ദരിദ്രരുടെ ദീർഘകാല ശബ്ദമായ ക്യൂബൻ കർദ്ദിനാൾ ഒർട്ടേഗ അന്തരിച്ചു 

യുഎസ് ഉപരോധം അവസാനിപ്പിച്ച് ക്യൂബയിലെ സഭയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിൽ നിര്‍ണ്ണായകപങ്ക് വഹിച്ച മുന്‍ ഹവാന ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ജെയ്മി ലുകാസ് ഒര്‍ട്ടേഗ അലാമിനോ അന്തരിച്ചു. 82 വയസായിരുന്നു.

ദേശീയവും അന്തർദേശീയവുമായ വിഷയങ്ങളിൽ ക്യൂബൻ കത്തോലിക്കരുടെ വക്താവെന്ന നിലയിൽ 35 വർഷത്തോളം ഹവാന അതിരൂപതയുടെ തലവനായി ഇദ്ദേഹം സേവനമനുഷ്ഠിച്ചു. ദ്വീപിലെ സജീവ കത്തോലിക്കരെ പിന്തുണയ്ക്കുന്നതിനും അയൽക്കാർക്ക് മിഷനറിമാരായി മാറുന്നതിനും അദ്ദേഹം നിരന്തരം ക്രൈസ്തവരെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. സഭയെയും ഭരണകൂടത്തെയും അടുപ്പിക്കാന്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ അതിരില്ലാത്തതായിരുന്നു. അമേരിക്കയും വത്തിക്കാനും തമ്മിലുള്ള ക്യൂബന്‍ ഭരണകൂടത്തിന്റെ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ കർദ്ദിനാൾ ഒർട്ടേഗയുടെ പങ്ക് നിർണ്ണായകമായിരുന്നു.

1966-67 കാലഘട്ടത്തിൽ അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റ്-സർക്കാർ ലേബർ ക്യാമ്പിൽ എട്ടുമാസം ചെലവഴിച്ചു. അവിടെ നിന്ന് മോചിതനായ ഫാ. ഒര്‍ട്ടേഗ, ഒരേ സമയം നിരവധി ഇടവകകളുടെ ചുമതല വഹിക്കുകയും സഭയുമായി ജനങ്ങളെ അടുപ്പിക്കുന്നതിന് ശ്രമിക്കുകയും ചെയ്തു. ഹവാനയിലെ സെമിനാരിയില്‍ ദൈവശാസ്ത്രം പഠിപ്പിക്കാനും ഇതിനിടയില്‍ അദ്ദേഹം സമയം കണ്ടെത്തി.1981-ല്‍ ഹവാന അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പായി അദ്ദേഹം ഉയർത്തപ്പെട്ടു.

വൈദികവൃത്തിയിലേയ്ക്ക് ഉയർത്തപ്പെട്ട നിമിഷം മുതൽ പാവങ്ങളുടെ ശബ്ദമാകുവാൻ അദ്ദേഹം ശ്രമിച്ചിരുന്നു. അതിനാൽത്തന്നെ ജാതി-മത വ്യത്യാസമില്ലാതെ എല്ലാവർക്കും പ്രിയങ്കരനായിരുന്നു അദ്ദേഹം. മൃതസംസ്കാരം നാളെ പ്രാദേശിക സമയം മൂന്നു മണിക്ക് നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.