10 ദൈവകല്പനകൾ കോർത്തിണക്കി ഒരു സൈബർ ആത്മപരിശോധന

ഡിജിറ്റൽ, സൈബർ യുഗത്തിൽ നാം ജീവിക്കുമ്പോൾ നമ്മുടെ ആത്മപരിശോധനയിലും അവ ഭാഗമാകണം. 10 ദൈവകല്പനകൾ കോർത്തിണക്കി കൊണ്ടു തന്നെയാണ് ഈ ആത്മപരിശോധനയും.

പ്രത്യാശയുടെ ഉറവിടം എന്ന നിലയിൽ ഇന്റർനെറ്റ് വിശ്വസ്തതയോടെ ഉപയോഗിക്കാൻ ഫ്രാൻസീസ് പാപ്പ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു. മൗസിന്റെ ഓരോ ക്ലിക്കുകളും, ഓരോ ഇന്റർനെറ്റ് ലിങ്കിനു ചുറ്റും വട്ടമിട്ടു പറക്കുന്ന ഓരോ ആരോ ചിഹ്നങ്ങളം നമ്മളെ സുവിശേഷത്തോടു അടുപ്പിക്കുകയോ അവയിൽ നിന്നു അകറ്റുകയോ ചെയ്യാം.

പാപ്പയുടെ അഭിപ്രായത്തിൽ ” പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടു ക്രിസ്തുവിന്റെ പ്രകാശപൂരിതമായ മുഖത്തിലേക്കു ജനങ്ങളെ നയിക്കുന്ന അമൂല്യമായ അവസരങ്ങൾ നമ്മൾ കണ്ടു പിടിക്കണം. ഡിജിറ്റൽ സാങ്കേതിക വിദ്യകൾ നൽകുന്ന അവസരങ്ങൾ ഉപയോഗിച്ചുള്ള സുവിശേഷ പ്രഘോഷണമാണ് അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്.”

സൈബർ മേഖലയിൽ നാം വിശുദ്ധരാണോ? നമ്മുടെ നിലപാടുകൾ ശരിയാണോ? ആത്മീയ ജീവിതത്തിൽ ഇന്റർനെറ്റ് വെല്ലുവിളിയാണോ? നമുക്കൊന്നു പരിശോധിക്കാം.

1. നിന്റെ ദൈവമായ കർത്താവു ഞാനാകുന്നു ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്
സൈബർ യുഗത്തിൽ ദൈവത്തെക്കാൾ ഉപരിയായി വ്യക്തികൾക്കോ വസ്തുക്കൾക്കോ ഞാൻ കൂടുതൽ സ്ഥാനം നൽകുന്നുണ്ടോ? ഇന്റർനെറ്റിനെ ദൈവസ്ഥാനത്തേക്ക് ഞാൻ ഉയർത്തിയോ? എന്റെ വിശ്വാസ പ്രാർത്ഥനാ ജീവിതത്തെക്കുറിച്ച് ഞാൻ Facebook ലോ Twitter ലോ ബ്ലോഗിലോ എഴുതാറുണ്ടോ? അതിന് എനിക്കു ലജ്ഞയാണോ?

2. ദൈവത്തിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്
എന്റെ വാക്കുകൾ പ്രത്യക്ഷമായോ പരോക്ഷമായോ ദൈവത്തെയോ സഭയോ വിശ്വാസികളെയോ മുറിപ്പെടുത്തുന്നുണ്ടോ? ക്രിസ്തുവിന്റെ മൗതീക ശരീരമായ സഭയ്ക്കു എന്റെ പോസ്റ്റുകളും കമൻറുകളും നിന്ദനം വരുത്തിയിട്ടുണ്ടോ? സഭാ നേതൃത്വത്തെ- മാർപാപ്പ, മെത്രാന്മാർ, വൈദീകർ, സന്യസ്തർ -എന്നിവരെ കളിയാക്കുന്ന മാധ്യമമായി എന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ മാറിയിട്ടുണ്ടോ?

3. കർത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം
ഇന്റർനെറ്റിൽ പരതി നടന്നു ഞായറാഴ്ച കുർബാന ഞാൻ മുടക്കിയിട്ടുണ്ടോ? ദൈവാരാധനയ്ക്കു തടസ്സം വരത്തക്ക രീതിയിൽ സാമൂഹ്യ മാധ്യമങ്ങൾ ഞാൻ ഉപയോഗിച്ചട്ടുണ്ടോ? ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ദൈവിക കാര്യങ്ങൾക്കും കുടുംബത്തിനും കൊടുക്കേണ്ട സമയത്തെക്കാൾ ഇന്റർനെറ്റിനും സാമൂഹ്യ മാധ്യമങ്ങൾക്കുമാണോ ഞാൻ സമയം നൽകുന്നത്? കുടുംബ പ്രാർത്ഥനയ്ക്കും വ്യക്തിപരമായ പ്രാർത്ഥനകൾക്കും ഡിജിറ്റൽ സാങ്കേതിക വിദ്യകൾ തടസ്സം നിൽക്കുന്നുണ്ടോ?

4. മാതാപിതാക്കന്മാരെ ബഹുമാനിക്കണം
സാമൂഹ്യ മാധ്യമങ്ങളുടെ അതിപ്രസരണം മൂലം എന്റെ മാതാപിതാക്കളെ അവർ അർഹിക്കുന്ന രീതിയിൽ വിലമതിക്കാതിരുന്നട്ടുണ്ടോ? എന്റെ മാതാപിതാക്കളുമായി സംവദിക്കാൻ ഞാൻ ഇവ ഉപയോഗിക്കുന്നുണ്ടോ? ഞാൻ അവരെ വിമൾശിക്കാറുണ്ടോ?

5. കൊല്ലരുത്
ഇന്ന് ഏറ്റവും അധികം വ്യക്തിഹത്യകൾ നടക്കുന്നത് സൈബർ മേഖലയിലാണ്. ഞാൻ ആരുടെയെങ്കിലും സൽപ്പേര് നഷ്ടപ്പെടുത്തിയിട്ടുണ്ടോ? മറ്റുള്ളവരുടെ സ്വകാര്യത ഓൺ ലൈനിലൂടെ ഞാൻ നഷ്ടപ്പെടുത്തിയിട്ടുണ്ടോ? അടിസ്ഥാനപരമായ മനുഷ്യ മഹത്വത്തെ ഞാൻ നിലംപരിശാക്കിയിട്ടുണ്ടോ? ഓൺലൈനിൽ അപരൻ തിരിച്ചടി നേരിടുമ്പോൾ എനിക്കു സന്തോഷമാണോ?

6. വ്യഭിചാരം ചെയ്യരുത്
ദൈവം എനിക്കും മറ്റുള്ളവർക്കും നൽകിയ ലൈംഗീക മഹത്വം സൈബർ പ്ലാറ്റ്ഫോമിൽ വികൃതമാക്കിയിട്ടുണ്ടോ? ലൈംഗിക സംതൃപ്തിക്കു വേണ്ടി ഇന്റർനെറ്റ് ഞാൻ ഉപയോഗിക്കുന്നുണ്ടോ?

7. മോഷ്ടിക്കരുത്
ഇന്റർനെറ്റ് ഇന്ന് ഏറ്റവും കൂടുതൽ മോഷണം നടക്കുന്ന ഒരു മേഖലകൂടിയാണ്- ആശയമോഷണം. മറ്റുള്ളവരുടെ ലേഖനങ്ങൾ, കുറിപ്പുകൾ മുതലായവ എന്റെ സ്വന്തം പേരിലാക്കി പബ്ലിഷ് ചെയ്‌തു, അതിന്റെ ക്രെഡിറ്റു മുഴുവനും ഞാൻ സ്വന്തമാക്കിയിട്ടുണ്ടോ?

8. കള്ളസാക്ഷി പറയരുത്
മറ്റുള്ളവർക്കെതിരെ കള്ള സാക്ഷ്യം നൽകാൻ ഏറ്റവും എളുപ്പത്തിൽ സാധിക്കുന്ന മേഖലയാണ് ഇന്റർനെറ്റ്. മറ്റുള്ളവരെക്കുറിച്ചു ഗോസിപ്പുകൾ നുണകൾ എന്നിവ ഞാൻ പരത്തിയിട്ടുണ്ടോ? തെറ്റുധാരണകളെ ധാരണകളായി ഞാൻ അവതരിപ്പിച്ചട്ടുണ്ടോ?

9. അന്യന്റെ ഭാര്യയെ മോഹിക്കരുത്
മറ്റുള്ളവരുടെ ജീവിത പങ്കാളികളെ മോശമായി ഓൺലൈനിൽ ഞാൻ ചിത്രീകരിച്ചട്ടുണ്ടോ? ജീവിത പങ്കാളിക്കും കുടുംബത്തിനും നൽകുന്ന സമയത്തെക്കാൾ ഓൺലൈനിൽ മറ്റാർക്കെങ്കിലും വേണ്ടി ഞാൻ സമയം ചിലവഴിക്കാറുണ്ടോ?

10. അന്യന്റെ വസ്തുക്കൾ മോഹിക്കരുത്
എനിക്കുള്ളതുകൊണ്ട് ഞാൻ സംതൃപ്തനാണോ? ഓൺലൈൻ എന്റെ സ്വസ്ഥത നശിപ്പിക്കുന്നുണ്ടോ?  ഓൺ ലൈൻ ഷോപ്പിങ്ങ് സൈറ്റുകൾ എന്റെ അത്യാർത്തിക്കു കാരണമാകുന്നുണ്ടോ?

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.