മനുഷ്യരെ മരങ്ങളെപ്പോലെ കാണുന്ന കാലം

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

കുട്ടിക്കാലത്ത് പ്രേതകഥകൾ കേൾക്കാത്തവർ വിരളമായിരിക്കും. ഒരു രാത്രി അങ്ങനെയൊരു കഥ കേട്ടാണ് ഉറങ്ങാൻ കിടന്നത്. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. അപ്പോഴാണ് അയലത്തെ വീട്ടിലെ പട്ടിയുടെ മോങ്ങൽ. പ്രേതങ്ങൾ വരുമ്പോൾ പട്ടികൾ ഓരിയിടും എന്ന് കേട്ടിട്ടുണ്ട്. ഉമ്മറത്ത് കിടന്ന ഞാൻ പേടിച്ചുവിറച്ച് മുറ്റത്തേയ്ക്ക് നോക്കി. അതാ പുള്ളിക്കുത്തുള്ള വസ്ത്രം ധരിച്ച ഒരാൾ കൈ നീട്ടി വിളിക്കുന്നതു പോലെ. ഭയം മൂലം അമ്മയെ വിളിക്കാൻ പോലും ശബ്ദം പുറത്തു വന്നില്ല. പുതപ്പ് കൊണ്ട് ശിരസു മൂടി, കണ്ണുകൾ ഇറുക്കിയടച്ച്, കുരിശ് വരച്ച് കിടന്നു. എപ്പോഴോ ഉറങ്ങിപ്പോയി.

പിറ്റേ ദിവസം ഉണർന്ന പാടെ ഞാൻ മുറ്റത്തേക്ക് നോക്കി. ഞാൻ കണ്ട പ്രേതം അവിടെത്തന്നെയുണ്ട്. ഒരു വാഴ! ചെറുകാറ്റിൽ വാഴയിലകൾ ആടിയപ്പോൾ അതിൽ തട്ടിയ നിലാവെളിച്ചത്തിൽ പുള്ളിക്കുത്തുള്ള വസ്ത്രം ധരിച്ച പ്രേതത്തെപ്പോലെയാണ് എനിക്ക് തോന്നിയത്! മുറ്റത്ത് അനങ്ങിയത് എന്താണെന്ന് നോക്കാനുള്ള ധൈര്യമോ, പ്രേതങ്ങൾ ഇല്ലെന്നുള്ള അറിവോ അന്ന്നി എനിക്കില്ലായിരുന്നു.

നമ്മുടെ ജീവിതത്തിലും തെറ്റായ അറിവും അവ്യക്തമായ കാഴ്ചയും ശരിയായ രീതിയിൽ കാര്യങ്ങൾ മനസിലാക്കുന്നതിന് തടസമാകും. അതിനൊരു ഉത്തമ ഉദാഹരണം സുവിശേഷത്തിലുണ്ട്.

ഒരു അന്ധനെ കുറച്ചുപേർ ക്രിസ്തുവിൻ്റെ അരികിൽ കൊണ്ടുവന്നു. “അവന് അന്ധനെ കൈയ്‌ക്കു പിടിച്ച്‌ ഗ്രാമത്തിനു വെളിയിലേക്കു കൊണ്ടുപോയി. അവന്റെ കണ്ണുകളില് തുപ്പിയശേഷം അവന്റെ മേല് കൈകള് വച്ചുകൊണ്ടു ചോദിച്ചു: നീ എന്തെങ്കിലും കാണുന്നുണ്ടോ? നോക്കിയിട്ട്‌ അവന് പറഞ്ഞു: ഞാന് മനുഷ്യരെ കാണുന്നുണ്ട്‌. അവര് മരങ്ങളെപ്പോലിരിക്കുന്നു; നടക്കുന്നതായും കാണുന്നു. വീണ്ടും യേശു അവന്റെ കണ്ണുകളില് കൈകള് വച്ചു. അവന് സൂക്ഷിച്ചു നോക്കി; കാഴ്‌ച തിരിച്ചു കിട്ടുകയും ചെയ്‌തു. അവന് എല്ലാ വസ്‌തുക്കളും വ്യക്‌തമായി കണ്ടു” (മര്ക്കോ. 8: 23-25).

കാഴ്ച ലഭിച്ച അവൻ മനുഷ്യരെ മരങ്ങളായാണ് ആദ്യം കണ്ടത്. ക്രിസ്തുവിന്റെ രണ്ടാം സ്പർശം ലഭിച്ചപ്പോൾ മാത്രമാണ് അവന് മനുഷ്യരെ മനുഷ്യരായി കാണാൻ സാധിച്ചത്. വ്യക്തിബന്ധങ്ങളിലും സമൂഹജീവിതത്തിലുമെല്ലാം നമുക്ക് ആവശ്യം ക്രിസ്തുവിന്റെ രണ്ടാം സ്പർശമാണ്. അപ്പോൾ മാത്രമേ മനുഷ്യരെ നമുക്ക് മനുഷ്യരായി കാണാൻ കഴിയൂ.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.