മുഖമൊന്ന് ഉയർത്തുക; ഒരു തിരിഞ്ഞുനോട്ടം നിന്റെ ദൈവത്തിലേക്ക്

ജിന്‍സി സന്തോഷ്‌

“സൃഷ്ടിയിലെ വൈകല്യം പേറുന്നവന്റെയല്ല, സ്നേഹവും ദയവും ക്ഷമയും അനുതാപവുമില്ലാത്ത മനുഷ്യന്റെ പേരാണ് വികലാംഗൻ” എന്ന് പെരുമ്പടവം ശ്രീധരൻ ഒരിക്കൽ എഴുതിയിരുന്നു. വിശുദ്ധിയിൽ വളരാനുള്ള രാജവീഥികളിൽ പ്രധാനം അനുതപിക്കുന്ന ഹൃദയമാണ്. നിന്നിലെ അശുദ്ധിയെ ഉപേക്ഷിക്കാനുള്ള, ഉള്ളിൽ തട്ടിയുള്ള തീരുമാനം നിന്നെ അനുതാപത്തിലേക്ക് നയിക്കും. അപ്പോൾ നിന്റെ മിഴികൾ സജലങ്ങളാകും. ബാഹ്യമായ അനുതാപക്കണ്ണീർ എപ്പോഴും ലഭിക്കണമെന്നില്ല. എന്നാൽ നിന്റെ ആത്മാവിൽ അശ്രുകണങ്ങൾ വീഴുമെന്നുള്ളത് ഉറപ്പാണ്. അതുകൊണ്ടാണ് സഭാപിതാവായ വി. അംബ്രോസ് കുമ്പസാരത്തെ കണ്ണുനീരിന്റെ മാമ്മോദീസ എന്നു വിശേഷിപ്പിച്ചത്.

അശുദ്ധിയുടെ ആഴം എത്രയധികമായാലും ദൈവസന്നിധിയിൽ അനുതപിക്കുന്നവന് ശുദ്ധതയുടെ തീരത്തണയാൻ സ്വർഗം കരം പിടിക്കും. അശുദ്ധിയെ ഉപേക്ഷിക്കാനും നിന്റെ ദൈവത്തെ സ്വന്തമാക്കാനുമുള്ള ആഗ്രഹം നിന്റെ ഹൃദയത്തിൽ തുടിക്കണം. “ദൈവത്തിൽ നിന്ന് അകലാൻ കാണിച്ചതിന്റെ പത്തിരട്ടി തീക്ഷ്ണതയോടെ തിരിച്ചുവന്ന് അവിടുത്തെ തേടുവിൻ” (ബാറുക്ക് 4:28).

പന്നിക്കുഴിയിൽ നിരാശനായി മുഖം അമർത്തിക്കിടന്നാൽ ദൈവത്തിന് നിന്നെ മാറോട് ചേർക്കാൻ കഴിയില്ല. ആഗ്രഹത്തോടെ മുഖമൊന്നുയർത്തിയാൽ, അനുതാപത്തോടെ ഒരു തിരിഞ്ഞുനോട്ടം നിന്റെ ദൈവത്തിലേക്ക് നോക്കിയാൽ അതു മതി. അവിടുന്ന് നിന്നെ കരം പിടിച്ചുയർത്തും. തന്റെ മാറോടു ചേർത്ത് നിന്റെ നെറ്റിത്തടത്തിൽ സ്നേഹചുംബനമേകും. “അവിടുന്ന് അവനെ വാരിപ്പുണർന്നു;.തന്റെ കണ്ണിലുണ്ണിയായി സൂക്ഷിച്ചു” (നിയമാ. 32:10).

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.