തെരുവുബാലനില്‍ നിന്ന് ദൈവദാസനിലേയ്ക്ക്! പതിനേഴാം വയസില്‍ ഈശോയെ തൊട്ടറിഞ്ഞ ഡാര്‍വിന്‍ റാമോസ്

ജനിക്കുന്നതും ജീവിക്കുന്നതും എവിടെയും ആയിക്കൊള്ളട്ടെ, കൃപയാണ് ഏറ്റവും ആവശ്യമായിട്ടുള്ളതെന്നും ദൈവത്തിന്റെ ആ വലിയ അനുഗ്രഹം ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ ജീവിതം വിശുദ്ധിയിലേക്ക് തനിയെ എത്തിക്കോളുമെന്നും തെളിയിച്ച് കടന്നുപോയ വ്യക്തിയാണ് ഫിലിപ്പീന്‍സിലെ ഡാര്‍വിന്‍ റാമോസ് എന്ന പതിനേഴുകാരന്‍.

പതിനേഴാം വയസ്സില്‍ മരിച്ചുപോയ ഡാര്‍വിന്‍, ചേരിയിലാണ് ജീവിതം കഴിച്ചുകൂട്ടിയത്. ഇപ്പോള്‍ അവന്‍ കത്തോലിക്കാ വിശുദ്ധപദവിയുടെ ആദ്യഘട്ടമായ ദൈവദാസ പദവിയിലാണ്.

1994-ല്‍ മനിലയിലെ പാസേ നഗരത്തിലെ ചേരിയിലാണ് ഡാര്‍വിന്‍ ജനിച്ചത്. ഏഴ് വയസ്സുള്ളപ്പോള്‍ അവന് ഡുഷീന്‍ മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്ന ഗുരുതരമായ ഒരു രോഗം ബാധിച്ചു. 2006-ല്‍ ബ്രിഡ്ജ് ഓഫ് ചില്‍ഡ്രന്‍ എന്ന സംഘടന അവനെ സംരക്ഷിച്ചു. അതിനുശേഷം, വൈകല്യം ബാധിച്ച കുട്ടികള്‍ക്കായുള്ള ഔര്‍ ലേഡി ഓഫ് ഗ്വാദലൂപ്പെ കേന്ദ്രത്തില്‍ താമസിപ്പിച്ചു. 2007-ല്‍ ഡാര്‍വിന് ജ്ഞാനസ്‌നാനവും സ്ഥൈര്യലേപനവും നല്‍കി. ‘എനിക്ക് ഈ അവസ്ഥ ഒരു ദൗത്യമാണ്. ഇതുവഴി ഞാന്‍ ദൈവത്തെ കൂടുതല്‍ നന്നായി അറിയുന്നു. യേശുവിന് എല്ലാം അറിയാം. നമ്മെക്കാള്‍ നന്നായി അറിയാം’ എന്നാണ് ഡാര്‍വിന്‍ പറഞ്ഞുകൊണ്ടിരുന്നത്.

ഡാര്‍വിന്റെ ആരോഗ്യസ്ഥിതി മോശമാകാന്‍ തുടങ്ങിയെങ്കിലും അവന്‍ എല്ലാവരോടും സ്‌നേഹത്തില്‍ പെരുമാറി. സ്‌നേഹമുള്ള കുട്ടി എന്നാണ് അവനെ ശുശ്രൂഷകരും മറ്റു കുട്ടികളും വിളിച്ചിരുന്നത്. 2012 സെപ്തംബര്‍ 23-ന് ഫിലിപ്പൈന്‍സിലെ ചില്‍ഡ്രന്‍സ് മെഡിക്കല്‍ സെന്ററില്‍ വച്ച് ഡാര്‍വിന്‍ അന്തരിച്ചു. മരിക്കുന്നതിന്റെ തലേദിവസം അവന്‍ എല്ലാവരെയും നോക്കി എഴുതിക്കാണിച്ചു: വലിയ നന്ദി. ഞാന്‍ വളരെ സന്തോഷവാനാണ്.’

2018-ല്‍ ഫ്രാന്‍സിസ് പാപ്പാ അവനെ ദൈവദാസനായി പ്രഖ്യാപിച്ചു. അടുത്തഘട്ട നാമകരണ നടപടികള്‍ പുരോഗമിക്കുകയും ചെയ്യുന്നു.