സഹനം എന്ന പാഠശാല

ജിന്‍സി സന്തോഷ്‌

സഹനം ഒരു വലിയ പാഠശാലയാണ്. അവിടെ നമ്മെ ഇടിച്ചുപൊടിച്ചും തല്ലിച്ചതച്ചും ഊതിത്തെളിച്ചും ഉരുക്കിവാർത്തും ഒരു പുതിയ സൃഷ്ടിയാക്കുന്നു. മുറിവേറ്റ കുഞ്ഞാട് ഇടയനോടെന്ന പോലെ സഹനം നമ്മെ ദൈവത്തോടടുപ്പിക്കും. ജീവിതയാത്രയിൽ ഒന്നിനെയും വകവയ്ക്കാതെ, ഒരാൾക്കും പിടികൊടുക്കാതെ ഓടുന്നതിനിടയിൽ ഈ ആയുസ്സിന്റെ അർത്ഥവും നിയോഗവും വിശുദ്ധിയുമൊക്കെ നശിച്ചുപോകും. ഉയിരേകിയവന്റെ ഉയിരായി മാറുംവരെ ഉടയവനാൽ ഉരുക്കിവാർക്കപ്പെടണം ഓരോ ജീവിതവും. “അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വർണ്ണത്തേക്കാൾ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം” (1 പത്രോസ് 1:7).

തീയിലെറിയാതെ സ്വർണ്ണം മാറ്റുള്ളതാകില്ല. ശുദ്ധീകരിക്കപ്പെടാതെ മനുഷ്യൻ അമൂല്യനുമാകില്ല. എല്ലാ വിശുദ്ധ സ്നേഹത്തിലും ഒരു സഹനമുണ്ട്. വി. മദർ തെരേസ പറയുന്നത്, “സഹനം എന്നത് ക്രിസ്തുവിന് ചുംബിക്കാനുള്ള അകലത്തിൽ നിങ്ങളെത്തി എന്നതിന്റെ അടയാളമാണ്” – എന്നാണ്.

കടലിന് മണൽ കൊണ്ട് അതിർത്തി നിശ്ചയിച്ചുവച്ചിരിക്കുന്ന ദൈവം നിന്റെ സഹനത്തിനും അതിരു വച്ചിട്ടുണ്ട്. സഹനം രക്ഷാകരമാകുന്നത് രക്ഷകന്റെ കുരിശിന്റെ ലക്ഷ്യവും നിന്റെ സഹനത്തിന്റെ ലക്ഷ്യവും ഒന്നാകുമ്പോഴാണ്. “സ്വർണ്ണം അഗ്നിയിൽ ശുദ്ധി ചെയ്യപ്പെടുന്നു; സഹനത്തിന്റെ ചൂളയിൽ കർത്താവിന് സ്വീകാര്യരായ മനുഷ്യരും” (പ്രഭാ. 2:5).

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.