മുമ്പേ നടക്കുന്ന ദൈവം

ജിന്‍സി സന്തോഷ്‌

മനുഷ്യൻ അവന്റെ സ്വഭാവത്താൽ തന്നെ അക്ഷമനാണ്. ചോദിക്കുന്ന കാര്യങ്ങൾ ഉടനെ കിട്ടണമെന്നാണ് അവന്റെ ആഗ്രഹം. ലഭിച്ചില്ലങ്കിൽ അവൻ അസ്വസ്ഥനും നിരാശനുമാകും. അവന്റെ വിശ്വാസവും ക്ഷയിച്ചുപോകും.

ഓരോ അനുഗ്രഹവും മനുഷ്യനു നല്കുവാനായി ദൈവം കണ്ടെത്തിയിരിക്കുന്ന ഒരു സമയമുണ്ട്. ആ സമയം വരെ ക്ഷമാപൂർവ്വം കാത്തിരിക്കുന്ന ഒരു വിശ്വാസിക്ക് അവിടുന്ന് തന്റെ സമയത്ത് നൽകുന്ന അനുഗ്രഹങ്ങൾ വിസ്മയാവഹമാണ്. മനുഷ്യനു മുമ്പേ നടന്ന് അവന്റെ പാതകളെ നേരെയാക്കുന്ന ഒരു ദൈവമാണ് നമ്മുടേത്. അതിനാൽ പ്രശ്നങ്ങളിൽ നിന്ന് മുഖമുയർത്തി പ്രശ്നപരിഹാരകനിലേക്ക് നോക്കുകയാണ് സർവ്വപ്രധാനമായ കാര്യം.

കർത്താവിൽ പൂർണ്ണമായി ആശ്രയിക്കുന്നവർ ഒരുകാലത്തും ലജ്ജിക്കേണ്ടി വരികയില്ല. മനുഷ്യൻ പകച്ച് വീണുപോകുന്ന പ്രതിബന്ധങ്ങളാകുന്ന കോട്ടകൾ, ദൈവം മുമ്പിൽ പോകുമ്പോൾ തകർന്ന് തരിപ്പണമാകും. ദൈവത്തെ പൂർണ്ണമായും വിശ്വസിച്ചുകൊണ്ട് അനുഗമിക്കുന്ന ഒരു വിശ്വാസിയുടെ ജീവിതയാത്ര എത്രയോ ആയാസരഹിതവും ആനന്ദകരവുമാണ്.

“നിങ്ങൾ തിടുക്കം കൂട്ടേണ്ട. വേഗം ഓടുകയും വേണ്ട. കർത്താവ് നിങ്ങളുടെ മുമ്പിൽ നടക്കും” (ഏശയ്യ 52:12).

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.