കുർബാനാധിഷ്ഠിത വചന ധ്യാനം: ദനഹാ അഞ്ചാം വ്യാഴം മർക്കോ 9:33-37

ഫാ. ആൽവിൻ

വലിയവർ ശുശ്രൂഷകരാകണം 

ഈശോയുടെ ശിഷ്യർ തങ്ങളിൽ ആരാണ് വലിയവർ എന്നതിനെക്കുറിച്ച് തർക്കിക്കുന്നു. അവരുടെ തർക്കം അറിയുന്ന ഈശോ ആരാണ് ഒന്നാമൻ എന്ന് വ്യക്തമാക്കുന്നു: ശുശ്രൂഷയുടെ ചൈതന്യം പേറുന്നവരാണ് വലിയവർ.

എങ്ങനെയാണ് ശുശ്രൂഷ ചെയ്ത് വലിയവനാകേണ്ടതെന്ന് ഈശോ സ്വന്തം ജീവിതത്തിലൂടെ നമുക്ക് കാണിച്ചു തന്നു. പരിശുദ്ധ കുർബാന സ്ഥാപനത്തിനൊരുക്കമായി സകലത്തിന്റെയും ഉടയവനായ ഈശോ, കേവലം തന്റെ സൃഷ്ടി മാത്രമായ ശിഷ്യരുടെ കാലു കഴുകിക്കൊണ്ടാണ് ശുശ്രൂഷയുടെ മാതൃക നമുക്ക് കാണിച്ചു തന്നത്. കുർബാന സ്ഥാപിച്ചവൻ ശുശ്രൂഷയാകുന്ന അടിത്തറയിൽ നിന്നുകൊണ്ടാണ് കുർബാന സ്ഥാപിച്ചതെങ്കിൽ, ആ കുർബാനയർപ്പണത്തിൽ ദിനംപ്രതി പങ്കു ചേരുന്ന നമുക്ക് കുർബാനയർപ്പിക്കാനുള്ള അടിസ്ഥാന യോഗ്യത എന്നത് നമ്മുടെ ജീവിത സാഹചര്യങ്ങളിൽ നമ്മൾ അനുവർത്തിക്കുന്ന ശുശ്രൂഷാമാനങ്ങളാണ്.

ഞാൻ ആദ്യം അല്ലെങ്കിൽ വലിയവൻ എന്നു ചിന്തിക്കാതെ, മറ്റുള്ളവർ ആദ്യം അല്ലെങ്കിൽ അവരാണ് വലിയവർ എന്നു ചിന്തിക്കാൻ നമുക്ക് സാധിക്കട്ടെ. ഈ മനോഭാവത്തോടെ ബലിക്കണയുമ്പേൾ നമ്മളർപ്പിക്കുന്ന ഓരോ ബലിയും ഈശോയുടെ കുർബാന സ്ഥാപനത്തിന്റെ പൂർണ അർത്ഥത്തിലുള്ള പിന്തുടർച്ചയാകും.

ഫാ. ആൽവിൻ MCBS