ദൈവസന്നിധിയിലുള്ള ദൈനംദിന ധ്യാനം നമ്മുടെ പ്രവർത്തനരീതികളെ മാറ്റും

ഒരു മികച്ച വ്യക്തിയാകാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ ദൈവത്തിന്റെ സാന്നിധ്യം തിരിച്ചറിയുക, അതിനായി പരിശ്രമിക്കുക.

ആത്മീയജീവിതം മെച്ചപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മിൽ പലരും. അതിനായി പലപ്പോഴായി നാം പരിശ്രമിക്കാറുമുണ്ട്. എന്നാലും ചില സമയങ്ങളില്‍ തെറ്റിലേയ്ക്ക് നാം വീണുപോകുന്നു. നമ്മുടെ ജീവിതത്തിൽ ആത്യന്തികമായി മാറ്റം വരുത്താനുള്ള ഒരു മാർഗ്ഗം ദൈവത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് ധ്യാനിക്കുക എന്നതാണ്. ഇപ്രകാരമുള്ള ധ്യാനത്തിലൂടെ നമ്മുടെ കുറവുകളെക്കുറിച്ചും ആത്മീയജീവിതത്തിലെ വളർച്ചയെക്കുറിച്ചുമൊക്കെ ഒരു ആത്മപരിശോധന നടത്തുവാൻ നമുക്ക് സാധിക്കും.

ഈ ആത്മപരിശോധന, സ്വയം ന്യായീകരിക്കുവാനോ കുറ്റപ്പെടുത്തുവാനോ അല്ല. ദൈവത്തിന്റെ മുമ്പിൽ ആയിരുന്നുകൊണ്ട് ജീവിതത്തിൽ പരിവർത്തനം ഉണ്ടാകുവാനുള്ള ഒരു അഭ്യർത്ഥനയാണത്. അതിന് നമ്മുടെ ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം കൂടിയേ മതിയാകൂ.

കണ്ണുകളടച്ച് വ്യക്തിപരമായി നമ്മെ കാണുന്ന ദൈവത്തിന്റെ സാമിപ്യം അനുഭവിക്കുക. എൻ്റെ എല്ലാ മനോഭാവങ്ങളും അറിയാവുന്ന ഏക വ്യക്തിയാണ് സർവ്വശക്തനായ ദൈവമെന്ന് മനസ്സിൽ ഉറപ്പിക്കുക. നമ്മെ എപ്പോഴും കാണുന്ന നമ്മുടെ സ്വർഗ്ഗീയപിതാവിനെ പ്രസാദിപ്പിക്കാൻ നാം നമ്മുടെ ജീവിതത്തിൽ മാറ്റം വരുത്തേണ്ടത് അവിടുത്തോടുള്ള സ്നേഹത്തിൽ നിന്നാണ്. പാപത്തിനെതിരായ ഏറ്റവും ശക്തമായ പ്രതിവിധി ‘ദൈവം എന്നെ കാണുന്നു’ എന്ന് നിങ്ങളുടെയുള്ളിൽ ഇടയ്ക്കിടെ പറയുക എന്നതാണ്.

നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ സാന്നിധ്യം ഓർമ്മിക്കാനും നമ്മുടെ എല്ലാ പ്രവർത്തനങ്ങളും അവിടുത്തെ മുമ്പിൽ ചെയ്യുന്നതുപോലെ പ്രവർത്തിക്കാനും ശ്രമിക്കാം. സത്യത്തിൽ നാം പലപ്പോഴും അതിനെക്കുറിച്ച് ബോധവാന്മാരായിരിക്കില്ല. ഈ ഒരു ബോധ്യം നമ്മുടെ ജീവിതത്തിൽ ആഴപ്പെടുത്തുവാൻ അനുദിനധ്യാനം നമ്മെ ശക്തിപ്പെടുത്തട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.