2,604 തടവുകാര്‍ക്ക് മോചനം നല്‍കി ക്യൂബ! നടപടിയെ സ്വാഗതം ചെയ്ത് സഭാനേതൃത്വം

രാജ്യത്ത് വിവിധ ജയിലുകളിലായി കഴിയുന്നവരില്‍ രണ്ടായിരത്തി അറുനൂറോളം തടവുപുള്ളികള്‍ക്ക് മാപ്പ് നല്‍കാന്‍ തീരുമാനമെടുത്ത സര്‍ക്കാര്‍ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി അറിയിച്ച് ക്യൂബയിലെ സഭാനേതൃത്വം. തടവുപുള്ളികളുടെ കുടുംബങ്ങളുടെ സന്തോഷത്തോടൊപ്പം മെത്രാന്മാരും, വൈദികരും, ഡീക്കന്മാരും, സന്യസ്തരും, അത്മായരും, തടവുപുള്ളികളുടെ ഇടയില്‍ അജപാലനശുശ്രൂഷ നിര്‍വ്വഹിക്കുന്ന തങ്ങളും പങ്കുചേരുന്നതായി ക്യൂബയിലെ മെത്രാന്‍സമിതിയുടെ കമ്മീഷന്‍ ഏജന്‍സി, ഫിഡെസ് എന്ന മാധ്യമത്തിന് നല്‍കിയ കുറിപ്പില്‍ പറഞ്ഞു.

കമ്മീഷന്‍ അധ്യക്ഷന്‍ മോണ്‍. ജോര്‍ജ്ജ് എന്‍ട്രികോ സെര്‍പ്പാ പെരസാണ് പ്രസ്തുത കുറിപ്പില്‍ ഒപ്പ് വെച്ചിരിക്കുന്നത്. ശിക്ഷായിളവ് നല്‍കുന്നത് കരുണയുടെ മാനുഷിക പ്രതീകമാണെന്ന് കമ്മീഷന്റെ കുറിപ്പില്‍ പറയുന്നു. ‘ഞാന്‍ തടവിലായിരുന്നു നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു’ എന്നുള്ള ക്രിസ്തുവചനത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജയില്‍, അജപാലനശുശ്രൂഷയിലേയ്ക്ക് സമൂഹത്തിന്റെ ശ്രദ്ധ തിരിക്കാന്‍ പറ്റിയ സന്ദര്‍ഭമാണ് ഇതെന്നും കുറിപ്പില്‍ പറയുന്നു.

അതേസമയം, കോടതി നല്‍കിയ തടവ് ശിക്ഷയില്‍ മൂന്നിലൊരു ഭാഗമെങ്കിലും അനുഭവിച്ചുതീര്‍ത്തവരാണ് ഇവരെല്ലാവരും. തടവുകാരുടെ പെരുമാറ്റം, അനുഭവിച്ച ശിക്ഷ, കുറ്റത്തിന്റെ ഗൗരവം, ആരോഗ്യം എന്നിവയെല്ലാം പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. സ്ത്രീകളും കുട്ടികളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.