ഉല്ലാസങ്ങൾക്കു മുമ്പ് ഉത്തരവാദിത്വങ്ങൾ പൂർത്തീകരിക്കുക

ജിന്‍സി സന്തോഷ്‌

ജലപ്രളയത്തിനു മുമ്പ്, നോഹ നീതിമാനും ആ തലമുറയിലെ കറയറ്റ മനുഷ്യനുമായിരുന്നു എന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ദൈവികപദ്ധതി പ്രകാരം ജലപ്രളയത്തെ അതിജീവിച്ചതിനു ശേഷം നോഹ ആത്മീയജീവിതത്തിൽ ജാഗ്രതയില്ലാത്തവനും അലസനുമായിത്തീർന്നു. ദൈവത്തിൽ ആനന്ദിച്ചിരുന്നവൻ വീഞ്ഞിന്റെ ലഹരിയിൽ ആനന്ദിക്കുവാൻ തുടങ്ങി.

ചില ദൗത്യങ്ങൾ പൂർത്തീകരിച്ചു കഴിയുമ്പോഴുണ്ടാകുന്ന ആത്മീയ ആലസ്യം ദൈവികപദ്ധതികൾക്ക് തടസ്സം സൃഷ്ടിക്കുന്നു. ഈ ഭൂമിയിൽ ഒരു വ്യക്തിയെക്കുറിച്ചുള്ള ദൈവികപദ്ധതികൾ അവസാനിച്ചാൽ ,പിന്നീട് ആ വ്യക്തി ഈ ഭൂമുഖത്തുണ്ടാവുകയില്ല. അതായത് ഞാനും നിങ്ങളും ഇന്നും ജീവിച്ചിരിക്കുന്നുണ്ട് എന്നതിനർത്ഥം നമ്മളെക്കുറിച്ച് കർത്താവിന് ഇനിയും എന്തൊക്കെയോ പദ്ധതികൾ അവശേഷിക്കുന്നുണ്ട് എന്നതാണ്.

ഒരു ദൗത്യം വിജയകരമായി പൂർത്തീകരിച്ചു കഴിയുമ്പോൾ ശരീരത്തിനും മനസിനും ആത്മാവിനും സ്വസ്ഥത നല്കി ബലപ്പെടുത്തുന്നത് ഉല്ലാസപരിപാടികളോ ആഘോഷങ്ങളോ അല്ല; ദൈവസാന്നിധ്യത്തിൽ സ്വസ്ഥമായിരിക്കുന്നതാണ്. ദൈവമക്കളുടെ യഥാർത്ഥ വിശ്രമസ്ഥലം ദൈവസന്നിധിയാണ്. റിട്ടയർ ചെയ്തതുകൊണ്ടോ, മക്കളുടെ ഭാവി സുരക്ഷിതമായതുകൊണ്ടോ ആരുടെയും ജീവിതദൗത്യം തീരുന്നില്ല. പ്രായം കൂടി, ആരോഗ്യം ക്ഷയിച്ചു… ഇതൊന്നും ദൈവനിയോഗങ്ങൾ അവസാനിച്ചു എന്നതിന്റെ അടയാളങ്ങളുമല്ല. ദൈവമക്കളുടെ റിട്ടയർമെൻ്റ് സമയം അവരുടെ മരണസമയമാണ്.

ഇനിയൊന്നും ചെയ്യാനില്ല എന്നു തോന്നുന്നത് ഒന്നും ചെയ്യാനില്ലാത്തതു കൊണ്ടല്ല. ചെയ്യേണ്ടതെന്താണെന്ന് തിരിച്ചറിയാൻ കഴിയുംവിധം ദൈവസന്നിധിയിൽ സ്വസ്ഥത കണ്ടെത്താത്തതു കൊണ്ടാണ്. അതിനാൽ ഓർമ്മിക്കുക, ഒരു നിയോഗത്തിന്റെ പൂർത്തീകരണത്തിനു ശേഷമുള്ള സമയം അടുത്ത നിയോഗം ഏറ്റുവാങ്ങാനുള്ള ഒരുക്കത്തിന്റെ സമയമാണ്. “തന്റെ ഹിതമനുസരിച്ച്‌ എല്ലാം പൂര്‍ത്തിയാക്കുന്ന അവിടുന്ന് തന്റെ പദ്ധതിയനുസരിച്ച്‌ അവനില്‍ നമ്മെ മുന്‍കൂട്ടിതെരഞ്ഞെടുത്തു നിയോഗിച്ചു. ഇത് ക്രിസ്‌തുവില്‍ ആദ്യമായി പ്രത്യാശയര്‍പ്പിച്ച നാം അവന്റെ മഹത്വത്തിനും സ്‌തുതിക്കും വേണ്ടി ജീവിക്കുന്നതിനാണ്‌” (എഫേ. 1: 11-12).

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.