ഉറങ്ങി വിശ്രമിക്കാൻ നമുക്കിനി സമയമില്ല

ജിന്‍സി സന്തോഷ്‌

മലയാളി കേട്ടിടത്തോളം ദൈവവചനം ലോകത്ത് ഒരു ജനതയും കേട്ടിട്ടില്ല. മലയാളി ക്രിസ്ത്യൻ മിഷനറി എത്തിയിടത്തോളം രാജ്യങ്ങൾ ലോകത്ത് ഒരു മിഷനറിയും ഇനിയും എത്തിയിട്ടില്ല. ഈ നാളുകളിൽ തിരുസഭ അകത്തു നിന്നും പുറത്തു നിന്നും ആക്രമണങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ദൈവത്തെ സ്‌നേഹിക്കുന്ന, യേശുവിന്റെ രക്ഷ സ്വന്തമാക്കിയ ആരും ‘എന്തെങ്കിലും സംഭവിച്ചുകൊള്ളട്ടെ’ എന്നു കരുതി അലസരാവുകയില്ല. സമൂഹമധ്യത്തിൽ പരിശുദ്ധ കൂദാശകളും ക്രിസ്തുവിന്റെ പൗരോഹിത്യവും സന്യാസവുമെല്ലാം അവഹേളിക്കപ്പെടുമ്പോൾ ദൈവസന്നിധിയിൽ നമ്മുടെ കണ്ണുനീർ ജലധാര പോലെ ഒഴുകണം.

മനുഷ്യരിലൂടെയാണ് ദൈവം എപ്പോഴും പ്രവർത്തിക്കുന്നത്. മനുഷ്യരുടെ പ്രാർത്ഥനകളിലാണ് ദൈവം സ്വർഗം വിട്ട് ഇറങ്ങിവരുന്നത്. അതിനാൽ മടുക്കാതെ, മുടങ്ങാതെ പ്രാർത്ഥിക്കാനും പരിഹാരമനുഷ്ഠിക്കാനും കരുണ യാചിക്കാനും ആരെങ്കിലും വേണം. അത് വ്യക്തിക്കായാലും കുടുംബത്തിനായാലും സമൂഹത്തിനോ, സഭയ്ക്കോ ആയാലും നിരന്തരപ്രാർത്ഥന ഒഴിവാക്കാനാവില്ല.

ഈ കാലഘട്ടത്തിൽ സഭയെയും ദൈവജനത്തെയും വിശുദ്ധീകരിക്കാനും പടുത്തുയർത്താനും സ്വർഗം നമ്മെ വിളിച്ച് വേർതിരിക്കുന്നു. ആത്മീയജീവിതത്തിൽ ഉറങ്ങി വിശ്രമിക്കാൻ നമുക്കിനി സമയമില്ല. “ജറുസലേമിന്റെ ഓർമ്മ കർത്താവിൽ ഉണർത്തുന്നവരേ നിങ്ങൾ വിശ്രമിക്കരുത്. ജറുസലെമിനെ സ്ഥാപിക്കുകയും അവളെ ഭൂമിയിൽ പ്രശംസാപാത്രമാക്കുകയും ചെയ്യുന്നതുവരെ അവിടുത്തേക്ക് വിശ്രമം നല്‍കുകയുമരുത്” (ഏശയ്യ 62: 6,7)

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.