന്നവന് ദൈവഹിതം തിരിച്ചറിയുക ക്ലേശകരമാണ്.

ക്രിസ്തു തന്റെ പരസ്യജീവിതം ലോകത്തോട് ചേർന്നു ജീവിച്ചത് കേവലം മൂന്നു വർഷം മാത്രമാണ്. മുന്നൂറു മൈലിൽ താഴെ മാത്രമേ അവൻ യാത്ര ചെയ്തിട്ടുള്ളൂ. വളരെ കുറച്ചു പേരെ മാത്രമേ അവൻ കണ്ടുമുട്ടിയിട്ടുള്ളൂ. എങ്കിലും ദൈവഹിതം പൂർണ്ണതയിൽ നിറവേറ്റി. ജീവിതത്തിന്റെ ദൈർഘ്യമോ, പ്രവൃത്തികളുടെ വലുപ്പമോ, ബന്ധങ്ങളുടെ കടമകളോ ഒന്നും ദൈവഹിതത്തിന്റെ മാനദണ്ഡങ്ങളല്ല. ശിഷ്യത്വത്തിന്റെ മൂല്യം നിശ്ചയിക്കുന്നത് വിളിച്ചവനോടുള്ള വിശ്വസ്തതയിൽ നീ നിലനിന്നോ എന്നതിലാണ്. “നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പിക്കുന്നതിൽ കൂടുതൽ ഉത്സാഹമുള്ളവരായിരിക്കുവിൻ. ഇങ്ങനെ ചെയ്താൽ ഒരിക്കലും നിങ്ങൾ വീണുപോവുകയില്ല” (2 പത്രോസ് 1:10).

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.