സുവിശേഷത്തിന്റെ വിത്ത് വിതയ്ക്കാൻ വിളവിന്റെ നാഥനോട്

ജിന്‍സി സന്തോഷ്‌

“നശിച്ചുപോകുന്ന ആത്മാക്കളെക്കുറിച്ച് നിനക്ക് വേദനയുണ്ടോ? എങ്കിൽ നിനക്ക് സുവിശേഷവേലക്കുള്ള വിളിയുണ്ട്.” അനുദിന ജീവിതത്തിൽ എവിടെയും നമുക്ക് യേശുവിനെ കൊടുക്കാം. “വചനം പ്രസംഗിക്കുക; സാഹചര്യങ്ങൾ അനുകൂലമാണെങ്കിലും അല്ലെങ്കിലും. ജാഗരൂകതയോടെ വർത്തിക്കുക” ( 2 തിമോ 4:2).

കഷ്ടത സഹിക്കാനുള്ള മനസില്ലാത്തതുകൊണ്ടാണ് ചിലരുടെ സുവിശേഷജീവിതം കൂമ്പടഞ്ഞു പോകുന്നത്. ക്രിസ്തു നിനക്ക് പ്രിയപ്പെട്ടതെങ്കിൽ അവനെ മറച്ചുപിടിക്കാനാവില്ല നിനക്ക്. സുവിശേഷവേലക്കുള്ള സാഹചര്യം നോക്കി ആയുസിന്റെ ദിനങ്ങൾ തള്ളിക്കളയുന്നവരുണ്ട്. പ്രതികൂലസാഹചര്യങ്ങളെ പഴിച്ച് ക്രിസ്തുവിന് സാക്ഷ്യം നൽകാതെ ആയുസ്സിന്റെ ദിനങ്ങൾ തള്ളിമാറ്റുന്നവർ അനുകൂല സാഹചര്യങ്ങളിൽ അവനായി നിലകൊള്ളുമെന്ന് ഒരു ഉറപ്പുമില്ല. എല്ലാം അനുകൂലമായിട്ടല്ല സുവിശേഷവേല ചെയ്യണ്ടത്. ജീവിത മരുഭൂമിയാത്രയിൽ ഒരു ചെങ്കടൽ മുൻപിൽ സൃഷ്ടിച്ചവൻ തന്നെയാണ് അത് കടക്കാനുള്ള വിശ്വാസവീര്യം നെഞ്ചിൽ പകരുന്നതും.

നിനക്ക് ക്രിസ്തുവിനായി ഒരു മനസുണ്ടോ? അവനെ പകർന്നുകൊടുക്കാൻ വഴികൾ ഏറെയാണ്. “നിങ്ങളുടെ സമയം പൂർണ്ണമായും പ്രയോജനപ്പെടുത്തുവിൻ” (എഫേ. 5:16). “മനുഷ്യനു വേണ്ടിയല്ല, കർത്താവിനു വേണ്ടി എന്ന പോലെ” ചെയ്തെങ്കിലേ മടുപ്പു കൂടാതെ ഇതു നിർവ്വഹിക്കാനാകൂ (എഫേ. 6:7).

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.