ഈശോയുടെ മുൾക്കിരീടം നോട്രഡാമിൽ; പൊതുദർശനം ഓൺലൈനിൽ

ഈശോയുടെ മുൾക്കിരീടം വീണ്ടും നോട്രഡാം കത്തീഡ്രലിൽ എത്തിച്ചു. ദുഃഖവെള്ളിയാഴ്ച പതിവുള്ള പൊതുദർശനത്തിന്റെ ഭാഗമായാണ് മുൾക്കിരീടം കത്തീഡ്രലിലെത്തിച്ചത്. എന്നാൽ, ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ പൊതുദർശനം റദ്ദാക്കിയതിനാൽ, ചാനലുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും നടത്തുന്ന സംപ്രേഷണം വഴിയാണ് മുൾക്കിരീടത്തിന്റെ പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്.

ദുഃഖവെള്ളിയാഴ്ച ദിവസം രാവിലെ 11.30 മുതൽ 12.30 വരെ ആർച്ചുബിഷപ്പ് മൈക്കിളിന്റെ നേതൃത്വത്തിൽ നടക്കുന്ന ആരാധനമധ്യേയാണ് ഈ തിരുശേഷിപ്പ് എഴുന്നള്ളിച്ചുവയ്ക്കുക. ഒരു മണിക്കൂർ  ആരാധനയുടെ തത്സമയ സംപ്രേഷണവും സമൂഹമാധ്യമങ്ങളിലൂടെ ലഭ്യമാക്കും. തിരുശേഷിപ്പുമായി പാരീസിന്റെ തെരുവുകളിലൂടെ പ്രദക്ഷിണം നടത്തി നഗരത്തെ ആശീർവദിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കൊറോണ ബാധയെ തുടർന്ന് അതിൽ മാറ്റം വരുത്തുകയായിരുന്നു.

ഒരു വർഷം മുമ്പ് നോട്രഡാം കത്തീഡ്രലിൽ അഗ്‌നിബാധ ഉണ്ടായതിനെ തുടർന്ന് തിരുശേഷിപ്പ് പാരീസിലെ സെന്റ് ജെർമെയ്ൻ ദൈവാലയത്തിലേയ്ക്കു മാറ്റിയിരുന്നു. പക്ഷേ, മുൾക്കിരീടത്തിന്റെ വണക്കത്തിനുള്ള അവസരം ഒരുക്കണമെന്ന സഭാനേതൃത്വത്തിന്റെ തീരുമാനമാണ് ദുഃഖവെള്ളിയാഴ്ചത്തെ പൊതുദർശനത്തിന് വഴി തെളിച്ചത്.