കരുണയുടെ ഹൃദയത്തോട് ചേർന്നിരിക്കാം

ജിന്‍സി സന്തോഷ്‌

കഠിനകൃത്യങ്ങൾക്ക് കരുതലുള്ള കാരുണ്യം കൊണ്ട് ശിക്ഷ നൽകിയതു കൊണ്ടു മാത്രമല്ല കരുതലുള്ള, കാരുണ്യം കവിഞ്ഞൊഴുകുന്ന കൃപയുടെ കൂടാരം കൂടിയായിരുന്നതു കൊണ്ടുമാണ് ക്രിസ്തുവിന്റെ ഹൃദയം തിരുഹൃദയമായത്. പിടിക്കപ്പെട്ട വ്യഭിചാരിണി മഗ്ദലേന മറിയത്തെ തന്റെ മുമ്പിലേക്ക് വലിച്ചിഴച്ചവരോട് ക്രിസ്തു പറഞ്ഞത്, കരങ്ങളിൽ അരുതായ്മയുടെ കറ പുരളാത്തവൻ ആദ്യം കല്ലെറിഞ്ഞുകൊള്ളുക എന്നാണ്. ശേഷം അവൻ കുനിഞ്ഞ് നിലത്ത് എഴുതിക്കൊണ്ടിരുന്നു (യോഹ. 8:8).

തന്റെ മുഖഭാവത്തിന്റെ വ്യത്യസ്തത പോലും വായിച്ചെടുത്ത് അവൾ തന്നാൽ ശിക്ഷിക്കപ്പെടരുതെന്ന് അവൻ കരുതിയിട്ടുണ്ടാവണം. പിന്നീട് സുരക്ഷിതത്വങ്ങളുടെ ചൂടിനു വേണ്ടി ദാസിപ്പെണ്ണിന്റെ ചോദ്യങ്ങൾക്കു മുന്നിൽ ക്രിസ്തുവിനെ നിഷേധിച്ച പത്രോസ്. ആശ്വാസമായി അരികെ നിൽക്കേണ്ടവൻ അകന്നുമാറി അവനെ അറിയുകയില്ലന്നു പറഞ്ഞപ്പോൾ ഗുരുവിന്റെ ശിക്ഷയുടെ കാഠിന്യവും വർദ്ധിച്ചു.
മുഖമുയർത്തി കരളലിയിക്കുന്ന ഒരു നോട്ടം. ഒരു തിരിച്ചറിവിനും തിരിച്ചുവരവിനും തകർക്കാനാവാത്ത വിശ്വാസത്തിനും ആ നോട്ടം മതിയായിരുന്നു. കൂടെ നിൽക്കേണ്ടവൻ കുതറിമാറി കുരുതി കൊടുക്കാൻ ഒറ്റുമ്പോൾ, ചുംബനം കൊണ്ട് നീ എന്നെ ഒറ്റിക്കൊടുക്കുന്നുവോ എന്നൊരു ചോദ്യം യൂദാസിനോട്. തീർച്ചയായും യൂദാസ് പശ്ചാത്തപിച്ചിട്ടുണ്ടാകും. അതുകൊണ്ടാണല്ലോ നിഷ്കളങ്കരക്തത്തെ ഞാൻ ഒറ്റിക്കൊടുത്തുവെന്ന് പറഞ്ഞ് യൂദാസ് മുപ്പത് വെള്ളിനാണയങ്ങൾ വലിച്ചെറിഞ്ഞത്.

ക്രിസ്തുവിന്റെ തിരുഹൃദയാനുസ്മരണം നമ്മെ ക്ഷണിക്കുന്നത് അവനെപ്പോലെ കരുതലുള്ള കരുണയുടെ ഹൃദയം സ്വന്തമാക്കാനാണ്. ഉള്ളിൽ വേദനയുടെ കനൽ കോരിയിടുന്നവരോട്, കൂടെ നിൽക്കുമെന്നു കരുതിയവന്റെ ക്രൂരതയോട്, കരുതലുള്ള കരുണയോടെ ഹൃദയത്തെ ചേർത്തുവയ്ക്കാം. മാനവികതയുടെ മണലാരണ്യത്തിൽ സ്നേഹത്തിന്റെ തണ്ണീർപ്പന്തങ്ങളും കാരുണ്യത്തിന്റെ കുളിർക്കാറ്റും വീശുമ്പോൾ മനുഷ്യൻ മാലാഖയാകുന്നു.

“ദൈവമേ, അങ്ങയുടെ കാരുണ്യം എത്ര അമൂല്യം! മനുഷ്യമക്കള്‍ അങ്ങയുടെചിറകുകളുടെ തണലില്‍ അഭയം തേടുന്നു” (സങ്കീ. 36:7).

ജിൻസി സന്തോഷ്

(കടപ്പാട്: ഫാ. ജിബിൻ അച്ചാരുകുടിയിൽ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.