കുമ്പസാര രഹസ്യത്തിന്റെ സൂക്ഷിപ്പുകാരനായ വിശുദ്ധൻ

ഇന്നു മെയ് 16 കുമ്പസാര രഹസ്യത്തിന്റെ സൂക്ഷിപ്പുകാരനായ വി. ജോൺ  നെപോമുക്കിന്റെ തിരുനാൾ ദിനം. ഒരു ചെറിയ കുറിപ്പ്.

ചെക്ക് റിപ്പബ്ലിക്കിന്റെ സ്വർഗീയ മധ്യസ്ഥനായ നെപോമുക്കിലെ വി. ജോൺ ഇന്നു നെപോമുക്ക് എന്നറിയപ്പെടുന്ന പോമുക്ക് എന്ന ചെറിയ പട്ടണത്തിൽ 1345 ൽ ജനിച്ചു. പ്രാഗിലെ ചാൾസ് സർവകലാശാലയിലും പിന്നീട് പാദുവ സർവകലാശാലയിലും നിയമ പഠനം നടത്തി. 1373-ൽ പബ്ലിക് നോട്ടറി ആയി. ഉന്നത പഠനം തുടർന്ന ജോൺ 1387-ൽ കാനോൻ നിയമത്തിന്റെ ഡോക്ടറൽ ബിരുദം കരസ്ഥമാക്കി. 1393-ൽ പ്രാഗിലെ അതിരൂപതാ മെത്രാൻ ജെനെറ്റെജിലെ ജാൻ ജോണിനെ വികാരി ജനറലായി നിയമിച്ചു.

ബൊഹേമിയൻ രാജാവായിരുന്ന വെൻ‌സെലാസ് നാലാമൻ അവിഞ്ഞോൺ വിപ്രവാസ കാലത്തു അവിത്തോണിലെ മാർപാപ്പയെ പിന്തുണച്ചപ്പോൾ പ്രാഗിലെ ആർച്ച് ബിഷപ്പ് റോം മാർപാപ്പയോട് വിശ്വസ്തനായിരുന്നു. ക്ലാഡ്രൂബിയിലെ ആബിക്ക് ഒരു പുതിയ മഠാധിപതിയെ നിയമിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ആബിയെ ഒരു കത്തീഡ്രലാക്കി മാറ്റണമെന്ന് രാജാവ് ആഗ്രഹിച്ചിരുന്നു , നിലവിലെ ആബട്ടയായ റാരെക്കിന്റെ മരണശേഷം പുതിയ മഠാധിപതിയെ നാമനിർദേശം ചെയ്യരുതെന്ന് രാജാവ് ഉത്തരവിട്ടിരുന്നു. 1393-ൽ റാരെക് മരിച്ചപ്പോൾ, ആബിയിലെ സന്യാസിമാർ ഉടൻ തന്നെ ഒഡെലനസ് എന്ന സന്യാസിയെ തങ്ങളുടെ ആബട്ടായി തിരഞ്ഞെടുത്തു.

വികാരി ജനറലായ ജോൺ, രാജാവിന്റെ ഇംഗിതത്തിനു വഴങ്ങാതെ ഈ തിരഞ്ഞെടുപ്പ് ഉടനടി നിയമസാധുത നൽകി. ഇതറിഞ്ഞ വെൻസലാസ് കോപാകുലനായി, വികാരി ജനറൽ, കത്തീഡ്രൽ ഉദ്യോഗസ്ഥൻ, മെയ്‌സനിലെ പ്രൊവോസ്റ്റ് വെൻസസ്ലാസ്, ആർച്ച് ബിഷപ്പിന്റെ കാര്യസ്ഥൻ, കത്തീഡ്രലിന്റെ ഡീൻ എന്നിവരെ ജയിലിലടച്ചു. രാജാവിന്റെ ആഗ്രഹത്തിനു വഴങ്ങാൻ നിർബദ്ധിച്ചെങ്കിലും ജോൺ വഴങ്ങിയില്ല. സമ്മതിപ്പിക്കാനായി പല രീതിയിലുള്ള പീഡനമുറകൾ തുടർന്നു. പ്രത്യേകതരം ടോർച്ചുകൾ ഉപയോഗിച്ച് വശങ്ങൾ കത്തിക്കുന്നതുൾപ്പെടെ നിരവധി പീഡനങ്ങളൾ അദ്ദേഹത്തെ നേരിടേണ്ടിവന്നു, പക്ഷേ അതൊന്നു ജോണിനെ തന്റെ ഉറച്ച നിലപാടിൽ നിന്നു പിൻതിരിപ്പിച്ചില്ല.

പതിനഞ്ചാം നൂറ്റാണ്ടിലെ ചില ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ ബൊഹേമിയായിലെ സോഫിയാ രാജ്ഞിയുടെ കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ വിസമ്മതിച്ചതിനാലാണ് ജോൺ പീഡനത്തിനും മരണത്തിനും ഇടയായത് എന്നാണ്. സോഫി രാജ്ഞിയുടെ ആത്മീയ നിയന്താവായിരുന്ന ജോണിനെ വെൻ‌സെലസ് നാലാമൻ രാജാവ് സോഫിയുടെ കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ നിർബന്ധിച്ചു, വഴങ്ങാത്തതിനാൽ രാജാവ് ജോണി നെ ഒരു തടയിൽ ചങ്ങലയിൽ ബന്ധിച്ചു പ്രാഗിലെ വൾട്ടാവ നദിയിലേക്ക് വലിച്ചെറിഞ്ഞു. 1393 മാർച്ച് 20 നാണ് ഈ ക്രൂര കൃത്യം നടന്നത്.

ജോൺ മുങ്ങിമരിച്ച സ്ഥലത്തിന് മുകളിൽ ആകാശത്ത് അഞ്ച് നക്ഷത്രങ്ങൾ പ്രത്യക്ഷപ്പെടുകയും അവ വെള്ളത്തിന് തെളിച്ചം സമ്മാനിച്ചു. തന്മൂലം അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്താൻ ഭക്തർക്കു വേഗം സാധിച്ചു . വൾട്ടവ നദിയിൽ നിന്ന് എടുത്ത മൃതദേഹം പിന്നീട് പ്രാഗിലെ വിശുദ്ധ വീത്തുസിൻ്റെ കത്തീഡ്രലിൽ സംസ്കരിച്ചു. 1719-ൽ അദ്ദേഹത്തിന്റെ ശവകുടീരം തുറന്നപ്പോൾ, അദ്ദേഹത്തിന്റെ നാവ് ചുക്കിച്ചുളുങ്ങിയിരുന്നെങ്കിലും കേടുപറ്റാതെ കണ്ടെത്തി. 1715-1720 വർഷങ്ങളിൽ നാമകരണത്തിനുള്ള തെളിവുകൾ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തു. 1721-ൽ ജോണിന വാഴ്ത്തപ്പെട്ടവനായും 1729-ൽ വിശുദ്ധനായും പ്രഖ്യാപിച്ചു. ബോഹെമിയയുടെ (ചെക്ക് റിപ്പബ്ലിക്) രക്ഷാധികാരിയാണ് ജോൺ നെപോമുക്, കുമ്പസാരക്കാരുടെയും പാലങ്ങളുടെയും രക്ഷാധികാരികൂടിയാണ് വിശുദ്ധൻ. നെപ്പോമുക്കിലെ വിശുദ്ധ ജോണിനോടുള്ള ബഹുമാനാർത്ഥം 1683-ൽ ചാൾസ് പാലത്തിൽ അദ്ദേഹത്തിൻ്റെ പ്രതിമ സ്ഥാപിച്ചു.

ശിരസ്സിനു ചുറ്റും അഞ്ച് സ്വർണ്ണ നക്ഷത്രവുമായി നിൽക്കുന്ന ഈ ശില്പ്പത്തിൻ്റെ അടിഭാഗത്തുള്ള രണ്ടു ഫലകങ്ങളിൽ ഒന്നിൽ ജോണിനെ നദിയിലേക്കു എറിയുന്നതു ചിത്രീകരിച്ചിരിക്കുന്നു. ഈ ഫലകത്തിൽ സ്പർശിക്കുന്നത് ഭാഗ്യം കൈവരിക്കുകയും പ്രാഗിലേക്കുള്ള തിരിച്ചുവരവ് ഉറപ്പാക്കുകയും ചെയ്യും എന്നാണ് വിനോദ സഞ്ചാരികളുടെ വിശ്വാസം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.