ഓണസദ്യയുണ്ണാൻ പറമ്പിലെ തൈവാഴയിൽ നിന്നു മുറിച്ച വാഴയിലകളിൽ ആത്മീയവിരുന്നൊരുക്കി ദൈവാത്മാവ്

ജിന്‍സി സന്തോഷ്‌

കാത്തുസംരക്ഷിച്ച വലിയ വാഴകളിലെ ഇലകളാകെ കാറ്റിലുലഞ്ഞ് കീറിയതും പുഴുക്കുത്ത് നിറഞ്ഞതുമായിരുന്നു. ഒടുവിൽ വാഴക്കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ടു നിന്ന തൈവാഴയുടെ തന്നെ എല്ലാ ഇലയും മുറിച്ചെടുത്തു. പാവം തൈവാഴ. ഒരു കുടുംബത്തിന്റെ സന്തോഷത്തിനു വേണ്ടി ജീവിതം ബലിയായിത്തീർന്നു.

സദ്യ കഴിഞ്ഞപ്പോൾ കുടുംബാംഗങ്ങളെല്ലാവരും പറഞ്ഞു: “സദ്യ നന്നായി. കറികൾക്കൊക്കെ നല്ല സ്വാദ്, പായസവും നന്നായി.” പാവം തൈവാഴ. അതിന്റെ ത്യാഗത്തെയും ബലിയെയും ആര് ഓർമ്മിക്കാൻ…

വാഴയിലകൾ വിരുന്നുമേശയിൽ നിന്ന് ചവറ്റുകൂനയിലേക്ക് ഇടുമ്പോൾ ഇലകൾ യാത്രാമൊഴി പോലെ ചില കാര്യങ്ങൾ ഓർമ്മിപ്പിച്ചു. “ജീവിതവഴികളിൽ പൊതിച്ചോറിന് രുചി പകരാനും സദ്യവട്ടങ്ങളിൽ നിറസാന്നിധ്യമായും നിനച്ചിരിക്കാത്ത നേരത്തെ വേനൽമഴയിൽ സംരക്ഷണ കുടയായും നിന്റെ സുഖദുഃഖങ്ങളിൽ എന്നും എന്റെ നിറവും മണവും ഗുണവുമെല്ലാം നിനക്കായ് ബലിയാക്കിയ ജീവിതമാണിത്. ഒടുവിൽ എല്ലാം കഴിഞ്ഞ് നീ എന്നെ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയുമ്പോഴും ഒരിക്കൽക്കൂടി നിനക്കു വേണ്ടി കത്തിയമരാൻ കരിയിലക്കൂട്ടങ്ങളുടെ കൂടെ ഞാൻ കാത്തുകിടക്കുന്നു. ബലിജീവിതം പൂർണ്ണമാക്കാൻ…

മനുഷ്യരാൽ നിന്ദിക്കപ്പെടുക, ഉപേക്ഷിക്കപ്പെടുക എന്നതും തങ്ങളുടെ ജീവിതത്താലെ മറ്റുള്ളവർ അനുഗ്രഹിക്കപ്പെടുക എന്നതും ബലിജീവിതങ്ങളുടെ പവിത്രനിയോഗമാണ്. “അവന് ക്ഷതമേൽക്കണമെന്നത് കർത്താവിന്റെ ഹിതമായിരുന്നു. അവിടുന്നാണ് അവനെ ക്ലേശങ്ങൾക്ക് വിട്ടുകൊടുത്തത്” (ഏശയ്യ 53:10).

ജീവിതയാത്രയിൽ നിന്ദിക്കപ്പെടുമ്പോൾ, വെട്ടിമാറ്റപ്പെടുമ്പോൾ ഓർക്കുക… മനുഷ്യരാരുമല്ല ദൈവമാണ് ഈ സഹനങ്ങൾ നിനക്ക് അനുവദിച്ചത്. “ആകയാൽ മനോധൈര്യം അസ്തമിച്ച് നിങ്ങൾ തളർന്നുപോകാതിരിക്കുവാൻ അവൻ, തന്നെ എതിർത്ത പാപികളിൽ നിന്ന് എത്രമാത്രം സഹിച്ചുവെന്ന് ചിന്തിക്കുവിൻ” (ഹെബ്രാ. 12:3).

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.